ദില്ലിയില്‍ യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. പുതുവത്സര ദിനത്തിലാണ് ദാരുണമായ കൊലപാതകം നടന്നത്. പ്രതികളിലൊരാള്‍ ബിജെപി നേതാവാണെന്നും പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതായും ആം ആദ്മി ആരോപിച്ചു. ദില്ലി സുല്‍ത്താന്‍ പുരിയില്‍ വച്ചാണ് യുവതി സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ യുവാക്കളുടെ കാറുമായി കൂട്ടിയിടിക്കുന്നത്. അപകടത്തില്‍ തെറിച്ചുവീണ യുവതിയുടെ വസ്ത്രങ്ങള്‍ കാറിനടിയില്‍ കുടുങ്ങുകയായിരുന്നു. ശേഷം 4 കിലോമീറ്ററോളം കാറില്‍ വലിച്ചിഴച്ചു. കഞ്ച്ഹവാലിയിലാണ് വസ്ത്രങ്ങളില്ലാതെ ദേഹമാസകലം ഗുരുതര പരിക്കുകളോടെ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തില്‍ ദില്ലി പൊലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. മൃതദേഹം കണ്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാക്കള്‍ അറസ്റ്റിലായത്. യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ യുവതിയുടെ വസ്ത്രങ്ങള്‍ കാറിനടിയില്‍ കുടുങ്ങിയത് അറിഞ്ഞില്ലെന്നാണ് യുവാക്കളുടെ വാദം. അഞ്ച് പേരും നന്നായി മദ്യപിച്ചിരുന്നെന്നും ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രതികളെ മൂന്നുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
അതേസമയം, സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. സുല്‍ത്താന്‍ പുരി പൊലീസ് സ്റ്റേഷനു മുന്നിലാണ് സ്ത്രീകളടക്കം പ്രതിഷേധിച്ചത്. പ്രതിഷേധകര്‍ പൊലീസ് വാഹനം തടയുകയും ചെയ്തു. ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേനയുടെ വസതിക്കു മുമ്പില്‍ ആം ആദ്മി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രതികളില്‍ ഒരാള്‍ ബിജെപി പ്രവര്‍ത്തകനാണെന്നും കൃത്യമായി വിവരങ്ങള്‍ പുറത്തു വിടുന്നില്ലെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. വി കെ സക്‌സേന രാജിവെക്കണമെന്നും ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് പറഞ്ഞ ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ദില്ലി പൊലീസിനോട് ഹാജരാകാന്‍ നിര്‍ദേശിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here