മലയാളി മനസിൽ എന്നും തങ്ങിനിൽക്കുന്ന നിരവധി മനോഹര ഗാനങ്ങള്‍ സമ്മാനിച്ച ഗാനരചയിതാവ് ബീയാർ പ്രസാദിന് നാടിൻറെ യാത്രാമൊഴി. ആലപ്പുഴ മങ്കൊമ്പിലെ വീട്ടുവളപ്പിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചു.
ജലോത്സവം എന്ന സിനിമയ്ക്ക് വേണ്ടി അദ്ദേഹമെഴുതിയ ‘കേരനിരകളാടും ഒരു ഹരിത ചാരുതീരം ‘ എന്ന ഗാനം ആലപിച്ചാണ് കുട്ടനാട്ടുകാര്‍ അവരുടെ പ്രിയപ്പെട്ട എഴുത്തുകാരനെ യാത്രയാക്കിയത്. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ബീയാർ കഴിഞ്ഞദിവസമാണ് വിടപറഞ്ഞത്.
രണ്ടുവര്‍ഷംമുമ്പ് വൃക്കമാറ്റിവെച്ചതിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു അദ്ദേഹം. കുറച്ചുനാളുകള്‍ക്ക് മുന്‍പ് ചാനല്‍ പരിപാടിക്കായി തിരുവനന്തപുരത്തെത്തിയപ്പോള്‍ ദേഹാസ്വസ്ഥ്യമുണ്ടാവുകയും തുടർന്ന് നടത്തിയ പരിശോധനയില്‍ മസ്തിഷ്‌കാഘാതം സ്ഥിരീകരിക്കുകയുമായിരുന്നു.
സീതാകല്യാണം, ജലോത്സവം, വെട്ടം, തട്ടുംപുറത്ത് അച്യുതൻ തുടങ്ങിയ അറുപതോളം ചിത്രങ്ങളിൽ ഗാനരചന നിർവഹിച്ചു. അവയിൽ പലതും വൻ ഹിറ്റുകളായിരുന്നു. കസവിന്റെ തട്ടമിട്ട്, ഒന്നാനാം കുന്നിൻമേൽ, വെട്ടത്തിലെ മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി, ഒരു കാതിലോല ഞാൻ കണ്ടീല, എന്നിവയെല്ലാം മലയാളികൾ ഏറ്റുപാടി. നാൽപതോളം നാടകങ്ങളെഴുതി. ഇരുപത്തൊന്നാം വയസ്സിൽ ആട്ടക്കഥയെഴുതിയിട്ടുണ്ട്. കഥയെഴുതിത്തുടങ്ങിയ കാലത്താണ് ബി. രാജേന്ദ്രപ്രസാദ് ബി ആർ പ്രസാദെന്ന് പേരുമാറ്റിയത്.
അതേപേരിൽ മറ്റൊരെഴുത്തുകാരനുണ്ടെന്നറിഞ്ഞ് പേര് ബീയാർ പ്രസാദെന്ന് മാറ്റി. ഒട്ടേറെ കഥകളും ചന്ദ്രോത്സവം എന്ന നോവലും എഴുതി. തീർത്ഥാടനം എന്ന സിനിമയിൽ നാരായണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് നടനെന്ന നിലയിലും ശ്രദ്ധേയനായി. സിനിമകൾ കൂടാതെ സംഗീത ആൽബങ്ങൾക്കും ബീയാർ പ്രസാദ് രചന നിർവഹിച്ചിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here