പ്രതാപചന്ദ്രന്റെ മരണം; ചുരുളഴിഞ്ഞ് KPCCയുടെ സാമ്പത്തിക ക്രമക്കേട്

കെ.പി.സി.സി ട്രഷറർ പ്രതാപചന്ദ്രൻ്റെ മരണവുമായി ബന്ധപ്പെട്ട് മക്കൾ പരാതിയുമായി രംഗത്തെത്തിയതോടെ ചുരുളഴിയുന്നത് കെ.പി.സി.സിയുടെ കോടികളുടെ സാമ്പത്തിക ക്രമക്കേടുകൾ. ഭാരത് ജോഡോ യാത്രക്ക് വേണ്ടി പിരിച്ച പണം പോലും വെട്ടിച്ചുവെന്നാണ് കണ്ടെത്തിയത്. കെ.പി.സി.സി. ആസ്ഥാനം കേന്ദ്രികരിച്ച് നടക്കുന്ന ദുരൂഹ ഇടപാടുകളും കോൺഗ്രസിനകത്ത് ചർച്ചയായിരിക്കുകയാണ്.

പ്രതാപ ചന്ദ്രൻ്റെ മരണം കോൺഗ്രസ് നേതാക്കളുടെ മാനസിക പീഡനം മൂലമാണെന്ന ഗുരുതര പരാതിയുമായി മക്കൾ രംഗത്തെത്തിയതോടെയാണ് കെ.പി.സി.സി. ആസ്ഥാനം കേന്ദ്രീകരിച്ച് നടക്കുന്ന മാഫിയാപ്രവർത്തനങ്ങൾ പുറംലോകം അറിഞ്ഞത്.കെ.സുധാകരൻ കെ.പി.സി.സി. പ്രസിഡൻ്റായി ചുമതലയേറ്റ ശേഷം നിയമിച്ച ചിലരാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പ്രതാപചന്ദ്രന്റെ മരണത്തിന് ഉത്തരവാദികളെന്ന് കുടുംബത്തിൻ്റെ പരാതിയിൽ പറയുന്ന പ്രമോദ് സുധാകരൻ്റെ അനുയായി ആണ്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ സ്റ്റാഫംഗം രമേശ് കാവിൽ ആണ് മറ്റൊരാൾ.ജോഡോ യാത്രകായി പിരിച്ച പണത്തിൽ വെട്ടിപ്പ് നടത്തിയെന്ന വിവരവും പുറത്ത് വരുന്നുണ്ട്.

ചില നേതാക്കളുടെ അറിവോടെ കെ.പി..സി.സി ഓഫീസിലെ ജിവനക്കാരനാണ് ഫണ്ട് വെട്ടിച്ചതെന്നാണ് സൂചന.137 ചലഞ്ച് ഫണ്ടിലും വ്യാപക ക്രമക്കേടുകൾ നടന്നു. 50 കോടി രൂപ പിരിച്ചെടുക്കാനാണ് തീരുമാനിച്ചതെങ്കിലും എത്ര പിരിച്ചുവെന്ന് കെ സുധാകരന് പോലും അറിയില്ല. ട്രഷററായ പ്രതാപചന്ദ്രൻ അറിയാതെയാണ് പല സാമ്പത്തിക ഇടപാടുകളും നടന്നത്.ഇതിനെച്ചൊല്ലി പ്രതാപചന്ദ്രനും ചില നേതാക്കളുമായി അസ്വാരസ്യം ഉണ്ടായിരുന്നു. ഇക്കാര്യങ്ങളൊക്കെ അദ്ദേഹം മക്കളോട് പങ്ക് വെച്ചിരുന്നു.മക്കളുടെ പരാതിയിൽ കേസ് എടുക്കാനുളള നീക്കങ്ങൾ പൊലീസ് ആരംഭിച്ചതോടെയാണ് പരാതി പിൻവലിക്കാൻ മക്കൾക്ക് മേൽ നേതൃത്വം സമ്മർദ്ദം ചെലുത്തിയത്.അന്വേഷണം ഉന്നത നേതാക്കളിലേക്ക് എത്തും എന്ന ഭയം മൂലമാണ് സമ്മർദ്ദം ചെലുത്തി പരാതി പിൻവലിപ്പിച്ചത്. പാർട്ടിക്കുള്ളിൽ വിഷയം ശക്തമായി ഉന്നയിക്കാനാണ് ഒരു വിഭാഗം നേതാക്കളുടെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News