ആർഎസ്എസ്- ബിജെപി ഭരണത്തിൽ സ്ത്രീകൾ വെല്ലുവിളി നേരിടുന്നു: ജനാധിപത്യ മഹിള അസോസിയേഷൻ

കേരളത്തിൽ നടക്കുന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പതിമൂന്നാം ദേശീയ സമ്മേളനം ഇന്നത്തെ ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ കാലാവസ്ഥയില്‍ സവിശേഷ സ്ഥാനമുള്ളതാണ് എന്ന് അസോസിയേഷന്‍ അഖിലേന്ത്യാ സെക്രട്ടറി മരിയം ധാവ്ളെ. സ്ത്രീകളുടെ പൗരാവകാശവും തൊഴില്‍ അവകാശങ്ങളും കാറ്റില്‍ പറത്തിക്കൊണ്ട് ആര്‍എസ്എസ് പിന്തുണയുള്ള മോദി സര്‍ക്കാരിന് കീഴില്‍ ലിംഗ സമത്വം ദിനംപ്രതി അന്യമാകുകയാണ്. ‘സമത്വത്തിനായി ഐക്യത്തോടെ പോരാടുക’ എന്ന സമ്മേളനത്തിന്റെ മുദ്രാവാക്യം ഈ സാഹചര്യത്തിലാണ് ഏറെ പ്രസക്തി നേടുന്നതെന്നും മരിയം ധാവ്‌ളെ പറഞ്ഞു. അഖിലേന്ത്യാ സമ്മേളനത്തിനു മുന്നോടിയായി സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവര്‍.

ജനുവരി 6 മുതല്‍ 9 വരെയായി തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനത്തിൽ 25 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമായി 850 പ്രതിനിധികള്‍ പങ്കെടുക്കും. ഇന്ത്യന്‍ സ്ത്രീകള്‍ നേരിടുന്ന ഗുരുതരവും സമകാലികവുമായ പ്രശ്‌നങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. ആറ് കമ്മീഷന്‍ പേപ്പറുകള്‍ സമ്മേളനം വിശദമായി ചര്‍ച്ച ചെയ്യും. .

ഉദ്ഘാടന സമ്മേളനത്തിൽ മഹിളാ അസോസിയേഷന്‍ ‘പ്രതിരോധത്തിന്റെ പ്രതീകങ്ങളെ’ ആദരിക്കും. ടിഎംസി അതിക്രമങ്ങളെ അതിജീവിച്ച പശ്ചിമ ബംഗാളില്‍ നിന്നുള്ള ഫൂലോറ മൊണ്ടല്‍, ഹരിയാനയില്‍ നിന്നുള്ള കര്‍ഷക പ്രസ്ഥാനത്തിന്റെ നേതാവ് ഷീല ബുട്ടാന, ഒഡീഷയില്‍ നിന്നുള്ള മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കെതിരെ സ്ത്രീകളെ സംഘടിപ്പിച്ച സംയുക്ത ഷെട്ടി, ഹരിയാനയില്‍ നിന്നുള്ള അങ്കണവാടി സമരത്തിന്റെ നേതാവ് ശകുന്തള, അക്രമത്തെ അതിജീവിച്ച തമിഴ്‌നാട്ടില്‍ നിന്നുള്ള രേവതി എന്നിവരാണ് ആദരിക്കപ്പെടുന്നത്.

പൗരാവകാശ പ്രവര്‍ത്തക ടീസ്റ്റ സീതല്‍വാദ്, സാമ്പത്തിക വിദഗ്ധ മധുര സ്വാമിനാഥന്‍, വനിതാ പ്രസ്ഥാനത്തിന്റെ മുന്‍നിര നേതാവ് ഇന്ദു അഗ്നിഹോത്രി, കീര്‍ത്തി സിംഗ്, അര്‍ച്ചന പ്രസാദ് തുടങ്ങിയവര്‍ സമ്മേളനത്തിലെ പ്രത്യേക ക്ഷണിതാക്കളാകും.

ടാഗോര്‍ ഹാളില്‍ പ്രതിനിധി സമ്മേളനം നടക്കുന്ന വേദിക്ക് എം.സി. ജോസഫൈന്‍ നഗര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. കേരള കലാമണ്ഡലം പബ്ലിക് ഡീംഡ് യൂണിവേഴ്‌സിറ്റി ചാന്‍സലറും ലോകപ്രശസ്ത നര്‍ത്തകിയും ഗുജറാത്തിലെ വര്‍ഗീയ രാഷ്ട്രീയത്തെ ധീരതയോടെ എതിര്‍ത്ത പ്രവര്‍ത്തകയായ മല്ലിക സാരാഭായി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജനുവരി 6ന് സമ്മേളന വേദിയില്‍ എഐഡിഡബ്ല്യുഎ അഖിലേന്ത്യാ പ്രസിഡന്റ് മാലിനി ഭട്ടാചാര്യ ഉയര്‍ത്തുന്നതോടെ ദേശീയ സമ്മേളനത്തിന് തുടക്കമാകും.

ജനുവരി ഒമ്പതിന് സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഒരു ലക്ഷം സ്ത്രീകള്‍ പങ്കെടുക്കുന്ന പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയും സമ്മേളനം സമാപിക്കും.

സ്പാറ്റോയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ചരിത്രത്തിലെ സ്ത്രീ പോരാളികളെ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച കലണ്ടർ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡൻ്റുമായ സുഭാഷിണി അലി പ്രകാശനം ചെയ്തു. വാര്‍ത്താസമ്മേളനത്തില്‍ പികെ ശ്രീമതി ടീച്ചര്‍, കെകെ. ശൈലജ ടീച്ചര്‍, സൂസന്‍ കോടി, സിഎസ് സുജാത, പി. സതീദേവി ,ഡോ ടിഎൻ സീമഎന്നിവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News