നോട്ടുനിരോധനം; സുപ്രീംകോടതി കേസിന്റെ നാൾവഴികൾ

നോട്ടുനിരോധനം എന്ന തീരുമാനം സാധുവാണെന്ന് സുപ്രീംകോടതി വിധി പറഞ്ഞുകഴിഞ്ഞു. ജസ്റ്റിസ് അബ്ദുൽ നസീർ, ബി.ആർ ഗവായ്, എ.എസ് ബൊപ്പണ്ണ, വി.രാമസുബ്രമണ്യം എന്നിവർ നിരോധനത്തോട് യോജിക്കുകയും, ജസ്റ്റിസ് നാഗരത്ന വിയോജിക്കുകയും ചെയ്തു. ഭരണപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ സർക്കാരിന്റെ സ്വാതന്ത്ര്യം ഉറപ്പിക്കുന്ന വിധി, സാമ്പത്തിക കാര്യങ്ങളിൽ കോടതി ഇടപെടുന്നത് ശരിയല്ല എന്നും പറഞ്ഞുവെച്ചു. വിയോജിപ്പ് രേഖപ്പെടുത്തിയ ജസ്റ്റിസ് നാഗരത്ന നടപടിക്രമങ്ങൾ പാലിക്കപ്പെട്ടിരുന്നില്ലെന്നും നിയമനിർമാണത്തിലൂടെ നിരോധനം വേണമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു.

ഒരു രാത്രിയിലെ തീരുമാനം സുപ്രീകോടതി വരെ എത്തിനിൽക്കേ, കേസിന്റെ നാൾവഴികൾ നമുക്ക് പരിശോധിക്കാം.

നോട്ടുനിരോധനം എന്ന തീരുമാനം സർക്കാർ കൈകൊണ്ടത് 2016 നവംബർ എട്ടിനാണ്. നവംബർ ഒമ്പതിനുതന്നെ നോട്ടുനിരോധനത്തെ ചോദ്യം ചെയ്തുള്ള ഹർജികൾ കോടതികളിൽ വന്നുതുടങ്ങുന്നു. പിന്നീട് പല കോടതികളിലായി ഫയൽ ചെയ്യപ്പെട്ട ഈ ഹർജികൾ അക്കൊല്ലം തന്നെ സുപ്രീം കോടതിയിലെ ഭരണഘടനാബെഞ്ചിന് കൈമാറപ്പെടുന്നു. ഭരണഘനാ ബെഞ്ച് ഈ കേസ് പരിഗണിക്കുന്നു.

മൊത്തത്തിൽ 58 ഹർജികളാണ് സുപ്രീംകോടതിയുടെ മുൻപിൽ, നോട്ടുനിരോധനത്തെ ചോദ്യം ചെയ്തുകൊണ്ട് സമർപ്പിക്കപ്പെട്ടത്. എന്നാൽ ഇതിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം, നോട്ട് നിരോധിച്ച് ആറ് വർഷത്തിന് ശേഷം, 2022 ഒക്ടോബറിലാണ് സുപ്രീംകോടതി ഈ ഹർജികളിലെല്ലാം വാദം കേട്ടുതുടങ്ങുന്നത്. അതായത്, ആ ആറ് വർഷത്തോളം ഹർജികൾ അവിടെ കെട്ടിക്കിടന്നു എന്നർത്ഥം. തുടർന്ന് വാദം കേട്ട ശേഷം സർക്കാരിന് സുപ്രീം കോടതി നോട്ടീസും അയക്കുന്നു.

പിന്നീട് നവംബർ 9 ന്, വീണ്ടും സുപ്രീംകോടതി സജീവമായി വാദം കേൾക്കുന്നു. അടുത്ത ദിവസം, അതായത് നവംബർ പത്തിന് കേന്ദ്രസർക്കാരിന് സത്യവാങ്മൂലം നല്കാൻ കോടതി ഒരാഴ്ചത്തെ സമയം അനുവദിക്കുന്നു. തുടർന്ന് ഡിസംബർ ഏഴിന് വാദം കേൾക്കൽ പൂർത്തിയാക്കിയ കോടതി വിധി പറയൽ ജനുവരി 2 , അതായത് ഇന്നത്തേക്ക് മാറ്റിവെച്ചു

ശക്തമായ വാദപ്രതിവാദങ്ങളാണ് കോടതിയിൽ നടന്നത്. ഹർജിക്കാർക്ക് വേണ്ടി ഹാജരായത് മുൻ ധനമന്ത്രി പി.ചിദംബരമാണ്. നോട്ടുനിരോധനം എന്ത് അടിസ്ഥാനത്തിലാണ് കൈക്കൊണ്ടതെന്നും, തീരുമാനത്തിന് അടിസ്ഥാനമായ രേഖകൾ എവിടെയെന്നും ചിദംബരം ചോദിക്കുകയുണ്ടായി. മുൻപ് ഇത്തരത്തിൽ നോട്ടുകൾ നിരോധിക്കുമ്പോൾ പാർലമെന്റ് നിയമനിർമാണം നടത്തിയിരുന്നെന്നും, കള്ളപ്പണ നിരോധനമായിരുന്നു ലക്ഷ്യമെങ്കിൽ മറ്റ് വഴികൾ എന്തുകൊണ്ട് ആലോചിച്ചില്ല എന്നും അദ്ദേഹം ചോദിച്ചു. കറൻസികൾ സംബന്ധിച്ചുള്ള എല്ലാ തീരുമാനങ്ങളും റിസർവ് ബാങ്ക് എടുക്കേണ്ടതാണെന്നും എന്തുകൊണ്ട് സർക്കാർ ഏകപക്ഷീയമായ ഈ തീരുമാനം കൈക്കൊണ്ടുവെന്നും ചിദംബരം ചോദിച്ചു.

സർക്കാരും ആർ.ബി.ഐയും മറുപടികൾ നൽകി. നോട്ടുനിരോധനം രാജ്യപുരോഗതിക്ക് അത്യാവശ്യമായിരുന്നു എന്ന് ആർ.ബി.ഐ. തീരുമാനമെടുക്കുമ്പോൾ കോറം തികഞ്ഞിരുന്നോ എന്ന ചോദ്യത്തിന് തികഞ്ഞിരുന്നു എന്നും മറുപടി. എന്നാൽ ശ്രദ്ധിക്കേണ്ട ചില പരാമർശങ്ങളും കോടതി നടത്തിയിരുന്നു. സാമ്പത്തിക തീരുമാനങ്ങളിൽ ജുഡീഷ്യൽ റിവ്യൂകൾ ബാധകമല്ല എന്ന ആർ.ബി.ഐ പരാമർശത്തിന്, സാമ്പത്തിക തീരുമാനം എന്നതിനാൽ കോടതിക്ക് കയ്യും കെട്ടി നോക്കിനിൽകാനാകില്ലെന്ന് കോടതി മറുപടി പറയുന്നു. ജനങ്ങൾക് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്. ബാങ്കുകൾ തയ്യാറെടുത്തിരുന്നില്ല തുടങ്ങിയ കുറ്റസമ്മതങ്ങളും സർക്കാർ നടത്തി.

എങ്കിലും സാമ്പത്തികകാര്യങ്ങളിൽ നമ്മളിടപെടുന്നില്ല എന്ന രീതിയാണ് കോടതി ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. മാത്രമല്ല, ലക്ഷ്യം നേടിയോ എന്നത് പ്രസക്തമല്ല എന്ന അപകടകരമായ, ഭാവിയിൽ ദുരുപയോഗം ചെയ്തേക്കാവുന്ന പരാമർശവും ബി.ആർ ഗവായ് നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News