വൈക്കം തലയോലപ്പറമ്പിൽ പട്ടാപ്പകൽ മോഷണം. വീടിൻ്റെ അടുക്കളവാതിൽ കുത്തി തുറന്ന് അകത്തു കയറി അലമാരയിൽ നിന്നു 13 പവൻ സ്വർണവും 11000 രൂപയും കവർന്നു. സംഭവത്തിൽ തലയോലപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തലയോലപ്പറമ്പിൽ മിഠായിക്കുന്നം തട്ടുംപുറത്ത് ടികെ മധുവിൻ്റെ വീട്ടിലാണ് ഇന്നലെ പകൽ മോഷണം നടന്നത്. ടിവിപുരം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ ജീവനക്കാരനായ മധുവും കോടതിയിലെ ജീവനക്കാരിയായ ഭാര്യ സവിതയും ഓഫീസിലും മകൾ സ്കൂളിലുമായിരുന്നു.
ഇന്നലെ വൈകുന്നേരം മകൾ സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോഴാണ് വീടു കുത്തി തുറന്ന് അലമാരയിലെ വസ്തുക്കൾ പുറത്തു വലിച്ചു വാരിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മകൾ അറിയിച്ചതിനെ തുടർന്ന് മധുവും ഭാര്യയും വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് സ്വർണവും പണവും നഷ്ടപ്പെട്ടതായി അറിയുന്നത്. തുടർന്ന് മധു തലയോലപറമ്പ് പോലീസിൽ പരാതി നൽകി. സമീപത്തെ മറ്റൊരു വീട്ടിലും മോഷണശ്രമം നടന്നു.ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി.
മിഠായിക്കുന്നിൽ മോഷണം നടന്ന മധുവിൻ്റെ വീടിനു സമീപത്തെ രണ്ടു വീടുകളിൽ ആൾതാമസമില്ല. മറ്റൊരു വീട്ടിൽ അസുഖ ബാധിതയായ ഒരു വയോധിക മാത്രമാണുള്ളത്. വീട്ടിലെയും പരിസരത്തെയും സാഹചര്യങ്ങൾ മനസിലാക്കിയാണ് മോഷ്ടാക്കൾ വീടു കുത്തി തുറന്നു മോഷണം നടത്തിയതെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മോഷണം നടന്ന വീട്ടിലടക്കം എത്തിയ ഇതര സംസ്ഥാനക്കാരന് മോഷണവുമായി ബന്ധമുണ്ടെന്ന് സംശയമുള്ളതായി പ്രദേശവാസികൾ ആരോപിച്ചു.
മൂന്ന് ദിവസം മുമ്പാണ് ബഡ്ഷീറ്റ് വിൽക്കാനായി ഇതര സംസ്ഥാനക്കാരൻ ആദ്യം മിഠായിക്കുന്നിലെത്തിയത്. മിഠായിക്കുന്നിലെ ഒരു വീട്ടിലെത്തിയപ്പോൾ ബഡ് ഷീറ്റ് വേണ്ടെന്ന് പറഞ്ഞ് വീട്ടമ്മ ഇയാളെ പറഞ്ഞു വിട്ടിരുന്നു. അടുത്ത ദിവസവും ഇയാൾ ഇതേ സ്ഥലത്ത് വരികയും മോഷണം നടന്ന മധുവിൻ്റെ വീട്ടുപരിസരത്ത് ചുറ്റിപ്പറ്റി നിൽക്കുകയും ചെയ്തിരുന്നു. വീടുകളിൽ ആളില്ലാത്ത കാര്യം പറഞ്ഞിട്ടും എന്തിനാണ് ഈ ഭാഗത്ത് ചുറ്റിത്തിരിയുന്നതെന്ന് ബഡ്ഷീറ്റ് വിൽപനക്കാരനോട് പരിസരവാസികൾ ചോദിച്ച് കയർത്തതിന് ശേഷമാണിയാൾ സ്ഥലം വിട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here