7 വയസുകാരിയുടെ നില അതീവ ഗുരുതരം; യുപിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത രണ്ട് കേസിൽ 2 പേർ അറസ്റ്റിൽ

ഉത്തർപ്രദേശിലെ ആഗ്രയിലും മീററ്റിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത രണ്ട് വ്യത്യസ്ത കേസുകളിലെ പ്രതികളെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. കനത്ത രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആഗ്രയിലെ എഴുവയസുകാരിയുടെ നില ഗുരുതരമായി തുടരുകയാണ്.

ആഗ്രയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ അയൽവാസിയായ യുവാവിനെ അറസ്റ്റ് ചെയ്തു. കുട്ടിയുടെ മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഭവം നടന്നത്. ആളില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ആഗ്ര ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ വികാസ് കുമാർ പറഞ്ഞു. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊല്ലാനും പ്രതി ശ്രമിച്ചെങ്കിലും വീടിന് നേരെ ആരോ വരുന്നുണ്ടെന്ന് തോന്നിയപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

തുടർനടപടികൾ നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു. പ്രതി മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു. ഈ മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരണമാണ് യുവാവിനെതിരെ കേസെടുത്തത്.

മീററ്റിൽ 12കാരിയെ 35 വയസ്സുള്ള അയൽക്കാരൻ മാസങ്ങളായി ലൈംഗികമായി ചൂഷണം ചെയ്തതായിട്ടാണ് ബന്ധുക്കൾ പൊലീസിന് പരാതി നൽകിയത്. പ്രതി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ പെൺകുട്ടി പീഡനം വെളിപ്പെടുത്തിയില്ലെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ചയാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ഇരയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം തിങ്കളാഴ്ച മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി രേഖപ്പെടുത്തും

ദിവസങ്ങൾക്ക് മുമ്പ് വയറുവേദനയെ തുടർന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പരിശോധനയിൽ പെൺകുട്ടി ഏതാനും ആഴ്ചകൾ ഗർഭിണിയാണെന്ന് തെളിഞ്ഞു. അയൽവാസി തന്നെ ഉപദ്രവിച്ചതായി പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബന്ധുക്കളോട് വെളിപ്പെടുത്തി. എന്നാൽ പിതാവ് പ്രാദേശിക പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയപ്പോൾ പൊലീസ് എഫ്‌ഐആർ ഫയൽ ചെയ്യാൻ വിസമ്മതിച്ചതായും ആരോപണമുണ്ട്. കഴിഞ്ഞ മാസം യുപിയിലെ ബുലന്ദ്ഷഹറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 26 കാരൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News