കോംഗോയിൽ ആശങ്ക ഉയർത്തി അജ്ഞാത രോഗം പടർന്ന് പിടിക്കുന്നു. പനിക്ക് സമാനമായ രീതിയിൽ പടരുന്ന ഈ രോഗം ബാധിച്ച് ഇതുവരെ 143 പേർ മരിച്ചതായി കോംഗോ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും 15 വയസ്സിനും 18 വയസ്സിനും ഇടയിലുള്ളവരാണ്. 300 ലേറെ ആളുകൾക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രോഗബാധിതരായ ആളുകൾക്ക് കടുത്ത പനിയും കടുത്ത തലവേദനയും ഉൾപ്പെടെയുള്ള ഇൻഫ്ലുവൻസ ലക്ഷണങ്ങളുണ്ടെന്ന് ക്വാംഗോ പ്രവിശ്യയിലെ ഡെപ്യൂട്ടി ഗവർണർ റെമി സാകിയും പ്രവിശ്യാ ആരോഗ്യ മന്ത്രി അപ്പോളിനേർ യുംബയും പറഞ്ഞു.
ALSO READ; യുനൈറ്റഡ് ഹെൽത്ത് കെയർ സിഇഒ ന്യൂയോർക്കിൽ വെടിയേറ്റ് കൊല്ലപ്പെട്ടു
രോഗം തിരിച്ചറിയുന്നതിനായി സാമ്പിളുകൾ ശേഖരിക്കാനും വിശകലനം നടത്താനും പാൻസി ഹെൽത്ത് സോണിലേക്ക് ഒരു മെഡിക്കൽ ടീമിനെ അയച്ചിട്ടുണ്ട്. രോഗബാധിതരുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നതിനാൽ സ്ഥിതി വളരെ ആശങ്കാജനകമാണെന്ന് സിവിൽ സൊസൈറ്റി നേതാവ് സെഫോറിയൻ മൻസാൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
പനി, തലവേദന, മൂക്കൊലിപ്പ്, ചുമ, ശ്വാസതടസ്സം, വിളർച്ച തുടങ്ങിയ ലക്ഷണങ്ങളാണ് മൂന്നിറിലേറെ പേരിൽ പ്രകടമായിരിക്കുന്നത്. പാൻസി ഒരു ഗ്രാമീണ മേഖലയായതിനാൽ മരുന്നുകളുടെ വിതരണത്തിൽ പ്രശ്നമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചികിത്സ കിട്ടാതെ രോഗികൾ പലരും സ്വന്തം വീടുകളിൽ തന്നെ മരിക്കുകയാണെന്നും ആരോഗ്യ മന്ത്രി പറയുന്നു.
കഴിഞ്ഞയാഴ്ച യുഎൻ ആരോഗ്യ ഏജൻസിക്ക് രോഗത്തിന്‍റെ സാന്നിധ്യത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും കൂടുതൽ അന്വേഷണങ്ങൾ നടത്താൻ ഡിആർസിയുടെ പൊതുജനാരോഗ്യ മന്ത്രാലയത്തോടൊപ്പം പ്രവർത്തിക്കുകയാണെന്നും ലോകാരോഗ്യ സംഘടനയുടെ വക്താവ് ചൊവ്വാഴ്ച പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here