ആ 108 കോടി പോയത് ആർക്കൊക്കെ ? അന്വേഷണം നടത്താൻ ഡി.ജി.പിയുടെ ഉത്തരവ്

പ്രവാസി വ്യവസായിയിൽ നിന്നും 108 കോടി മരുമകൻ തട്ടിയെടുത്ത കേസിൽ വമ്പൻ ട്വിസ്റ്റ്. തട്ടിയെടുത്ത പണം ഏതൊക്കെ അക്കൗണ്ടിലാണ് പോയതെന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി വ്യവസായി ലാഹിർ ഹസ്സന്റെ മകൾ ഡി.ജി.പിക്ക് നൽകിയ പരാതിയിൽ എറണാകുളം റെയ്ഞ്ച് ഡി.ഐ.ജി അന്വേഷണം നടത്തും.

കാസർഗോഡ് ചേർക്കള സ്വദേശി ഹാഫിസ് കുതിരോളിക്കെതിരെ ഭാര്യ ഹാജിറ നൽകിയ പരാതിയിലാണ് തീരുമാനം. ഹാഫിസിന്റെ ക്രിമിനൽ സ്വഭാവവും തട്ടിപ്പു സംഭവങ്ങളും മനസ്സിലാക്കിയതോടെ ഇപ്പോൾ വിവാഹ മോചനത്തിന് നടപടി സ്വീകരിച്ച് മുന്നോട്ട് പോവുകയാണെന്നും അവർ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഹാഫിസ് തന്റെ പിതാവിൽ നിന്നും മാത്രമല്ല, മറ്റു പലരുടെയും അടുത്ത് നിന്നും പണം തട്ടിപ്പ് നടത്തിയതായാണ് അറിവെന്നും, അങ്ങനെയാണെങ്കിൽ 108നും പുറമെ പിന്നെയും കോടികൾ തട്ടിയെടുത്തിട്ടുണ്ടാകുമെന്നുമാണ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ഈ പണമെല്ലാം എന്തിനു വേണ്ടിയാണ് ഹാഫിസ് ഉപയോഗിച്ചതെന്നത് പ്രത്യേകമായി തന്നെ അന്വേഷിക്കണമെന്നതായിരുന്നു ഹാജിറ ആവശ്യപ്പെട്ടിരുന്നത്. അതിന് അവർ പരാതിയിൽ പറയുന്ന കാരണവും ഗൗരവകരമാണ്. ഏതെങ്കിലും തരത്തിലുള്ള ദേശവിരുദ്ധ പ്രവർത്തികളും നിയമവിരുദ്ധ പ്രവർത്തികളും നടത്തുന്നവരുടെ കൈവശത്തേക്കും ഹാഫിസിന്റെ അക്കൗണ്ടിൽ നിന്നും പണം പോയിട്ടുണ്ടോ എന്ന സംശയമാണ് ഹാജിറ പ്രകടിപ്പിച്ചിരിക്കുന്നത്. ഗൗരവമുള്ള വിഷയമായതിനാൽ പൊലീസ് ഇക്കാര്യവും ഉടൻ പരിശോധിക്കണമെന്നതാണ് ആവശ്യം.

ഇതിനായി ഹാഫിസ് മുഹമ്മദിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും, ഫോൺ നമ്പറുകളും, വാട്സാപ്പ്, ടെലഗ്രാം, ഇമെയിൽ തുടങ്ങിയ അക്കൗണ്ടുകളുടെ ചാറ്റ് ഹിസ്റ്ററിയും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേവലം 24 വയസ്സു മാത്രം പ്രായമുള്ളപ്പോൾ മുതൽ തുടങ്ങിയതാണ് ഇത്രയും വലിയ കോടികളുടെ ഇടപാട്. ഇത്തരക്കാരുമായി എന്തു തരത്തിലുള്ള ബന്ധമാണ് ഹാഫിസിന് ഉള്ളതെന്നു കണ്ടെത്തണമെന്നും, അത്തരക്കാരുടെ ജീവിതപശ്ചാത്തലം കൂടി പരിശോധിച്ചാൽ യാഥാർത്ഥ്യം വ്യക്തമാകുമെന്നുമാണ് ഹാജിറ പറയുന്നത്. പുതിയ സാഹചര്യത്തിൽ ഈ പരാതിയുടെ ഗൗരവം കൂടി മനസ്സിലാക്കിയാണ് അന്വേഷണത്തിന് ഡി.ജി.പി. ഉത്തരവിട്ടിരിക്കുന്നത്.

എറണാകുളം മരടിലെയും ബാംഗ്ലൂരിലെയും വിവിധ കെട്ടിടങ്ങളുടെ കച്ചവടത്തിന്റെ കാരണം പറഞ്ഞ് വ്യാജ രേഖകളും മറ്റും നൽകി വിശ്വസിപ്പിച്ച്, മുൻ ഐ.പി.എസ് ഓഫീസറുടെ മകൻ കൂടിയായ ലാഹിർ ഹസ്സന്റെ എൻ.ആർ.ഐ അക്കൗണ്ടിൽ നിന്നും 108 കോടിയോളം രൂപ മരുമകൻ തട്ടിയെടുത്ത സംഭവം മുൻപ് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. ഈ കേസിൽ നിലവിൽ ഹാഫിസിനു പുറമെ അദ്ദേഹത്തിന്റെ സുഹൃത്തായ എറണാകുളം സ്വദേശി അക്ഷയ് അടക്കമുള്ളവരും പ്രതിയാണ്. അക്ഷയ് ആണ് വ്യാജ രേഖകൾ പലതും ഹാഫിസിന് നിർമ്മിച്ചു കൊടുത്തത് എന്ന മൊഴിയുടെ അടിസ്ഥാനത്തിൽ അക്ഷയുടെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം റെയ്ഡ് നടത്തി ലാപ്ടോപ് ഉൾപ്പെടെ പിടിച്ചെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News