കൂന്താലിപ്പുഴയിലും കുട്ടനാട്ടിലും ഒഴുകി നടന്ന, ആ ഗ്രാമങ്ങളുടെ പാട്ടുകാരന്‍

ബീയാര്‍ പ്രസാദ് ,കേരളത്തിന്റെ മനോഹാരിതയെ പാട്ടുകളില്‍ നിറച്ച ഗാനരചയിതാവ്. രചിച്ച പാട്ടുകളിലെല്ലാം കേരളത്തിന്റെ പ്രകൃതിയും ചാരുതയും അദ്ദേഹം വിളക്കി ചേര്‍ത്തിരുന്നു.മലയാളം നെഞ്ചോടു ചേര്‍ത്ത കേരനിരകളാടും എന്ന ഒറ്റ പട്ടു മതി ഇദ്ദേഹത്തെ ഓര്‍ക്കാന്‍.

ആലപ്പുഴയിലെ മങ്കൊമ്പ് സ്വദേശിയാണ് ബീയാര്‍ പ്രസാദ്. ബി രാജേന്ദ്രപ്രസാദ് എന്നായിരുന്നു യഥാര്‍ത്ഥനാമം . ചെറുപ്പത്തില്‍ തന്നെ എഴുത്തിനോടായിരുന്നു കമ്പം. എഴുതി തുടങ്ങിയതോടെ പേര് ബി ആര്‍ പ്രസാദ് എന്നാക്കി. എന്നാല്‍ അതേ പേര് മറ്റൊരു എഴുത്തുകാരനും ഉണ്ടെന്നറിഞ്ഞതോടെ തന്റെ പേര് മാറ്റാതെ മാറ്റുകയായിരുന്നു ബീയാര്‍.

പ്രിയദര്‍ശന്റെ കിളിച്ചുണ്ടന്‍ മാമ്പഴത്തിലൂടെയായിരിന്നു ഗാനരചയിതാവെന്ന നിലയിലുള്ള അരങ്ങേറ്റം. മലയാളികളുടെ മനം നിറച്ച കിളിച്ചുണ്ടന്‍ മാമ്പഴമേ , കസവിന്റെ തട്ടമിട്ട് എല്ലാം ബീയാറിന്റെ പ്രഥമ ചിത്രത്തിലെ ഗാനങ്ങള്‍ . തട്ടവും വെള്ളിയരഞ്ഞാണവും പൊന്നിന്റെ കൊലുസുമെല്ലാം അണിഞ്ഞ് കൂന്താലിപ്പുഴയൊഴുകിയത് കേട്ടവരുടെ നെഞ്ചിലേക്കായിരുന്നു . പുഴയുടെ കുളിരും ഓളം തുള്ളലും എല്ലാം കുസൃതിയായ ഒരു മൊഞ്ചത്തിയുടെ ഭാവങ്ങളിലേക്ക് അദ്ദേഹം ചേര്‍ത്ത് വച്ചു. അത് കൊണ്ടായിരിക്കാം കേട്ട എല്ലാ മലയാളികളും, സിനിമയിലെ കഥ നടക്കുന്ന ഗ്രാമം പോലെത്തന്നെ സങ്കല്പികമായ കൂന്താലിപ്പുഴയെ അന്വേഷിച്ചലഞ്ഞത്. അവിടുന്നങ്ങോട്ട് മലയാളക്കര കാണുന്ന ഓരോ മൊഞ്ചത്തികളിലും കൂന്താലിപ്പുഴയെയും തിരഞ്ഞു.

വാക്കുകളിലെ സാധാരണത്വം കൊണ്ടും ബാല്യത്തിന്റെ ഓര്‍മകളുമായി ഏറെ ചേര്‍ന്ന് നില്‍ക്കുന്നത് കൊണ്ടുമെല്ലാം ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ട് കിളിച്ചുണ്ടന്‍ മാമ്പഴമേ എന്ന പാട്ടിന്. മുസ്ലിം പശ്ചാത്തലത്തില്‍ നടക്കുന്ന കഥയായത് കൊണ്ട് തന്നെ അതുമായി ചേര്‍ന്ന് നില്‍ക്കുന്ന വാക്കുകളും പ്രയോഗങ്ങളും പാട്ടില്‍ ഉപയോഗിച്ചിട്ടുണ്ട് .എന്നാല്‍ അവയെ ഈണത്തില്‍ നിന്നും ഒട്ടും വിട്ടു നില്‍ക്കാതെ പാട്ടില്‍ ഇങ്ങനെ കൊരുത്തു വച്ചിരിക്കുന്നു .നീ സ്വര്‍ണ്ണതുരുമ്പായി ഖല്‍ബിലിരുന്നു.എത്ര ഉരച്ചാലും പോവാത്ത നിര്‍ബന്ധ ബുദ്ധിയുള്ള തുരുമ്പിനോട് കാമുകനെ ചേര്‍ത്ത് വയ്ക്കാന്‍ ബീയാര്‍ മാത്രമേ ധൈര്യം കാണിച്ചിട്ടുള്ളൂ . ‘

ഈരില പോലെ നാമിരുപേര്‍ ഓത്തുപള്ളീല്‍ ഒത്തു ചേര്‍ന്നൂ ഏറിയ നാളു പോയതല്ലേ ?’. മുസ്ലിം കഥാപശ്ചാത്തലങ്ങളില്‍ ബാല്യകാല പ്രണയസ്മരണകളിലെല്ലാം ഓത്തുപള്ളിക്കാലമുണ്ട് . ബഷീറിന്റെ പ്രേമലേഖനം തൊട്ട് നമ്മള്‍ ഓര്‍ത്തു വച്ചിരിക്കുന്ന ഈ സമരണയെ ബീയാര്‍ അനശ്വരമാക്കി. ഗ്രാമ്യമായ കാല്പനികതകളും കുട്ടിക്കാലത്തിന്റെ സമരണകളായി വരിയില്‍ നിറയുന്നു. പാതി കടിച്ച് പങ്കു വച്ച കണ്ണിമാങ്ങകളത്രയും ബീയാറിന്റെ തൂലികയില്‍ കിനാവുകളായിരുന്നു. അതേ ബാല്യത്തിന്റെ ഭംഗി നിലനിര്‍ത്തിക്കൊണ്ടു തന്നെ നഷ്ടവും ബീയാര്‍ പാടുന്നു .അന്ന് പങ്കു വച്ച കണ്ണിമാങ്ങകളുടെ മാഞ്ചുന പോല്‍ പൊള്ളിടുന്നു സഖി കടം തന്ന ഉമ്മകളെല്ലാം.

കിളിച്ചുണ്ടന്‍ മാമ്പഴത്തെക്കാളും ഗ്രാമ്യകല്പനകള്‍ വിരിയുന്നത് വെട്ടം എന്ന ചിത്രത്തിന് വേണ്ടി ബീയാര്‍ രചിച്ച ഗാനങ്ങളിലാണ്. ഒരു കാതിലോല എന്ന് തുടങ്ങുന്ന ഒറ്റ ഗാനം മാത്രം മതി ഇതിനുദാഹരണമായി. കല്യാണി രാഗത്തില്‍ തെരുതെരെ വാക്കുകള്‍ കൊണ്ട് മന്ത്രജാലം തീര്‍ക്കുകയായിരുന്നു അദ്ദേഹം .
‘മണ്‍ വഴികളില്‍ മണം തന്നിടറിയ മഴ
പൊന്‍ വയലിലെ വെയില്‍ മഞ്ഞലകളുമായ്
തന്‍ തണുവൊട് നിലാവന്നെഴുതിയ കിനാവി-
ന്നരുമയില്‍ തൊടും കണ്‍ നിറവുകളായ്’
മറന്നു പോയ നാട്ടുഭംഗികളെല്ലാം കണ്ണില്‍ തെളിയുന്നു ഈ വരികളില്‍ .പാട്ടില്‍ പറഞ്ഞു വയ്ക്കുന്നത് പോലെ
‘കഥകളില്‍ മയങ്ങി കവിതയില്‍ ഉണര്‍ന്ന
കനവുകള്‍ വിടര്‍ന്ന ചിറകുകളാല്‍’ സംവിധായകന് മുന്നിലേക്ക് കഥ പറയാനായി പോയി ഗാനരചയിതാവായി മാറിയ സ്വന്തം ജീവിതം കൂടി അദ്ദേഹം എഴുതിച്ചേര്‍ത്തിരിക്കുന്നത് എത്ര മനോഹരമായാണ്.

കുട്ടനാട്ടുകാരനായിരുന്നു ബീയാര്‍. ജലോത്സവത്തിന് വേണ്ടി രചിച്ച മാസ്റ്റര്‍പീസ്. ‘കേരനിരകളാടും ഒരു ഹരിത ചാരുതീരം’ ഒരു പക്ഷെ കേരളം എന്ന പേരിനോടൊപ്പം ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ട ഗാനവും ഇതായിരിക്കും സരസ്വതി രാഗത്തില്‍ ആണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് . കായലലകളും ഈറന്‍കാറ്റും ഇളഞാറും ചേര്‍ന്ന കുട്ടനാടിന്റെ ഈണം പാടാതെ ബീയാറിലെ കുട്ടനാട്ടുകാരന്‍ പൂര്‍ണ്ണനാകുന്നതെങ്ങിനെ?
ബീയാര്‍ മറയുമ്പോള്‍ മലയാളചലച്ചിത്ര ഗാനങ്ങളിലെ ഗ്രാമങ്ങളുടെ പാട്ടുകാരന്‍ കൂടിയാണ് മറയുന്നത്. പ്രകൃതിവര്‍ണ്ണനകള്‍ കൊണ്ട് കവിതകളില്‍ ഗ്രാമ്യഭംഗി നിറച്ച പി കുഞ്ഞിരാമന്‍നായര്‍ ഓര്‍മിപ്പിച്ചിരുന്നു ബീയാര്‍ എന്നും. ഇന്ന് മാഞ്ചുനാ പോല്‍ പൊള്ളിടുന്നു ആ വിയോഗം…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News