ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ക്രെഡിനെ കബളിപ്പിച്ച് 12.5 കോടി രൂപ തട്ടിയ കേസില്‍ ഗുജറാത്ത് സ്വദേശികളായ നാല് പേര്‍ അറസ്റ്റിലായി. ഗുജറാത്തിലെ ആക്‌സിസ് ബാങ്കിന്റെ റിലേഷന്‍ഷിപ്പ് മാനേജര്‍ വൈഭവ് പിട്ടാഡിയ, ഗുജറാത്ത് സ്വദേശികളായ നേഹ ബെന്‍, ശൈലേഷ്, ശുഭം എന്നിവരാണ് പിടിയിലായത്. കമ്പനിയുടെ അക്കൗണ്ടില്‍നിന്നും 12.51 കോടി രൂപ നഷ്ട്ടപെട്ടെന്ന് ക്രെഡ് പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറം ലോകമറിഞ്ഞത്.
തട്ടിപ്പ് നടത്താൻ പ്രതികൾ സെൻസിറ്റീവ് ഡാറ്റ മോഷ്ടിക്കുകയും കോർപ്പറേറ്റ് ഇൻ്റർനെറ്റ് ബാങ്കിംഗ് (സിഐബി) വ്യാജ രേഖകൾ ഉണ്ടാക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. ആക്‌സിസ് ബാങ്കിന്റെ ബെംഗളുരുവിലെ ഇന്ദിരാനഗര്‍ ശാഖയിലാണ് ക്രെഡിന്റെ പ്രധാന കോര്‍പ്പറേറ്റ് അക്കൗണ്ട് ഉള്ളത്.
also read; പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ച് കൂടുതൽ സർവ്വീസുകളുമായി കൊച്ചി മെട്രോയും കൊച്ചി വാട്ടർ മെട്രോയും
മെയിന്‍ അക്കൗണ്ടിന്റെ രണ്ട് കോര്‍പ്പറേറ്റ് സബ് അക്കൗണ്ടുകള്‍ പ്രവര്‍ത്തന രഹിതമാണെന്ന് കണ്ടെത്തിയ റിലേഷന്‍ഷിപ്പ് മാനേജറായ വൈഭവ്, ഇതിലേക്കുള്ള യൂസര്‍നെയിമും പാസ്‌വേഡും കിട്ടാനായി കമ്പനി എംഡിയെന്ന പേരില്‍ മറ്റൊരു പ്രതിയായ നേഹ ബെന്നിനെക്കൊണ്ട് അപേക്ഷ നല്‍കിച്ചു. ഇതിനായി ക്രെഡിന്റെ വ്യാജ ലെറ്റര്‍ ഹെഡും ഐഡിയുമുണ്ടാക്കി. ഗുജറാത്തിലെ അങ്കലേശ്വര്‍ ബ്രാഞ്ചിലാണ് നേഹ അപേക്ഷ നല്‍കിയത്.
നേഹ നല്‍കിയ കോര്‍പ്പറേറ്റ് ഇന്റര്‍നെറ്റ് ബാങ്കിങ് അപേക്ഷ അംഗീകരിച്ചതോടെ ഇവര്‍ക്ക് കോര്‍പ്പറേറ്റ് സബ് അക്കൗണ്ടിന്റെ യൂസര്‍ നെയിമും പാസ്‌വേഡും കിട്ടി. ഇതുവഴി ക്രെഡിന്റെ മെയിന്‍ അക്കൗണ്ടില്‍ നിന്ന് ചെറിയ തുകകളായി ഇവര്‍ സബ് അക്കൗണ്ടിലേക്ക് പണം മാറ്റുകയായിരുന്നു. ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 11 വരെ നടന്ന തട്ടിപ്പിൽ 17 തവണകളായി ഇവര്‍ 12.5 കോടി രൂപയാണ് അടിച്ചെടുത്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here