ഇടനിലക്കാരെ ഒഴിവാക്കാനൊരുങ്ങി ഇടുക്കിയിലെ ഏലം കർഷകർ

ഇടനിലക്കാരെ ഒഴിവാക്കി ഏലം നേരിട്ട് വിപണിയിലെത്തിക്കാനുള്ള തയാറെടുപ്പിൽ ഇടുക്കിയിലെ ഏലം കർഷകർ. മുണ്ടിയെരുമയിൽ മലനാടൻ ഏലം സംസ്കരണ കേന്ദ്രം കർഷക കൂട്ടായ്മയിൽ തുടക്കമിട്ടു. ആധുനിക സംവിധാനങ്ങളോടെയുള്ള സംസ്കരണ കേന്ദ്രമാണ് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധികളിലൂടെയാണ് ഇടുക്കിയിലെ ഏലം കർഷകർ കടന്നു പോകുന്നത്. വിലയിടിവും വളം കീടനാശിനികളുടെ വില വർധനവും കർഷകരെ ദുരിതക്കയത്തിലാക്കി. ഇടനിലക്കാരുടെ ചൂഷണവും ലേല കേന്ദ്രങ്ങളിലെ തട്ടിപ്പും പ്രതിസന്ധിക്കിടെയുള്ള തിരിച്ചടികളാണ്. ഇതോടെയാണ് സ്വന്തം നിലയിൽ ഏലക്കായ വിപണിയിലെത്തിക്കാനുള്ള തീരുമാനത്തിലേക്ക് കർഷകർ കടന്നിരിക്കുന്നത്.
കർഷക കൂട്ടായ്മയായ മലനാട് ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ ആധുനിക രീതിയിലുള്ള ഏലക്ക സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ കലക്ടർ ഷീബാ ജോർജ് നിർവഹിച്ചു. മായം കലരാതെ ഏറ്റവും നല്ല രീതിയിൽ ഏലക്കായ ഉത്പാദിപ്പിച്ചാൽ ഡിമാൻഡ് വർദ്ധിക്കുമെന്നും, ചെറുകിട കർഷകർക്ക് അതിലൂടെ മുന്നേറുവാൻ ആകുമെന്നും കളക്ടർ പറഞ്ഞു.
പ്രളയവും കോവിഡും ഏറ്റവും കൂടുതൽ ആഘാതം ഏൽപ്പിച്ചത് ഇടുക്കിയിലെ ചെറുകിട ഏലം കർഷകരെയാണ്. എന്നാൽ വിഷയത്തിന് പരിഹാരം കാണേണ്ട കേന്ദ്ര സർക്കാർ സ്പൈസസ് ബോർഡിൻ്റെ പ്രവർത്തനം തന്നെ അവസാനിപ്പിക്കാനുള്ള നീക്കത്തിലാണെന്ന് കർഷകർ പറയുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ ഏലം ഉത്പ്പാദിപ്പിക്കുന്ന ജില്ല കൂടിയാണ് ഇടുക്കി. എന്നാൽ പ്രതിസന്ധിക്കാലത്ത് പ്രശ്ന പരിഹാരത്തിന് ശ്രമിക്കേണ്ട എം.പി ഡീൻ കുര്യാക്കോസ് സ്പൈസസ് ബോർഡ് അംഗത്വം രാജി വെച്ചതും വൻ വിവാദമായിരുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News