കഥകളി വേഷപ്പകർച്ചയിൽ മന്ത്രി; 40 വർഷം മുമ്പ് ഒന്നാം സ്ഥാനം നേടിയ ഓർമ്മകളുമായി ആർ ബിന്ദു

അറുപത്തിയൊന്നാം സംസ്ഥാന സ്കൂൾ കലോത്സവം കോഴിക്കോട് പുരോഗമിക്കുമ്പോൾ 40 വർഷം മുമ്പ് നടന്ന കലോത്സവത്തിൽ പങ്കെടുത്ത് സമ്മാനം നേടിയ ഓർമ്മകൾ പങ്കുവെച്ചു കൊണ്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു.അന്ന് മന്ത്രിയോടൊപ്പം കലോത്സവത്തിൽ പങ്കെടുത്ത് സമ്മാനത്തിനർഹനായ കലാഭവൻ നൗഷാദ് പങ്കുവെച്ച ചിത്രവും ഫേസ്ബുക്കിൽ ആർ ബിന്ദു പങ്കുവെച്ചിട്ടുണ്ട്. 1982ൽ നടന്ന കലോത്സവത്തിൽ കഥകളിൽ ഒന്നാം സ്ഥാനം നേടിയ കിർമ്മീരവധത്തിലെ ലളിതയുടെ വേഷപ്പകർച്ചയോടെ മന്ത്രി വേദിയിൽ നിൽക്കുന്ന ചിത്രമാണ് പങ്കുവെച്ചിട്ടുള്ളത്.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം

മറ്റൊരു സംസ്ഥാന സ്കൂൾ കലോത്സവത്തിന് കോഴിക്കോട്ട് അരങ്ങുണരുമ്പോൾ പഴയൊരു ഓർമ്മയെ വീണ്ടെടുത്തു തന്നിരിക്കുന്നു, കലാഭവൻ നൗഷാദ്.

കഥകളിയിൽ ഒന്നാംസ്ഥാനം നേടിയ അക്കാലം ഇന്നെത്ര പിറകിലാണെങ്കിലും ഓർമ്മയിൽ മരതകപ്പച്ചപ്പോടെ തിളങ്ങി നിൽക്കുന്നു. കിർമ്മീരവധത്തിലെ ലളിതയായിരുന്നു അന്നത്തെ വേഷം. ‘കണ്ടാലതിമോദം’ എന്ന മദ്ധ്യകാലപദത്തിലെ വണ്ടുകളുടെ തിരിഞ്ഞോട്ടം, വള്ളികളുടെ നൃത്തം, എതിരേൽക്കൽ എന്നിങ്ങനെ, ഗൃഹാതുരത്വം പകരുന്ന ഊഷ്മളസ്‌മരണകൾ…

മോണോ ആക്ടിൽ അന്നു സമ്മാനിതനായ കലാഭവൻ നൗഷാദ് തന്റെ ഓർമ്മകൾക്കൊപ്പം ഈയുള്ളവളുടെ വിജയം കൂടി ഓർത്തെടുത്തത് യാദൃച്ഛികമെങ്കിലും മനോഹരമായി തോന്നുന്നു.

ജയപരാജയങ്ങൾക്കപ്പുറം, പങ്കാളിത്തം തന്നെ എക്കാലത്തേക്കും സുരഭിലമായ ഓർമ്മകൾ സമ്മാനിക്കുമെന്ന ഉൾനിറവോടെ അരങ്ങുകളിൽ നിറഞ്ഞാടാൻ, സ്കൂൾ കലോത്സവത്തിനെത്തുന്ന എല്ലാ യുവ പ്രതിഭകൾക്കും ഹൃദയപൂർവ്വം ആശംസകൾ നേരുന്നു.

സൗവർണ്ണമായൊരു ഓർമ്മച്ചിമിഴിനെ നെഞ്ചിലേക്കിട്ടു തന്നതിന് കലാഭവൻ നൗഷാദിനോട് പ്രത്യേകം സ്നേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News