എയര്‍ ഇന്ത്യ വിമാനത്തില്‍ യുവതിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം: യാത്രക്കാരന് 30 ദിവസത്തെ വിലക്ക്

എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ യാത്രക്കാരനു 30 ദിവസത്തെ യാത്രാ വിലക്ക്. ന്യൂയോര്‍ക്കില്‍നിന്നു ഡല്‍ഹിയിലേക്കുള്ള വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ നവംബര്‍ 26നാണു സംഭവം നടന്നത്.

”എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നതിനു 30 ദിവസത്തേക്കോ അല്ലെങ്കില്‍ ആഭ്യന്തര സമിതി തീരുമാനം വരുന്നതുവരെയോ ഏതാണോ നേരത്തെയുള്ളത് അതുവരെയാണു വിലക്ക്,” എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.

വിഷയം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുന്നതിനായി എയര്‍ ഇന്ത്യ അഭ്യന്തര സമിതിയെ നിയോഗിച്ചു. വിമാനജീവനക്കാരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ അന്വേഷിക്കാനും ‘സാഹചര്യം വേഗത്തില്‍ പരിഹരിക്കുന്നതിലുണ്ടാകുന്ന പോരായ്മകള്‍ പരിഹരിക്കാനും’ ഉദ്ദേശിച്ച് ആഭ്യന്തര സമിതി രൂപീകരിച്ചതായി വക്താവ് പറഞ്ഞു.

”ഒരു യാത്രക്കാരന്‍ അസ്വീകാര്യമായ രീതിയില്‍ പെരുമാറുകയും മറ്റൊരാളെ ബാധിക്കുകയും ചെയ്ത സംഭവത്തെക്കുറിച്ച് ഞങ്ങള്‍ക്കറിയാം. അന്വേഷണത്തിലും റിപ്പോര്‍ട്ടിങ് പ്രക്രിയയിലും പരാതിക്കാരിയുമായും അവരുടെ കുടുംബവുമായും നിരന്തരം ബന്ധപ്പെട്ടു,” വക്താവ് പറഞ്ഞു.

സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) എയര്‍ ഇന്ത്യയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംഭവത്തെ നിസാരവത്കരിക്കുകയും അശ്രദ്ധ കാണിക്കുകയും ചെയ്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഡിജിസിഎ അറിയിച്ചു.

സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കാനും മോശമായി പെരുമാറിയ വ്യക്തിക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കാനും പൊലീസിനും റെഗുലേറ്ററി അധികാരികൾക്കും റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു. കുറ്റാരോപിതനെതിരെ പീഡനം, അപമര്യാദയായ പ്രവൃത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു. വിമാനക്കമ്പനിയില്‍നിന്ന് നടപടിയൊന്നും നേരിടാതെയാണു കുറ്റാരോപിതന്‍ പോയതെന്നാണു പൊലീസ് പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News