വിമാനത്തിൽ മൂത്രമൊഴിച്ച സംഭവം; പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി ദില്ലി പൊലീസ്. മുംബൈ സ്വദേശിയും വ്യവസായിയുമായ ശേഖർ മിശ്രയാണ് പ്രതി. സ്ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ശേഖർ മിശ്രയ്ക്കെതിരെ ദില്ലി പൊലീസ് കേസ് എടുത്തത്. യാത്രക്കാരിയുടെ പരാതി പൊലീസിന് കൈമാറുന്നതിൽ എയർ ഇന്ത്യയ്ക്ക് വീഴ്ച പറ്റിയെന്നും പൊലീസ് പറഞ്ഞു.

വെൽസ് ഫാർഗോ എന്ന അമേരിക്കൻ മൾട്ടിനാഷണൽ ഫിനാൻഷ്യൽ സർവീസ് കമ്പനിയുടെ ഇന്ത്യാ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റാണ് ശേഖർ മിശ്ര. ദില്ലി പൊലീസിന്റെ ഒരു സംഘം ശേഖര്‍ മിശ്രയെ അറസ്റ്റ് ചെയ്യാന്‍ മുംബൈയിൽ തുടരുകയാണ്.

കർണാടക സ്വദേശിനിയുടെ ദേഹത്ത് നവംബർ 26നാണ് മദ്യ ലഹരിയിൽ ആയിരുന്ന ശേഖർ മിശ്ര വിമാനത്തിൽ വെച്ച് മൂത്രം ഒഴിച്ചത്. യാത്രക്കാരിയുടെ പരാതി പൊലീസിന് കൈമാറിയത് രണ്ട് ദിവസത്തിന് ശേഷമാണ്. നിയമ നടപടി വൈകിപ്പിച്ചതിൽ എയർ ഇന്ത്യ ക്യാബിൻ ക്രൂവിനും പങ്കുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ.

ശേഖര്‍ മിശ്രയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാനാണ് പൊലീസിന്റെ നീക്കം. സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ന്യൂയോർക്ക് – ഡൽഹി വിമാനത്തിലെ ക്യാബിൻ ക്രൂ അംഗങ്ങളെയും പൊലീസ് ചോദ്യംചെയ്തേക്കും. പരാതിയിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചു എന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. സംഭവത്തിൽ വിശദമായ റിപ്പോർട്ട് എയർ ഇന്ത്യ ഡി.ജി.സി.എയ്ക്ക് നൽകി.

ഡിസംബർ 6ലെ പാരിസ് – ദില്ലി എയർ ഇന്ത്യ വിമാനത്തിലും മദ്യപിച്ച യാത്രക്കാരൻ സഹയാത്രികയുടെ പുതപ്പിൽ മൂത്രമൊഴിച്ചു. യാത്രക്കാരിയുടെ പരാതിയിൽ യാത്രക്കാരനെ കസ്റ്റഡിയിൽ എടുത്തെങ്കിലും മാപ്പ് എഴുതി നൽകിയതിനാൽ തുടർനടപടികൾ അവസാനിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News