“നിലത്തുവീണ മഹാത്മജി ഉരുവിട്ടു ” ഹേ റാം …. റാം’ നിറയൊഴിച്ച ഘാതകനും മന്ത്രിച്ചു: ജയ് ശ്രീറാം” “ജനുവരി 30” എന്ന തലക്കെട്ടില്‍ കവി അഹമ്മദ് ഖാന്‍ എഴുതിയ മുകളിലത്തെ കവിത , “101 മതാതീത കവിതകള്‍ ” എന്ന കാവ്യ സമാഹാരത്തിലെ ഒന്ന് മാത്രം. പക്ഷെ ഈ കവിതയില്‍ മതാതീത കവിതയുടെ യുക്തിയും ഭംഗിയും കാലിക പ്രസക്തിയും എല്ലാം അടങ്ങിയിട്ടുണ്ട്. നൂറ്റൊന്ന് കവിതകളും കൊച്ചുകവിതകളാണ്. മൂര്‍ച്ചയുളള , തിളക്കമാര്‍ന്ന കവിതകള്‍. നന്മയുടെ ലോകം സ്വപ്നം കാണുന്നവരെ ഓരോ വരികളും ത്രസിപ്പിക്കും.ഒപ്പം അവ വര്‍ഗ്ഗീയ വാദിയെ പ്രകോപിപ്പിക്കും.കാരണം സങ്കീര്‍ണ്ണമെന്ന് തോന്നിയേക്കാവുന്ന രാഷ്രീയ പ്രശ്നങ്ങളെ ലളിതവും ഹാസ്യാത്മകവുമായാണ് കവി അവതരിപ്പിച്ചിരിക്കുന്നത്. സംഘപരിവാറിന്‍റെ ബീഫ് രാഷ്രീയം എന്തെന്ന് മനസ്സിലാക്കാന്‍ ഈ ഏഴ് വരികള്‍ തന്നെ ധാരാളം ” മുന്നില്‍ വിളമ്പിയ മട്ടനും ബറോട്ടയും കണ്ട് നെറ്റി ചുളിച്ചപ്പോള്‍ ജാഥാ ക്യാപ്റ്റന്‍ പറഞ്ഞു: ” കഴിച്ചോളൂ ; നമ്മുടെ സമരം ബീഫിനെതിരെയാണ്” ചെവിയില്‍ ഒരു മുട്ടനാടിന്‍റെ നിലവിളി! സമകാലിക ഇന്ത്യന്‍ രാഷ്രീയ സാമൂഹ്യാവസ്ഥ തന്നെയാണ് ഇത്തരമൊരു ദൗത്യത്തിന് അഹമ്മദ് ഖാനെ പ്രേരിപ്പിച്ചത്. യാഥാസ്ഥിതികരാല്‍ വേട്ടയാടപ്പെട്ട സത്യാന്വേഷകര്‍ക്കും ജാതിമത വര്‍ണ്ണ വര്‍ഗ്ഗ ഭേദങ്ങളാല്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുമാണ് കവി നൂറ്റൊന്ന് മതാതീത കവിതകള്‍ സമര്‍പ്പിച്ചിരിക്കുന്നത്.
എന്താണ് മതേതരത്വം? വര്‍ഗ്ഗീയവാദികള്‍ വരെ പറയുന്നത് അവരാണ് യഥാര്‍ത്ഥ മതേതരവാദികള്‍ എന്നാണ്. മതേതതരത്വത്തിന്‍റെ ആദ്യപാഠം കവി കുറിക്കുന്നതിങ്ങനെ ” സ്കൂള്‍ തുറന്ന ദിവസം മഴ നനഞ്ഞെത്തിയ ഒന്നാം ക്ളാസുകാരായ ആദിത്യനും ആന്‍ഡ്രൂസിനും അഷറഫിനും പിറ്റേന്ന് ജലദോഷം അന്നവര്‍ പഠിച്ചു മതേതരത്വത്തിന്‍റെ ആദ്യ പാഠം” ( ആദ്യ പാഠം) ആക്ഷേപ ഹാസ്യത്തിന്‍റെ സാധ്യതകളെ സമര്‍ത്ഥമായി വിനിയോഗിച്ച് നവോത്ഥാന ആശയങ്ങളെ എളുപ്പത്തില്‍ അനുവാചകരില്‍ എത്തിക്കുന്നതില്‍ ഏറ്റവും സമര്‍ത്ഥന്‍ കുഞ്ചന്‍ നമ്പ്യാര്‍ ആയിരുന്നു. ജ്യോതിഷത്തെക്കുറിച്ചുളള കുഞ്ചന്‍ നമ്പ്യാരുടെ തുളളല്‍പാട്ടിങ്ങനെ ” ജ്യോതിഷക്കാരാനായിച്ചെന്നു ധനികന്‍റെ ജാതകമെല്ലാം വരുത്തി വിചാരിച്ചു കൈതവം നന്നായ് പറഞ്ഞു ഫലിപ്പിച്ചു കൈമടക്കം കൊണ്ട് പോകുന്നിതു ചിലര്‍” പതിറ്റാണ്ടുകള്‍ക്കിപ്പുറം ജ്യോതിഷന്‍റെ അശാസ്ത്രീയത അഹമ്മദ് ഖാന്‍ വിവരിക്കുന്നതിങ്ങനെ “പുന:പ്രതിഷ്ഠാ വാര്‍ഷികത്തില്‍ പങ്കെടുത്ത് സമീപത്തെ ജ്യോത്സ്യനെക്കണ്ട് ഏലസ്സും കെട്ടി മടങ്ങുമ്പോഴാണ് സ്കൂട്ടര്‍ ഓടയിലേയ്ക്ക് ചരിഞ്ഞത് കൈത്തണ്ടയിലെ മുറിവില്‍ മരുന്ന് വെയ്ക്കാന്‍ ഡോക്ടര്‍ ആദ്യം അഴിച്ചുമാറ്റിയത് ഏലസ്സായിരുന്നു.” എല്ലാ മതങ്ങളിലേയും അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും അശാസ്ത്രീയതകളേയും കവി ഒരു പോലെ വിമര്‍ശിക്കുന്നുണ്ട്. ഒപ്പം ശാസ്ത്രവും യുക്തിബോധവുമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമെന്ന് കവി ലളിതമായ ഭാഷയില്‍ വിശദീകരിക്കുന്നു.ഇന്ന് അധികാര സ്ഥാനങ്ങളിലേയ്ക്കുളള കുറുക്കുവഴിയാണ് അന്ധവിശ്വാസങ്ങളുടെ കോട്ടകൊത്തളങ്ങള്‍. പക്ഷെ അഹമ്മദ് ഖാന്‍റെ ഈ നാല് വരികള്‍ അത്തരം കോട്ടകളെ തച്ച് തകര്‍ക്കുന്നു. “ദേവാലയദര്‍ശനം മുടങ്ങുന്ന ആര്‍ത്തവാശുദ്ധിയെ ഗുളിക നല്‍കി നീട്ടിവെയ്ക്കുന്നു നവീന ശാസ്ത്രം.”
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here