ആരാണ് ഇന്ത്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആകാൻ സാധ്യതയുള്ള ബിവി നാഗരത്‌ന?

ആർ രാഹുൽ

2016 നവംബർ 8 ന് കേന്ദ്ര സർക്കാർ നടത്തിയ നോട്ടു നിരോധനം ശരിവെച്ചു കൊണ്ടുള്ള സുപ്രിം കോടതി വിധി വന്നിരിക്കുകയാണ്.നിരോധന തീരുമാനം നിയമവിധേയമാണോ എന്ന് പരിശോധിച്ചു അഞ്ചംഗ ഭരണഘടനാ ബെഞ്ചിൻ്റെ വിധിന്യായത്തിൽ ഭിന്ന വിധിയുമായി ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് സുപ്രിം കോടതിയിലെ വനിതാ ജഡ്ജിയായ ജസ്റ്റിസ് ബിവി നാഗരത്ന.

ജസ്റ്റിസ് എസ് എ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്,  എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്‌മണ്യന്‍ എന്നിവർ കേന്ദ്ര തീരുമാനത്തെ ശരിവെച്ചപ്പോൾ വിയോജിപ്പ് രേഖപ്പെടുത്തിയാണ് ജസ്റ്റിസ് ബി വി നാഗരത്‌ന ഭിന്നവിധിന്യായം നൽകിയത്.

നോട്ട് നിരോധനം നിയമനിര്‍മാണത്തിലൂടെ വേണമായിരുന്നു എന്നായിരുന്നു ഭരണഘടനാ ബെഞ്ചിൽ ബി വി നാഗരത്‌ന അഭിപ്രായപ്പെട്ടത്. വെറും 24 മണിക്കൂറിനുള്ളിലാണ് നോട്ടുനിരോധനം നടപ്പാക്കിയത്.കേന്ദ്രസര്‍ക്കാരിന് നോട്ട് നിരോധിക്കാന്‍ അധികാരമില്ലെന്നും ഹര്‍ജിയിലെ ഓരോ ചോദ്യത്തേയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ ജസ്റ്റിസ് ബി ആര്‍ ഗവായ് തയ്യാറാക്കിയ മറുപടിയില്‍ നിന്ന് വ്യത്യസ്തമാണ് എന്ന് നാഗരത്‌ന ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരാണ് നോട്ട് നിരോധനം നടത്തുന്നത് എങ്കില്‍ കറന്‍സി, നാണയം, നിയമപരമായ ടെന്‍ഡര്‍, വിദേശനാണ്യം എന്നിവയെക്കുറിച്ച് പറയുന്ന പട്ടിക 36 ൽ നിന്നാണ് അത്തരം അധികാരം ലഭിക്കുന്നത് എന്നും നാഗരത്‌ന നിരോധന തീരുമാനത്തിനെതിരെ വിയോജിപ്പ് രേഖപ്പെടുത്തുകയായിരുന്നു.എന്നാല്‍ ഭരണഘടനാബെഞ്ചിലെ മറ്റ് മൂന്ന് പേരും ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ വിധിന്യായത്തെ പിന്തുണക്കുകയായിരുന്നു.

1962 ഒക്ടോബർ 30 ന് ജനിച്ച ബിവി നാഗരത്ന ബെംഗളൂരുവിൽ അഭിഭാഷകയായി ട്ടായിരുന്നു നിയമ വഴിയിലേക്കുള്ള തുടക്കം.ഭരണഘടനാ നിയമം, വാണിജ്യ നിയമം, ഇൻഷുറൻസ് നിയമം, സേവന നിയമം, അഡ്മിനിസ്ട്രേറ്റീവ്, പബ്ലിക് നിയമം, ഭൂമി, വാടക നിയമങ്ങൾ, കുടുംബ നിയമം, എന്നിവയിൽ പ്രാക്ടീസ് തുടങ്ങിയ അവർ 2008 ഫെബ്രുവരിയിൽ കർണ്ണാടക ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതയായി. രണ്ട് വർഷത്തിന് ശേഷം അവർ സ്ഥിരം ജഡ്ജിയായി.ജസ്റ്റിസ് നാഗരത്‌നയുടെ പിതാവ് ഇഎസ് വെങ്കിട്ടരാമയ്യ 1989 ജൂൺ 19 മുതൽ 1989 ഡിസംബർ 17 വരെ ഏതാണ്ട് ആറുമാസത്തോളം സുപ്രിംകോടതിയുടെ ചീഫ് ജസ്റ്റിസായിരുന്നു.

2021 ഓഗസ്റ്റിൽ സുപ്രീം കോടതി ജഡ്ജിയായി നിയമനം ജസ്റ്റിസ് ബി വി നാഗരത്ന 2027ൽ ഇന്ത്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസാകാൻ സാധ്യത കൽപിക്കുന്ന വ്യക്തി കൂടിയാണ്. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാൽ ഒരു മാസത്തിലധികം അവർക്ക് ചീഫ് ജസ്റ്റിസ് പദവിയിൽ തുടരാൻ കഴിയും. അങ്ങനെ സംഭവിച്ചാൽ രാജ്യത്തെ സംബന്ധിച്ച് ഒരു പുതു ചരിത്രമായി അത് മാറും.നിലവിൽ 59 വയസ് കഴിഞ്ഞ ജസ്റ്റിസ് നാഗരത്‌നയുടെ നിയമനം രാഷ്ട്രപതി അംഗീകരിച്ചാൽ 2027 സെപ്റ്റംബർ 25 മുതൽ 2027 ഒക്ടോബർ 29 വരെ 36 ദിവസത്തെ കാലാവധിയിൽ ഇന്ത്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായി അവർക്ക് പദവിയിലിരിക്കാൻ സാധിക്കും.

നോട്ടു നിരോധനത്തിൻ്റെ നിയമസാധുത പരിശോധിച്ച ഭരണഘടനാ ബെഞ്ചിൽ അംഗമാകുന്നതിന് മുമ്പും ചില നിലപാടുകൾ കൊടും വിധിന്യായങ്ങൾകൊണ്ടും ശ്രദ്ധ നേടിയ വ്യക്തിയാണ് നാഗ രത്ന.2009 നവംബറിൽ നാഗരത്നയെയും കർണാടക ഹൈക്കോടതിയിലെ മറ്റ് രണ്ട് ജഡ്ജിമാരെയും ഒരു കൂട്ടം അഭിഭാഷകർ പ്രതിഷേധത്തിൻ്റെ ഭാഗമായി കോടതി മുറിയിൽ പൂട്ടിയിട്ടു. എന്നാൽ പിന്നീട് പ്രതിഷേധക്കാരോട് എടുത്ത മാന്യമായ നിലപാടു കൊണ്ട് അന്നവർ ശ്രദ്ദേയയായി.ഞങ്ങൾക്ക് അഭിഭാഷകരോട് ദേഷ്യമില്ല, പക്ഷേ അവർ ഞങ്ങളോട് ഇത് ചെയ്തതിൽ ഞങ്ങൾക്ക് സങ്കടമുണ്ട്.സംഭവത്തിൽ ലജ്ജിച്ചു തലതാഴ്ത്തുന്നു എന്നായിരുന്നു നാഗരത്ന പ്രതികരിച്ചത്.

2012 ൽ കർണ്ണാടക ഹൈക്കോടതിയിൽ ഇലക്‌ട്രോണിക് മാധ്യമങ്ങളെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞുകൊണ്ട് നാഗരത്‌ന ഒരു ശ്രദ്ധേയമായ വിധി പുറപ്പെടുവിച്ചിരുന്നു.വിവരങ്ങളുടെ സത്യസന്ധമായ പ്രചരണം ഏതൊരു ബ്രോഡ്കാസ്റ്റിംഗ് ചാനലിന്റെയും അനിവാര്യമായ ആവശ്യകതയാണെങ്കിലും, ‘ബ്രേക്കിംഗ് ന്യൂസ്’, ‘ഫ്ലാഷ് ന്യൂസ്’ അല്ലെങ്കിൽ മറ്റേതെങ്കിലും രൂപത്തിലുള്ള സെൻസേഷനലിസം നിയന്ത്രിക്കണം എന്നായിരുന്നു അവർ തന്റെ വിധിന്യായത്തിൽ എഴുതിയത്.പ്രക്ഷേപണ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് ഒരു സ്വയംഭരണാധികാരവും നിയമാനുസൃതവുമായ സംവിധാനം രൂപീകരിക്കണമെന്ന് അവർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ഒരു ക്ഷേത്രം ഒരു വാണിജ്യ സ്ഥാപനമല്ലെന്നും അതിലെ ജീവനക്കാർക്ക് പേയ്‌മെന്റ് ഓഫ് ഗ്രാറ്റുവിറ്റി നിയമപ്രകാരം ഗ്രാറ്റുവിറ്റിക്ക് അർഹതയില്ല. എന്നാൽ കർണാടകയിലെ ഹിന്ദു മത സ്ഥാപനങ്ങൾക്കും ചാരിറ്റബിൾ എൻഡോവ്‌മെന്റ് നിയമത്തിനും കീഴിൽ സമാനമായ ആനുകൂല്യങ്ങൾ നേടാമെന്നും 2019ലെ ഒരു കേസിൽ നാഗരത്‌ന വിധിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News