നടിയും നൃത്തസംവിധായകയുമായ ഗായത്രി രഘുറാം ബിജെപിയിൽ നിന്നും രാജിവെച്ചു.ഇതോടെ 8 വർഷം നീണ്ടു നിന്ന അവരുടെ ബിജെപി ബന്ധത്തിനാണ് അവസാനമായത്. ട്വിറ്ററിലൂടെയായിരുന്നു ഗായത്രിയുടെ രാജി പ്രഖ്യാപനം. പാർട്ടിക്കുള്ളിൽ സ്ത്രീകളോട് യാതൊരു ബഹുമാനവുമില്ലെന്നും ഇതാണ് രാജിക്ക് കാരണമെന്നും അവർ ട്വീറ്ററിൽ കുറിച്ചു.തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈയുടെ കീഴിൽ സ്ത്രീകൾ സുരക്ഷിതരല്ല.
വലിയ ദു:ഖത്തോടെയാണ് താൻ പാർട്ടി വിടാൻ തീരുമാനിച്ചതെന്നും ബിജെപിയിൽ സ്ത്രീകൾക്ക് യാതൊരുവിധ പരിഗണനയും ലഭിക്കുന്നില്ല എന്നും അവർ സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചു .അടുത്ത കാലത്ത് പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ മുഖ്യ വിമർശകയായിരുന്നു ഗായത്രി പാർട്ടിക്ക് പുറത്തുനിന്ന് ട്രോളുന്നതാണ് രാജി അറിയിച്ചു കൊണ്ടുള്ള കുറിപ്പിൽ പറഞ്ഞു.
ബിജെപിയുടെ കൾച്ചറൽ വിംഗിൻ്റെ ചുമതലയുണ്ടായിരുന്ന ഗായത്രിയെ അടുത്തിടെ അതിൽ നിന്നും ഒഴിവാക്കിയിരുന്നു.
പാർട്ടിയുടെ ഒബിസി വിഭാഗം നേതാവ് സൂര്യ ശിവ ന്യൂനപക്ഷ വിഭാഗം നേതാവ് ഡെയ്സിയെ അസഭ്യം പറഞ്ഞ സംഭവത്തിൽ ഗായത്രി പരസ്യ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു.ഇതിനെ തുടർന്നായിരുന്നു ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്.
യഥാർഥ ‘കാര്യകർത്താക്കളെ’ ആരും ശ്രദ്ധിക്കുന്നില്ലെന്നും യഥാർഥ പ്രവർത്തകരെ പാർട്ടിയിൽ നിന്നും പുറത്താക്കുക മാത്രമാണ് പാർട്ടി അധ്യക്ഷൻ അണ്ണാമലൈയുടെ ലക്ഷ്യമെന്നും ഗായത്രി ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും തന്റെ ‘വിശ്വഗുരു’ എന്നും ‘ചാണക്യ ഗുരു’ എന്നും വിശേഷിപ്പിച്ച ഗായത്രി അണ്ണാമലൈ കാരണമാണ് തിടുക്കപ്പെട്ട് രാജി തീരുമാനം എടുത്തതെന്നും വ്യക്തമാക്കി. അണ്ണാമലൈ വിലകുറഞ്ഞ തന്ത്രങ്ങൾ മെനയുന്ന നുണയനും അധാർമിക നേതാവുമാണെന്നും ഗായത്രി കുറ്റപ്പെടുത്തി.
”അണ്ണാമലൈയുടെ നേതൃത്വത്തിൽ എനിക്ക് തുടരാനാവില്ല. സാമൂഹിക നീതി പ്രതീക്ഷിക്കാനാവില്ല. ആരെങ്കിലും നിങ്ങളെ രക്ഷിക്കുമെന്ന് വിശ്വസിക്കരുത് സ്ത്രീകൾ സുരക്ഷിതരായിരിക്കുക. ആരും വരാൻ പോകുന്നില്ല. നിങ്ങൾ നിങ്ങളുടെതാണ്. നിങ്ങളെ ബഹുമാനിക്കാത്തിടത്ത് ഒരിക്കലും നിൽക്കരുത്” അവർ പറഞ്ഞു.
എട്ട് വർഷമായി തന്നോടൊപ്പം പ്രവർത്തിച്ച പാർട്ടിയിലെ എല്ലാ സഹപ്രവർത്തകർക്കും നന്ദി പറഞ്ഞ ഗായത്രി മറ്റുള്ളവരെ വേദനിപ്പിക്കുന്നത് ഹിന്ദു ധർമ്മമല്ലെന്നും കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here