തരൂരിൻ്റെ ലക്ഷ്യം എന്ത്?2023ൽ കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത് വൻ രാഷ്ട്രീയ കരുനീക്കത്തിനോ?

നായർ സർവീസ് സൊസൈറ്റി സ്ഥാപകൻ മന്നത്തു പത്മനാഭന്റെ നൂറ്റി നാൽപ്പത്തിയാറാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള മന്നം ജയന്തി പൊതുസമ്മേളനം കോൺഗ്രസ് നേതാവ് ശശി തരൂർ ഉദ്ഘാടനം ചെയ്യും. കോൺഗ്രസിൽ നടക്കുന്ന ആഭ്യന്തര കലാപങ്ങളുടെ പശ്ചാത്തത്തിൽ തരൂരിൻ്റെ പെരുന്ന സന്ദർശനത്തിന് രാഷ്ട്രീയ മാനങ്ങളേറെയാണ്. കോൺഗ്രസ് – യുഡിഎഫ് രാഷ്ട്രീയത്തിലടക്കം നിർണ്ണായകമായ നീക്കങ്ങൾക്കായിരിക്കും ഇതോടെ എൻഎസ്എസ് ആസ്ഥാനം വേദിയാകുക.

ഏറെക്കാലമായി തരൂരിനോട് പാലിച്ചിരുന്ന അകലം അവസാനിപ്പിച്ചുകൊണ്ടാണ് ശശി തരൂരിനെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പെരുന്നയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.2013ല്‍ എകെ ആന്‍റണിയെ മന്നം ജയന്തി സമ്മേളനത്തിന്‍റെ മുഖ്യാതിഥിയായി ക്ഷണിച്ചതിന് ശേഷം പിന്നീട് മുതിർന്ന കോൺഗ്രസ് നേതാക്കളെയാരെയും പരിഗണിക്കാത്ത എൻഎസ്എസ് ഇക്കുറി ശശി തരൂരിനെ ഉദ്ഘാടകനായി എത്തിക്കുന്നത് കോൺഗ്രസ് കേന്ദ്രങ്ങളിലും അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ട് എന്നാണ് സൂചന.2009ൽ തിരുവനന്തപുരത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി ഒന്നാമൂഴത്തിൽ തരൂർ എത്തിയപ്പോൾ സുകുമാരൻ നായർ കടുത്ത എതിർപ്പാണ് പ്രകടിപ്പിച്ചത്.‘ഡൽഹി നായരാണ് തരൂർ’ എന്നാണ് അന്ന് അദ്ദേഹം തരൂരിനെ വിശേഷിപ്പിച്ചത്. ശശി തരൂരിന്റെ സ്ഥാനാർത്ഥിത്വം യുഡിഎഫ് നായർ ക്വാട്ടയിൽ ഉൾപ്പെടുത്തേണ്ട എന്നും സുകുമാരൻ നായർ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് . തിരുവനന്തപുരത്ത് നിന്നും മൂന്നു തവണ വിജയിച്ചിട്ടും തരൂരുമായി എൻഎസ്എസ് കാത്തു സൂക്ഷിച്ച അകലമായിരുന്നു ഇപ്പോർ ഇല്ലാതായിരിക്കുന്നത്.

ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ശശി തരൂര്‍ കോട്ടയത്ത് എത്തുന്നത്. കഴിഞ്ഞ തവണത്തെ സന്ദർശനത്തിനിടെ കാഞ്ഞിരപ്പള്ളി,പാലാ ബിഷപ്പുമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ആദ്യ വരവിൽ കോട്ടയത്ത് ഡിസിസി അടക്കമുള്ളവർ അടുത്തിടെ തരൂരിനെ ബഹിഷ്കരിച്ചിരുന്നു.തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കമുള്ള ആളുകൾ ശശി തരൂരിൻ്റെ പൊതുപരിപാടികളിൽ നിന്നും പിൻമാറി. ഈ സാഹചര്യത്തിൽ തരൂൻ്റെ കോട്ടയത്തേക്കുെ രണ്ടാം വരവിൽ ചങ്കിടിക്കുന്നത് രമേശ് ചെന്നിത്തലയടക്കം അദ്ദേഹം കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ എതിർത്ത മുതിർന്ന നേതാക്കൾക്കാണ്‌ .

അടുത്തകാലം വരെ രമേശ് ചെന്നിത്തലയായിരുന്നു എൻഎസ്എസിന് പ്രിയപ്പെട്ട കോൺഗ്രസ് നേതാവ്. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിൽ രമേശ് ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കിയതും സുകുമാരൻ നായർ പരസ്യമായി ‘താക്കോൽ സ്ഥാനം’ ആവശ്യപ്പെട്ടതിന് പിന്നാലെയാണ്. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് ചെന്നിത്തലയ്ക്കു പകരമെത്തിയ വി.ഡി സതീശനുമായും എൻഎസ്എസ് നേതൃത്വം ഉടക്കിലാണ്. അടുത്തിടെ സുകുമാരൻ നായർ കടുത്ത ഭാഷയിലാണ് സതീശനെ വിമർശിച്ചത്.നായർ സമുദായംഗം എന്നതിനപ്പുറം വിശ്വപൗരൻ എന്ന നിലയിലാണ് എൻഎസ്എസ് ആസ്ഥാനത്തേക്ക് മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ചതെന്ന് സുകുമാരൻ നായരും വിശദീകരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

മുസ്ലിംലീഗിനെ ഒപ്പം നിർത്തിയും, സഭകളുമായി അടുത്തും തരൂർ നീക്കം നടത്തുന്നതിൽ എൻഎസ്എസിന്റെ പിന്തുണയുണ്ട് എന്നാണ് ലഭിക്കുന്ന സൂചനകൾ.ഇതിനിടയിലാണ് മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ശശി തരൂരിനെ ക്ഷണിച്ചുകൊണ്ട് സുകുമാരൻ നായർ നിർണ്ണായക രാഷ്ട്രീയ നീക്കം നടത്തിയത്. സമകാലിക രാഷ്ട്രീയത്തിൽ പിടിമുറുക്കാനുള്ള എൻഎസ്എസിന്റെ നീക്കം കൂടിയാണ് ശശി തരൂരുമായുള്ള എതിർപ്പിൻ്റെ മഞ്ഞുരുകാൻ കാരണമെന്നാണ് വിലയിരുത്തൽ.

മന്നം ജയന്തി സമ്മേളനത്തിൽ ഉദ്ഘാടകനായി എത്താൻ സാധിക്കുന്നത് അഭിമാനകരമാണ് എന്നാണ് തരൂർ എൻഎസ്എസിൻ്റെ ക്ഷണത്തെ വിശേഷിപ്പിച്ചത്. കോൺഗ്രസിൻ്റെയും യുഡിഎഫിൻ്റെയും നേതൃസ്ഥാനത്തേക്ക് എത്താൻ മുസ്ലിംലീഗ്- കേരള കോൺഗ്രസ്- എൻഎസ്എസ് ഒരുമയാണ് പെരുന്ന സന്ദർശനം എന്ന തരൂറിൻ്റെ നീക്കത്തിന് പിന്നിലെങ്കിൽ 2023 ൽ കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത് സംഭവബഹുലമായ രാഷ്ട്രീയ കരുനീക്കങ്ങൾക്കായിരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News