കേന്ദ്ര-സംസ്ഥാന സാമ്പത്തിക പ്രശ്‌നങ്ങള്‍;പ്രധാനമന്ത്രിക്ക് നിവേദനം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനം

പ്രധാന കേന്ദ്ര-സംസ്ഥാന സാമ്പത്തിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഭരണഘടനാ വ്യവസ്ഥകളില്‍ നിന്നുള്ള വ്യതിയാനങ്ങളും സുപ്രധാന കേന്ദ്ര സംസ്ഥാന സാമ്പത്തിക പ്രശ്‌നങ്ങള്‍ സംബന്ധിച്ചുമാണ് നിവേദനം നല്‍കുക.സംസ്ഥാന സര്‍ക്കാരിന്റെ കടമെടുപ്പ് പരിധി 2017 ന് മുമ്പുള്ള സ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. ഇതുള്‍പ്പെടെ ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കാത്തതും സംസ്ഥാനം അഭിമുഖീകരിക്കുന്നതുമായ പ്രധാന പ്രശ്‌നങ്ങള്‍ നിവേദനമായി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും.

സംസ്ഥാനത്തിന്റെ തനി കടമെടുപ്പ് പരിധി കണക്കാക്കുമ്പോള്‍ പൊതു കണക്കിനത്തില്‍ നീക്കിയിരിപ്പായി വരുന്ന തുകയെ സംസ്ഥാനത്തിന്റെ പൊതുകടത്തിലുള്‍പ്പെടുത്താന്‍ 2017ല്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഭരണഘടനയുടെ അനുച്ഛേദം 293(3)നെ തെറ്റായി വ്യാഖ്യാനിച്ചായിരുന്നു ഇത്. അതനുസരിച്ച് സംസ്ഥാന പൊതുമേഖലാ കമ്പനികള്‍-കോര്‍പ്പറേഷനുകള്‍, പ്രത്യക ഉദ്ദേശ സ്ഥാപനങ്ങള്‍ എന്നിവ സംസ്ഥാന ബജറ്റ് വഴിയോ അവര്‍ക്കായി നിശ്ചയിച്ചു നല്‍കിയ സംസ്ഥാനത്തിന്റെ നികുതി/സെസ്/ ഏതെങ്കിലും തരത്തിലുള്ള സംസ്ഥാന വരുമാനം എന്നിവ വഴിയോ തിരിച്ചടയ്ക്കുന്ന വായ്പകള്‍, അനുച്ഛേദം 293(3) പ്രകാരം കടമെടുപ്പിനുള്ള സമ്മതപത്രം പുറപ്പെടുവിക്കുമ്പോള്‍ സംസ്ഥാനം എടുത്ത കടമായി കണക്കാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്.

സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഗ്യാരണ്ടികളുടെ പിന്‍ബലത്തില്‍ എടുക്കുന്ന വായ്പകള്‍ സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള ബാധ്യതകളല്ല. അവയെ സംസ്ഥാനത്തിന്റെ ആകസ്മിക ബാധ്യതയായി മാത്രമേ കണക്കാക്കാനാകൂ. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ചില പ്രത്യേക ഉദ്ദേശ സ്ഥാപനങ്ങളായ കിഫ്ബി, കെ.എസ്.എസ്പി. എല്‍ മുതലായവ എടുക്കുന്ന എല്ലാ കടമെടുപ്പുകളും സംസ്ഥാന സര്‍ക്കാരിന്റെ പൊതുകടത്തിലാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, സമാന സ്ഥാപനങ്ങള്‍ എന്നിവ എടുക്കുന്ന വായ്പകള്‍ക്ക് ഇത് ബാധകമാക്കിയതും ഇല്ല. ഫെഡറല്‍ തത്വങ്ങളുടെ ലംഘനമായ ഈ നടപടി സംസ്ഥാനത്തിന്റെ വികസനത്തിന് തടസ്സമാണ്.

ഈ സാഹചര്യത്തിലാണ് പൊതുകണക്കിനത്തിലെ എല്ലാ നീക്കിയിരിപ്പുകളും സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പകളും സംസ്ഥാന സര്‍ക്കാരിന്റെ തനി കടമെടുപ്പ് പരിധി നിശ്ചയിക്കുന്നതില്‍ ഉള്‍പ്പെടുത്തുന്ന തീരുമാനം പുനഃപരിശോധിച്ച് 2017ന് മുമ്പ് നില നിന്നിരുന്ന സ്ഥിതി പുനഃസ്ഥാപിക്കണന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നത്.

ധനസഹായം

പത്തനംതിട്ട കല്ലുപ്പാറ വില്ലേജില്‍ കഴിഞ്ഞ മാസം 29 ന് നടന്ന
മോക് എക്‌സര്‍സൈസിനിടെ മണിമലയാറില്‍ മുങ്ങി മരണപ്പെട്ട ബിനു സോമന്റ നിയമപരമായ അനന്തരാവകാശികള്‍ക്ക് ധനസഹായം അനുദിക്കാന്‍ തീരുമാനിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് നാലുലക്ഷം രൂപ അനുവദിക്കും.

പുനര്‍നിയമനം

കാസര്‍കോഡ് ജില്ലാ ഗവ. പ്ലീഡര്‍ ആന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ തസ്തികയില്‍ മൂന്ന് വര്‍ഷത്തെ സേവന കാലാവധി പൂര്‍ത്തിയാക്കിയ കെ ദിനേശ്കുമാറിന് 29.05.2024 വരെ പുനര്‍നിയമനം നല്‍കാന്‍ തുരുമാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News