കിഴക്കൻ ലബനാനിലെ സിവിൽ ഡിഫൻസ് കേന്ദ്രത്തിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ 12 രക്ഷാപ്രവർത്തകർ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് പരിക്കേറ്റതായും ലബനാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബാൽബെക് പ്രവിശ്യയിലെ ദൗറിസിൽ വ്യാഴാഴ്ച രാത്രിയായിരുന്നു ആക്രമണം. ആക്രമണത്തിൽ കേന്ദ്രം പൂർണമായും തകർന്നു. പൗരന്മാർക്ക് അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്ന സംഘത്തെയാണ് ഇസ്രായേൽ ലക്ഷ്യമിട്ടത്.
ഹിസ്ബുല്ലയുമായി ഒരു ബന്ധവുമില്ലാത്ത കേന്ദ്രത്തിൽ ബോംബിട്ടതിനെക്കുറിച്ച് ഇസ്രായേൽ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. രണ്ട് മണിക്കൂറിനിടെ അടിയന്തര ആരോഗ്യ കേന്ദ്രത്തിനെതിരെ നടന്ന രണ്ടാമത്തെ ആക്രമണമാണിത്. ലബനാൻ സർക്കാർ നടത്തുന്ന ആരോഗ്യ കേന്ദ്രത്തിനു നേരെയുള്ള ആക്രമണത്തെ ആരോഗ്യ മന്ത്രാലയം അപലപിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബറിന് ശേഷം ലബനാനിൽ 192 ആരോഗ്യ ജീവനക്കാരും രക്ഷാപ്രവർത്തകരും കൊല്ലപ്പെട്ടതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. 308 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 65 ആശുപത്രികൾക്കൊപ്പം 88 ആരോഗ്യ, ആംബുലൻസ് സേവന കേന്ദ്രങ്ങൾ തകർന്നു. ലബനാനിൽ ഇതുവരെ ഇസ്രായേൽ ആക്രമണത്തിൽ 3386 പേർ കൊല്ലപ്പെടുകയും 14,417 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ലബനാന് പിന്തുണ പ്രഖ്യാപിച്ച്, ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ ഉപദേശകൻ അലി ലാരിജാനി ബൈറൂത്തിലെത്തി. 13 മാസമായി തുടരുന്ന ഇസ്രായേൽ -ഹിസ്ബുല്ല ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ യുഎസ് ഭരണകൂടം ശ്രമിക്കുന്നതിനിടെയാണ് ലാരിജാനിയുടെ സന്ദർശനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here