വീണ്ടും ഭിന്നവിധിയുമായി ബിവി നാഗരത്ന; അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച ഭൂരിപക്ഷ വിധിയിലാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്

സുപ്രിംകോടതിയിൽ വീണ്ടും ഭിന്ന വിധിയുമായി ജസ്റ്റിസ് ബിവി നാഗരത്ന.മന്ത്രിമാരും നിയമസഭാ അംഗങ്ങളും പാർലമെൻ്റ് അംഗങ്ങളും നടത്തുന്ന പ്രസ്താവനകളുടെ ഉത്തരവാദിത്തം സർക്കാരിന്റെ തലയിൽ കെട്ടിവെയ്ക്കാനാവില്ലെന്ന് സുപ്രീം കോടതിയുടെ ഭൂരിപക്ഷ വിധിക്കെതിരെയാണ് നാഗരത്ന വിയോജിപ്പ് രേഖപ്പെടുത്തിയത്. കൂട്ടുത്തരവാദിത്തം എന്ന തത്വം നിലനിൽക്കുമ്പോഴും ഇത്തരം പ്രസ്താവനകൾക്കു സർക്കാരിനെതിരെ പഴിചാരാൻ ഉപയോഗിക്കാനാവില്ല എന്ന് സുപ്രിം കോടതി ഭൂരിപക്ഷ വിധിയിലൂടെ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ഏതെങ്കിലും കാര്യങ്ങളിലോ സർക്കാരിന്റെ സംരക്ഷണത്തിനുവേണ്ടിയോ ഒരു മന്ത്രി നടത്തിയ പ്രസ്താവന, കൂട്ടുത്തരവാദിത്തത്തിന്റെ പേരിൽ സർക്കാരിന്റെ മേൽ കെട്ടിവയ്ക്കാനാവില്ലെന്ന് സുപ്രിം കോടതി വിധിച്ചു

ഭരണഘടനയുടെ അനുച്ഛേദം 19 (2) പ്രകാരം പരാമർശിച്ചിട്ടുള്ളവയൊഴികെ, അഭിപ്രായസ്വാതന്ത്ര്യത്തിനെതിരെ മറ്റു നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയില്ലെന്നു വിധിയിൽ പറയുന്നു.
നോട്ടു നിരോധനം നിയമപരമാണോ എന്നതിൽ വിധി പ്രസ്താവിച്ച ജസ്റ്റിസ് എസ്എ നസീർ അധ്യക്ഷനായുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിൻ്റേതാണ് വിധി. ഇവിടെയും ബിആർ ഗവായ്, എഎസ്.ബൊപ്പണ്ണ, വിരാമസുബ്രഹ്മണ്യൻ, എന്നിവരടങ്ങിയ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയിൽ വിയോജിപ്പ് രേഖപെടുത്തി ജസ്റ്റിസ് ബിവി നാഗരത്ന ഭിന്ന വിധിയാണ് നൽകിയത്.

മന്ത്രിമാർ അടക്കമുള്ള പൊതുപ്രവർത്തകരുടെ അഭിപ്രായ സ്വാതന്ത്യത്തിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തണമെന്നുള്ള ഹർജികൾ തള്ളിയാണു സുപ്രീം കോടതിയുടെ പരാമർശം. മന്ത്രിമാർ പറയുന്നതിന്റെ ഉത്തരവാദിത്തം സർക്കാരിന് മേൽ പഴിചാരാനാകില്ല. അതു പറയുന്നയാളുടെ മാത്രം അഭിപ്രായമാണെന്നും കോടതി വ്യക്തമാക്കി. 2016 നവംബർ 8 ന് രാത്രിയിൽ 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയ കേന്ദ്ര സർക്കാർ തീരുമാനം ഇതേ ബെഞ്ച് കഴിഞ്ഞദിവസം ശരി വെച്ചിരുന്നപ്പോഴും ജസ്റ്റിസ് ബിവി നാഗരത്ന ഭിന്നവിധി പുറപ്പെടുവിച്ചിരുന്നു.

മന്ത്രിമാര്‍ നടത്തുന്ന അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ സര്‍ക്കാര്‍ തള്ളിപ്പറയാത്ത പക്ഷം അത് സര്‍ക്കാരിന്റെ നിലപാടായി കണക്കാക്കാമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ അംഗങ്ങളുടെ പ്രസ്താവനകൾ അതിരു കടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് നാഗരത്‌ന വിധിയിൽ വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ട് വ്യക്തമാക്കി.

അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും പൗരൻമാർക്ക് അത്യാവശ്യമായ അവകാശമാണ്.ഈ അവകാശം വഴി പൗരന്മാർക്ക് ഭരണത്തെക്കുറിച്ച് അറിവ് ലഭിക്കുമെന്നും ജസ്റ്റിസ് നാഗരത്ന തൻ്റെ വിധിന്യായത്തിൽ പറഞ്ഞു.

അതേ സമയം വിദ്വേഷ പ്രസംഗങ്ങള്‍ക്കും സമൂഹത്തിൻ്റെ വിവിധ തട്ടിൽ നിന്നുള്ള ജനങ്ങളെ താഴ്ത്തിക്കാണിക്കുന്ന പ്രസംഗങ്ങളും തടയുന്നതിനു പാര്‍ലമെന്റ് നിയമം കൊണ്ടുവരണമെന്ന് ജസ്റ്റിസ് ബിവി നാഗരത്‌ന തൻ്റെ ഭിന്നവിധിയിൽ പറഞ്ഞു.വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്ക് സിവില്‍, ക്രിമിനല്‍ കേസുകളുമായി കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് നാഗരത്‌ന വ്യക്തമാക്കി.

2016ൽ യുപിയിലെ ബുലന്ദ്ഷഹർ ബലാത്സംഗ കേസിൽ അന്നത്തെ ഉത്തർപ്രദേശിലെ മന്ത്രിയും സമാജ്‌വാദി പാർട്ടി നേതാവുമായ അസം ഖാന്റെ പരാമർശങ്ങൾക്കെതിരേ കേന്ദ്ര മന്ത്രി കൗശൽ കിഷോറാണ് ആദ്യം സുപ്രീം കോടതിയിൽ ഹർജി നൽകിയത്.സംഭവം രാഷ്ട്രീയ ഗൂഡാലോചനയെന്നാ​ണ് അസം ഖാൻ വിശേഷിപ്പിച്ചത്. മന്ത്രിമാരും ജനപ്രതിനിധികളും നടത്തിയ പരാമർശങ്ങൾക്കെതിരെ നൽകിയ ഹർജികളിലാണ് സുപ്രിംകോടതി വിധി പറഞ്ഞത്.

കേന്ദ്ര സർക്കാരിന് വേണ്ടി അറ്റോണി ജനറൽ ആർവെങ്കിട്ടരമണി, സോളിസിറ്റർ ജനറൽ തുഷാർ മേത്ത എന്നിവർ കോടതിയിൽ ഹാജരായി. ഭരണഘടന ബെഞ്ച് പരിഗണിക്കുന്ന വിഷയയത്തിൽ വിദ്വേഷ പ്രസംഗത്തിന്റെയോ മറ്റ് തരത്തിലുള്ള പരാമർശങ്ങളുടെയോ മേഖലകൾ കൈകാര്യം ചെയ്യുന്നതിന് നിയമ നിർമാണത്തിനുള്ള സാധ്യത പാർലമെന്റിന്റെ ഉത്തരവാദിത്തമാണെന്നും സുപ്രിം കോടതിയിൽ വാദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News