കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 100 കോടി രൂപ കൂടി

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്പ്)ക്ക് 100 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഏപ്രില്‍ ആദ്യം 150 കോടി രൂപ നല്‍കിയിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 2795 കോടി രൂപയാണ് പദ്ധതിക്കായി നല്‍കിയത്. ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ വിഹിതം വര്‍ഷം 151 കോടി രൂപ മാത്രമാണ്.

കുടുംബത്തിന് പ്രതിവര്‍ഷം അഞ്ചുലക്ഷം രൂപവരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതിയില്‍ ദരിദ്രരും ദുര്‍ബലരുമായ 41.99 ലക്ഷം കുടുംബങ്ങള്‍ ഗുണഭോക്താക്കളാണ്. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി വഴി നടപ്പാക്കിയ പദ്ധതിയില്‍, 1050 രുപ ഒരു കുടുംബത്തിന്റെ വാര്‍ഷിക പ്രീമിയമായി നിശ്ചയിച്ചിട്ടുള്ളത്. ഇതില്‍ 631 രൂപ 20 പൈസ വീതം 23.97 ലക്ഷം കുടുംബങ്ങള്‍ക്ക് മാത്രമാണ് പ്രീമിയത്തില്‍ കേന്ദ്ര സഹായമുള്ളത്. ഈ കുടുംബങ്ങള്‍ക്ക് ബാക്കി തുക സംസ്ഥാനം നല്‍കുന്നു. പുറമെയുള്ള 18.02 ലക്ഷം പേരുടെ പ്രീമിയത്തിന്റെ മുഴുവന്‍ തുകയും സംസ്ഥാനമാണ് വഹിക്കുന്നത്.

ALSO READ:‘ഇന്‍ക്വിലാബ് സിന്ദാബാദ്, ജയ് കിസാന്‍’ മുദ്രാവാക്യം വിളിച്ച് അമ്ര റാം സത്യപ്രതിജ്ഞ ചെയ്തു

കുടുംബാംഗങ്ങളുടെ എണ്ണമോ പ്രായപരിധിയോ നോക്കാതെയാണ് പദ്ധതിയില്‍ അംഗത്വം നല്‍കുന്നത്. ഒരു കുടുംബത്തിലെ മുഴുവന്‍ വ്യക്തികള്‍ക്കോ അല്ലെങ്കില്‍ ഒരു വ്യക്തിക്കു മാത്രമായോ പദ്ധതിയിലൂടെ സഹായം ലഭിക്കും. ഇതിന് മുന്‍ഗണനാ മാനദണ്ഡങ്ങള്‍ ഒന്നുമില്ല. അംഗത്വം നേടുന്നതിന് ഒരുവിധ ഫീസും ഈടാക്കുന്നില്ല. സേവനം പൂര്‍ണമായും സൗജന്യമാണ്. 197 സര്‍ക്കാര്‍ ആശുപത്രികളും, നാല് കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികളിലും, 364 സ്വകാര്യ ആശുപത്രികളിലുമായി കേരളത്തിലുടനീളം നിലവില്‍ പദ്ധതിയുടെ സേവനം ലഭ്യമാണ്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രി എന്ന പരിഗണനയില്ലാതെ തെരെഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാപനങ്ങളില്‍നിന്നും പണം ഈടാക്കാതെ ചികിത്സ ലഭിക്കും. മരുന്നുകള്‍, അനുബന്ധ വസ്തുക്കള്‍, പരിശോധനകള്‍, ഡോക്ടറുടെ ഫീസ്, ഓപ്പറേഷന്‍ തീയറ്റര്‍ ചാര്‍ജുകള്‍, ഐസിയു ചാര്‍ജ്, ഇംപ്ലാന്റ് ചാര്‍ജുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും.

25 സ്‌പെഷ്യാലിറ്റികളിലായി 1667 പാക്കേജുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ സര്‍ക്കാര്‍ വിഭാനം ചെയ്ത 89 പാക്കേജുകളില്‍നിന്നും സൗജന്യ ചികിത്സ ലഭ്യമാണ്. പാക്കേജുകളില്‍ ഉള്‍പ്പെടുത്താത്ത ചികിത്സകള്‍ക്കായി അണ്‍സ്‌പെസിഫൈഡ് പാക്കേജുകള്‍ ഉപയോഗിക്കാം.
ചികിത്സക്ക് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നതിനു മൂന്ന് ദിവസം മുമ്പുമുതലുള്ള ചികിത്സ സംബന്ധമായ ചെലവും ആശുപത്രിവാസത്തിനുശേഷമുള്ള 15 ദിവസത്തെ ചികിത്സക്കുള്ള മരുന്നുകളും (ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം) പദ്ധതിയിലൂടെ നല്‍കുന്നു.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഗുണഭോക്താക്കള്‍ അല്ലാത്തതും 3 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ഒറ്റത്തവണത്തേക്ക് രണ്ടു ലക്ഷം രൂപയുടെ സൗജന്യ ചികിത്സ കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീമുമുണ്ട്. കിഡ്നി സംബന്ധമായ അസുഖങ്ങള്‍ക്ക് 3 ലക്ഷം രൂപ വരെ സൗജന്യ ചികിത്സയും ലഭ്യമാകും. കാസ്പ് ചികിത്സ ലഭ്യമാകുന്ന എല്ലാ ആശുപത്രിയിലും കെബിഎഫ് ആനുകൂല്യവും ലഭ്യമാകും. പദ്ധതിയില്‍ 39,854 കുടുംബങ്ങളുടെ 2,76,589 ബില്ലുകളിലായി 226.79 കോടി രൂപയാണ് വിതരണം ചെയ്തത്.

ALSO READ:ലോക്‌സഭയില്‍ ‘ജയ് ശ്രീറാം’ വിളിച്ച് ബിജെപി എംപിമാര്‍; സംഭവം ഒവൈസിയുടെ സത്യപ്രതിജ്ഞയ്ക്കിടെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News