നിർമാണ പദ്ധതികൾ സംയുക്തമായി ഏറ്റെടുത്ത് നടപ്പാക്കുന്നതിനായി മിനി രത്ന വിഭാഗത്തിൽ പെട്ട കേന്ദ്ര പൊതുമേഖലാ സ്ഥാപമായ റൈറ്റ്സ് ലിമിറ്റഡും കേരള ഇൻഫ്രാ സ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബോർഡിന്റെ ( കെ ഐ ഐ എഫ് ബി) കീഴിലുള്ള കിഫ്കോണും ധാരണാപത്രത്തിൽ ഒപ്പ് വച്ചു.
ഇത് പ്രകാരം രാജ്യത്തിനകത്തും വിദേശങ്ങളിലും ഹൈവേകൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ജലമാർഗങ്ങൾ, മെട്രോ ഉൾപ്പെടെയുള്ള നഗര ഗതാഗതം, പാലങ്ങൾ, റെയിൽവേ പശ്ചാത്തല വികസനം തുടങ്ങിയവയുടെ രൂപകൽപനയും നിർമാണവും ഇരു സ്ഥാപനങ്ങളും ചേർന്ന് നിർവഹിക്കും. രണ്ട് കമ്പനികളുടേയും ശക്തി സ്വാംശീകരിച്ചു കൊണ്ട് മികച്ച ഫലം ലഭ്യമാക്കുക എന്ന തന്ത്രമാണ് പ്രയോഗിക്കുക.
വിവിധ മേഖലകളിൽ വിദഗ്ധോപദേശം നൽകുന്നതിന് പുറമെ സാങ്കേതിക വൈദഗധ്യവും വിപണന രംഗത്തെ മികവും ഈ സംയുക്ത സംരംഭം വിജയിപ്പിക്കുന്നതിനായി റൈറ്റ്സ് ലഭ്യമാക്കുമെന്ന് റൈറ്റ്സ് ചീഫ് സ്ട്രാറ്റജി ഓഫീസർ മനോബേന്ദ്ര ഘോഷാൽ പറഞ്ഞു.
കേരളത്തിൽ സുസ്ഥിര പശ്ചാത്തല സൗകര്യ വികസനത്തിലേർപ്പെട്ടിട്ടുള്ള സ്ഥാപനമാണ് കെ ഐ ഐ എഫ് ബി യെങ്കിൽ 48 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള റൈറ്റ്സ്, ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക, ഗൾഫ് എന്നിവിടങ്ങളിലെ 55-ലധികം രാജ്യങ്ങളിൽ ഇതിനകം വിവിധ പദ്ധതികൾ ഏറ്റെടുത്തിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here