ജനപ്രതിനിധികളുടെ വിവാദ പ്രസംഗം; അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാവില്ലെന്ന് സുപ്രീം കോടതി

മന്ത്രിമാര്‍ അടക്കമുള്ള ജനപ്രതിനിധികളുടെ വിവാദ പ്രസംഗങ്ങള്‍ തടയാന്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാവില്ലെന്ന് സുപ്രീം കോടതി. നിലവില്‍ ഭരണഘടനയിലുള്ള നിയന്ത്രണങ്ങള്‍ മതിയാകുമെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. അതേസമയം, ജസ്റ്റിസ് ബി വി നാഗരത്‌ന വിധിയെ അനുകൂലിച്ചെങ്കിലും വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചു. ഭരണഘടനയുടെ 19 -1 എ അനുഛേദപ്രകാരമുള്ള അവകാശത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്ക് പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാവില്ലെന്നാണ് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയത്.

ഇക്കാര്യത്തില്‍ നിലവില്‍ ഭരണഘടനയിലുള്ള നിയന്ത്രണങ്ങള്‍ മതിയാകും.പൗരന്റെ അവകാശം ലംഘിക്കുന്ന രീതിയുലുള്ള മന്ത്രിയുടേയോ ജനപ്രതിനിധികളുടെയോ പ്രസ്താവന ഭരണഘടനാലംഘനമായി കാണാനാകില്ല. അവകാശ ലംഘനത്തില്‍ നിയമപരമായ നടപടിയെടുത്തില്ലെങ്കില്‍ അത് ഭരണഘടനാലംഘനമാണെന്നും ഒരു മന്ത്രിയുടെ പ്രസ്താവന സര്‍ക്കാരിന്റെയാകെ അഭിപ്രായമായി പരിഗണിക്കാനാകില്ലെന്നും ജസ്റ്റിസ് അബ്ദുള്‍ നസീറിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിയിലൂടെ പ്രസ്താവിച്ചു. അതേസമയം ജസ്റ്റിസ് ബി വി നാഗരത്‌ന വിധിയെ അനുകൂലിച്ചെങ്കിലും വിദ്വേഷ പ്രസംഗങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന ഗുരുതര പ്രശ്‌നങ്ങളെ ചൂണ്ടിക്കാട്ടി. വിദ്വേഷ പ്രസംഗങ്ങള്‍ സമത്വം, സ്വാതന്ത്ര്യം സാഹോദര്യം എന്നിവയുടെ അടിസ്ഥാന മൂല്യങ്ങളെ തകര്‍ക്കുന്നുവെന്നും ബഹുസ്വര രാജ്യമായ ഇന്ത്യയുടെ മൂല്യങ്ങളെ സാരമായി ബാധിക്കുന്നുവെന്നും വിധി നിര്‍ണയത്തിനിടയില്‍ പരാമര്‍ശിച്ചു.

യുപിയില്‍ വിവാദ പ്രസംഗം നടത്തിയ അസംഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഭരണഘടനാ ബെഞ്ചിന്റെ ഈ നിര്‍ണായക വിധി. മന്ത്രിയായിരുന്ന സജി ചെറിയാന്റെ കാര്യത്തില്‍ ഇത്തരമൊരു പ്രശ്‌നം നിലനില്‍ക്കുന്നത് കൊണ്ട് തന്നെ സുപ്രീം കോടതിയുടെ വിധി നിലവിലെ കേരള രാഷ്ട്രീയത്തില്‍ വളരെ പ്രാധാന്യമുള്ളത് കൂടിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News