പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷം. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള 19 പ്രതിപക്ഷ കക്ഷികള്‍ തീരുമാനിച്ചു. ചടങ്ങില്‍ നിന്ന് രാഷ്ട്രപതിയെ ഒഴിവാക്കിയത് ജനാധിപത്യത്തോടുള്ള അവഹോളനമാണെന്ന് സംയുക്ത പ്രസ്താവനയില്‍ പ്രതിപക്ഷ കക്ഷികള്‍ കുറ്റപ്പെടുത്തി. അതേസമയം, ബിആര്‍എസ്, ബിജു ജനതാദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ നിലപാടറിയിച്ചിട്ടില്ല.
രാഷ്ട്രപതിയെ മാറ്റിനിര്‍ത്തി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് അപമാനമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മന്ദിരം നിര്‍മിച്ചത് യാതൊരു കൂടിയാലോചനയുമില്ലാതെയാണ്. സര്‍ക്കാര്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്നും പ്രതിപക്ഷം ആരോപിച്ചു.
രാഷ്ട്രപതികൂടി ഉള്‍പ്പെടുന്നതാണ് പാര്‍ലമെന്റ് എന്ന് ഭരണഘടനയുടെ 79ാം ആര്‍ട്ടിക്കിള്‍ പറയുന്നുണ്ട്. രാഷ്ട്രപതി രാഷ്ട്രത്തിന്റെയും പാര്‍ലമെന്റിന്റെയും തലവനാണ്. രാഷ്ട്രപതിയില്ലാതെ പാര്‍ലമെന്റ് പ്രവര്‍ത്തിക്കില്ല. പാര്‍ലമെന്റില്‍ നിന്ന് ജനാധിപത്യം പുറന്തള്ളപ്പെടുമ്പോള്‍ പുതിയ കെട്ടിടത്തിന് യാതൊരു മൂല്യവുമില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here