ശബരിമല മാളികപ്പുറത്തിന് സമീപം വെടിപ്പുരയ്ക്ക് തീപ്പിടിച്ച് മൂന്ന് പേര്‍ക്ക് പരുക്ക്. വെടിവഴിപാടിനുള്ള കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറിച്ചാണ് അപകടം. പരുക്കേറ്റ ചെങ്ങന്നൂര്‍ സ്വദേശികളായ മൂന്ന് പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം 4:50ഓടെ ശബരിമല മാളികപ്പുറത്തിന് സമീപമുള്ള വെടിപ്പുരയ്ക്കാണ് തീപ്പിടുത്തമുണ്ടായത്.
തൊഴിലാളികള്‍ വെടിവഴിപാടിനായി കതിന നിറക്കുന്നതിനിടെയായിരുന്ന് അപകടമുണ്ടായത്. കതിന പൊട്ടിത്തെറിച്ചതിന് പിന്നാലെ സമീപത്ത് സൂക്ഷിച്ചിരുന്ന മറ്റ് വെടിക്കോപ്പുകള്‍ക്കും തീപ്പിടിച്ചു. ഇതോടെയാണ് വെടിവഴിപാട് നടത്തുന്ന കരാറുകാരന്റെ ജീവനക്കാരായ കെ. ആര്‍ ജയകുമാര്‍, രജീഷ് , അമല്‍ എന്നിവര്‍ക്ക് പരുക്കേറ്റത്.
അപകടം നടന്ന ഉടന്‍ തന്നെ പരുക്കേറ്റ തൊഴിലാളികളെ ആംബുലന്‍സില്‍ സന്നിധാനത്തെ ആശുപത്രിയിലെത്തിക്കാനായി. തുടര്‍ന്ന് മൂവര്‍ക്കും സന്നിധാനം ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പമ്പ ആശുപത്രിയിലേക്കും അവിടെ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് വിദഗ്ധ ചികിത്സയ്ക്കായും കൊണ്ടുപോയി.
ജയകുമാറിന് 60 ശതമാനവും രജീഷിന് 28 ശതമാനവും അമലിന് 20 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. മൂവരും ചെങ്ങന്നൂര്‍ സ്വദേശികളാണ്. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ അപകടസ്ഥലത്തെ ശേഷിച്ച സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കി. അപകടകാരണം കൂടുതല്‍ അന്വേഷണത്തിലെ വ്യക്തമാകൂ.
അതേസമയം മാളികപ്പുറം വെടിപ്പുരയിലെ അപകടത്തില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പത്തനംതിട്ട ജില്ലാ കളക്ടറോട് അടിയന്തര റിപ്പോര്‍ട്ട് തേടി. ആശുപത്രിയില്‍ മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ മന്ത്രി കളക്ടറോട് നിര്‍ദ്ദേശിച്ചു. റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ശബരിമലയിലെ സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here