പഞ്ചാബ് ഹരിയാന അതിർത്തിയായ ഖനൗരിയിൽ നിരാഹാരം തുടരുന്ന ജഗജിത് സിംഗ് ദല്ലേവാളിനൊപ്പം 111 കർഷകർ കൂടി അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്. താങ്ങുവിലയടക്കം കർഷകരുടെ ന്യായമായ ആവശ്യങ്ങളിൽ കേന്ദ്രസർക്കാരിന്റെ നിഷേധാത്മക നിലപാട് തുടരുന്നതിനിടെയാണ് കൂടുതൽ കർഷകർ നിരാഹാര സമരത്തിൽ അണിചേരുന്നത്.
ഖനൗരിയിലെ ദല്ലേവാളിന്റെ നിരാഹാര സമരം 5o ദിവസം പിന്നിട്ടു. ദല്ലേവാളിന് ഐക്യദാർഢ്യം അറിയിച്ചാണ് 111 ഓളം കർഷകർ ഖനൗരിയിൽ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചത്. മിനിമം താങ്ങുവില ഉൾപ്പെടെയുള്ള കർഷകരുടെ ആവശ്യങ്ങളോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച കർഷർ കറുത്ത വസ്ത്രമണിഞ്ഞാണ് സമരത്തിന്റെ ഭാഗമായത്.
Also Read: കാബ് ഡ്രൈവറുടെ ദേഹത്ത് തുപ്പിയും ചീത്ത പറഞ്ഞും യാത്രക്കാരി; കാരണം ഏഴ് മിനുട്ട് വൈകിയതിന്
നവംബർ 26ന് സമരം ആരംഭിച്ച ദല്ലേവാളിന്റെ ആരോഗ്യസ്ഥിതിയിൽ കർഷകർ ആശങ്ക പ്രകടിപ്പിച്ചു. കേന്ദ്രസർക്കാർ കർഷകരുമായി ചർച്ചയ്ക്ക് തയ്യാറാകാതെ സമരത്തിൽ നിന്നും പിന്മാറില്ലെന്ന നിലപാടിലാണ് ദല്ലേവാൾ. മറ്റ് കർഷക സംഘടനകളെയും കൂട്ടിയോജിപ്പിച്ച് പ്രക്ഷോഭം ശക്തമാക്കുകയാണ്.
അതേസമയം ദല്ലേവാളിന്റെ കേസ് പരിഗണിച്ച സുപ്രീംകോടതി പഞ്ചാബ് സർക്കാരിനോട് ഏറ്റവും പുതിയ മെഡിക്കൽ റിപ്പോർട്ട് തേടി. സുപ്രീംകോടതി രജിസ്ട്രാർക്ക് റിപ്പോർട്ട് കൈമാറണമെന്ന് പഞ്ചാബ് ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചിട്ടുണ്ട്. ദല്ലേവാളിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്ന പഞ്ചാബ് സർക്കാരിന്റെ വാദത്തെ സുപ്രീംകോടതി വിമർശിച്ചു. 50 ദിവസത്തോളം നിരാഹാരമിരിക്കുന്ന ഒരാളുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന വാദം എന്തടിസ്ഥാനത്തിൽ ആണെന്ന് ജസ്റ്റിസ് സൂര്യകാന്ത് പഞ്ചാബ് സർക്കാരിനോട് ചോദിച്ചു.
Also Read: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാർട്ടിയെ പിന്തുണയ്ക്കുമെന്ന് അഖിലേഷ് യാദവ്
ദല്ലേവാളിന്റെ വൈദ്യ പരിശോധനയ്ക്കായി രൂപീകരിച്ച മെഡിക്കൽ ബോർഡിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ എന്നും പഞ്ചാബ് സർക്കാരിന്റെ അഭിഭാഷകൻ വ്യക്തമാക്കി. ദല്ലേവാളിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച കേസിൽ സുപ്രീംകോടതി ജനുവരി 29ന് വീണ്ടും വാദം കേൾക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here