കേരളത്തോട് വീണ്ടും കേന്ദ്രാവഗണന; ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരേന്ത്യക്ക് 140 കോടി, കേരളത്തിന് 72 കോടി മാത്രം

സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന ദുരന്ത ലഘൂകരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുളള കേന്ദ്രവിഹിതത്തിലും കേരളത്തോട് കടുത്ത അവഗണന. 15 സംസ്ഥാനങ്ങള്‍ക്കായി 1115 കോടി രൂപ അനുവദിച്ചപ്പോള്‍ കേരളത്തിന് ലഭിച്ചത് വെറും 72 കോടി വിഹിതം മാത്രം. ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, ഹിമാചല്‍, സംസ്ഥാനങ്ങള്‍ക്ക് 140 കോടി വീതം അനുവദിച്ചപ്പോഴാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടുളള വിവേചനം.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല സമിതിയാണ് ദുരന്ത ലഘൂകരണ പ്രതിരോധ ഫണ്ടുകളുടെ വിഹിതം നിശ്ചയിച്ചത്. 1115 കോടി 67 ലക്ഷം രൂപ 15 സംസ്ഥാനങ്ങള്‍ക്കായി കേന്ദ്രവിഹിതം അനുവദിച്ചപ്പോള്‍ കേരളത്തിന് ലഭിച്ചത് വെറും 72 കോടി മാത്രം. മാത്രമല്ല പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളായ കര്‍ണാടകയ്ക്ക് 72 കോടി, തമിഴ്‌നാട്- 50 കോടി, ബംഗാള്‍- 50 കോടി എന്നിങ്ങനെ മാത്രമാണ് കേന്ദ്രവിഹിതം.

ആയിരത്തിലധികം കോടി രൂപയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് വെറും 195 കോടി അനുവദിച്ചപ്പോള്‍, പ്രകൃതിക്ഷോഭങ്ങള്‍ വലിയ നാശം വിതയ്ക്കാത്ത വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 378 കോടി അനുവദിച്ചു. ഉത്തരാഖണ്ഡിനും ഹിമാചല്‍ പ്രദേശിനും 139 കോടി വീതം അനുവദിച്ചപ്പോള്‍, മഹാരാഷ്ട്രയ്ക്ക് 100 കോടിയും അനുവദിച്ചു. ഈ വര്‍ഷം മാത്രം സംസ്ഥാനങ്ങള്‍ക്ക് എസ്ഡിആര്‍എഫ് ഫണ്ടായി 21,476 കോടി രൂപ അനുവദിച്ചതായും കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഈ മാസമാദ്യം കേന്ദ്രം നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ആയിരം കോടിയിലധികം ദുരന്തനിവാരണ ഫണ്ടിലേക്ക് കേന്ദ്ര വിഹിതം അനുവദിച്ചപ്പോഴും കേരളത്തിന് അന്ന് കിട്ടിയത് വെറും 145 കോടി മാത്രമായിരുന്നു.

ഒക്ടോബര്‍ മാസത്തില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 675 കോടി രൂപ അനുവദിച്ചപ്പോള്‍ കേന്ദ്ര പട്ടികയില്‍ കേരളത്തിന്റെ പേര് പോലും ഉണ്ടായിരുന്നില്ല. ഗുജറാത്തിന് 600 കോടിയും മണിപ്പൂരിന് 50 കോടിയും ത്രിപുരയ്ക്ക് 25 കോടി രൂപയുമാണ് അന്നനുവദിച്ചത്. വയനാട്ടിലെ മുണ്ടക്കൈ, ചൂരമല ഉരുള്‍പൊട്ടലില്‍ ധനസഹായം ആവശ്യപ്പെട്ട് കേരളം നിരവധി തവണ കേന്ദ്രത്തെ സമീപിക്കുമ്പോഴാണ് ഈ അവഗണന ആവര്‍ത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News