ഹൃദയപൂര്‍വം പദ്ധതിക്ക് ആറ്‌ വയസ്സ്

മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം നല്‍കാനായി ഡിവൈഎഫ് വൈ ആരംഭിച്ച ഹൃദയപൂര്‍വം പദ്ധതി ആറാം വര്‍ഷത്തില്‍. ‘വയറെരിയുന്നോരുടെ മിഴി നിറയാതിരിക്കാന്‍’ എന്ന മുദ്രാവാക്യവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ആരംഭിച്ച പദ്ധതി പിന്നീട് സംസ്ഥാനത്തൊട്ടാകെ വ്യാപിക്കുകയായിരുന്നു. ദിവസവും പതിനായിരക്കണക്കിന് പൊതിച്ചോറുകളാണ് ഓരോ ജില്ലയിലെ മെഡിക്കല്‍ കോളേജുകളിലും ഡിവൈഎഫ്‌വൈ വിതരണം ചെയ്യുന്നത്. മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം നല്‍കുന്ന ഈ പദ്ധതി ഒരു വലിയ വിഭാഗത്തിന്റെ ആശ്രയമാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കുമാത്രമായി 2017ല്‍ ആയിരം പൊതിച്ചോറുകളുമായി ആരംഭിച്ച ഹൃദയപൂര്‍വ്വം പദ്ധതി ഇന്ന് സംസ്ഥാനത്തൊട്ടാകെയായി ആറുവര്‍ഷം കൊണ്ട് ഒരു കോടിയിലധികം വയറുകള്‍ നിറച്ചു കഴിഞ്ഞു.മെഡിക്കല്‍ കോളേജിലേക്ക് ദിവസവും അതാത് ജില്ലകളിലെ ഓരോ മേഖല കമ്മിറ്റിയാണ് ഭക്ഷണമെത്തിക്കുന്നത്. തങ്ങളുടെ ഊഴമെത്തുന്നതിനു രണ്ടു ദിവസം മുമ്പു തന്നെ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആ പ്രദേശത്തെ വീടുകളില്‍ പ്രവര്‍ത്തകര്‍ എത്തി ഭക്ഷണ പൊതികള്‍ ഉറപ്പു വരുത്തുകയും ചെയ്യും. തുടര്‍ന്നു ഭക്ഷണം നല്‍കേണ്ട ദിവസം രാവിലെ വീടുകള്‍ തോറും കയറിയിറങ്ങി പൊതികള്‍ ശേഖരിക്കുകയും മേഖലയിലെ പല പ്രദേശങ്ങളില്‍ നിന്നുമുള്ള പൊതികള്‍ ഒരുമിപ്പിച്ച് ഒരു വാഹനത്തില്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയും ചെയ്യും.

ഹൃദയപൂര്‍വം പദ്ധതിയുടെ ആറാം വാര്‍ഷികം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പുതുവത്സര ദിനത്തില്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. വാര്‍ഷികത്തോടനുബന്ധിച്ച് ഉച്ചഭക്ഷണത്തോടൊപ്പം പായസവും വിതരണം ചെയ്തു.പൊതിച്ചോര്‍ വിതരണത്തിനൊപ്പം മെഡിക്കല്‍ കോളേജില്‍ ജീവധാര എന്ന പേരില്‍ രക്തദാന പദ്ധതിയും ഡിവൈഎഫ് വൈ നടത്തുന്നുണ്ട്.
ഡിവൈഎഫ് വൈയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പദ്ധതി ഇനിയും വിപുലീകരിക്കാനാണ് ശ്രമമെന്ന് ഡിവൈഎഫ് വൈ ജില്ലാ സെക്രട്ടറി ഡോ. ഷിജുഖാന്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News