സംഗീതജ്ഞൻ മാത്രമല്ല,പ്രിൻസിപ്പൽ കൂടിയായ റഹ്മാൻ്റെ വിശേഷങ്ങൾ പങ്കു വച്ച് വിശാൽ ചന്ദ്രശേഖ

 ആദർശ് ദർശൻ

ലോകത്തിന് മുന്നിൽ രാജ്യത്തിൻറെ യശസ്സുയർത്തിയ സംഗീതജ്ഞനാണ് എ ആർ റഹ്മാൻ. ആരാധകർ അഭിമാനത്തോടെ നെഞ്ചേറ്റിയ ‘ഇസൈ പുയൽ’. സംഗീതജ്ഞൻ, ഗായകൻ എന്നീ നിലകളിൽ എ ആർ റഹ്മാൻ ലോക പ്രസിദ്ധനാണ്. എക്കാലത്തെയും മികച്ച സംഗീത സംവിധായകരിൽ ഒരാളായ സംഗീത മാന്ത്രികൻ ഇന്ന് 56 ാം പിറന്നാൾ ആഘോഷിക്കുന്നു. ലോകമെങ്ങുമുള്ള സംഗീതാസ്വാദകരുടെ ഹൃദയങ്ങളിലേക്ക് പുതു വെള്ളൈ മഴ പോലെ പെയ്തിറങ്ങിയ മനോഹര സംഗീതം.
90 കളുടെ തുടക്കത്തിൽ ആണ് എ ആർ റഹ്മാൻ സംഗീത സംവിധാന രംഗത്തേക്ക് കടന്നു വന്നത്. ‘റോജ’, ‘ബോംബെ’, ‘താൽ’, ‘ലഗാൻ’, ‘സ്വദേശ്’, ‘രംഗ് ദേ ബസന്തി’ തുടങ്ങിയ എണ്ണം പറഞ്ഞ ഹിറ്റുകൾ നൽകി റഹ്മാൻ ആരാധകരുടെ മനസ് കവർന്നു. രാജ്യം നെഞ്ചിലേറ്റിയ ‘വന്ദേമാതരം’ എന്ന ഗാനം ചിട്ടപ്പെടുത്തി ആലപിച്ച് ഒരു ജനതയെ മുഴുവൻ ആവേശം കൊള്ളിച്ചു. മഹാ മാന്ത്രിക സംഗീത വൈഭവം ,സൗത്ത് ഇന്ത്യയും ബോളിവുഡും കടന്ന് ലോകം കീ‍ഴടക്കുകയാണ്.

56 ാം പിറന്നാൾ ആഘോഷ വേളയിൽ എ ആർ റഹ്മാന്റെ കെഎം മ്യൂസിക് കൺസർവേറ്ററിയിലെ മുൻ വിദ്യാർത്ഥിയും സീതാരാമം എന്ന ചിത്രത്തിന്റെ സംഗീതസംവിധായകനുമായ വിശാൽ ചന്ദ്രശേഖർ തൻറെ ഗുരുനാഥനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത് . 2008-ൽ സ്ഥാപിതമായ കെ എം കൺസർവേറ്ററിയുടെ ആദ്യ ബാച്ചിന്റെ ഭാഗമായിരുന്നു വിശാൽ ചന്ദ്രശേഖർ. ഈ ഇൻസ്റ്റിറ്റ്യൂട്ടിലൂടെ ഒരു സംഗീത സവിധായകൻ, ഗായകൻ എന്നതിലൊക്കെ ഉപരിയായി അദ്ദേഹം സമൂഹത്തിനായി നൽകുന്ന മഹത്തായ സംഭാവന എന്തെന്ന് നാം അറിയേണ്ടതുണ്ട് എന്ന് വിശാൽ ചൂണ്ടിക്കാട്ടുന്നു.

വിശാലിൻറെ വാക്കുകൾ ഇങ്ങനെ. എ ആർ റഹ്മാൻ ആയിരുന്നു എന്റെ പ്രിൻസിപ്പൽ. സംഗീതത്തിന്റെ എല്ലാ മേഖലകളിലും അഭിവൃദ്ധി പ്രാപിക്കാൻ മികച്ച അന്തരീക്ഷവും അദ്ധ്യാപകരെയും അദ്ദേഹം ഞങ്ങൾക്ക് നൽകി. സംഗീതത്തിന്റെ സകല സിദ്ധാന്തങ്ങളെക്കുറിച്ചുള്ള അറിവും അദ്ദേഹം ഞങ്ങൾക്ക് പകർന്നു തന്നു.

വ്യത്യസ്ത തലങ്ങളിലുള്ള പ്രതിഭകളെ നമുക്ക് കെ. എം ഇൻസ്റ്റിറ്റ്യൂട്ടിൽ കാണാനാകും. അവിടുത്തെ വിദ്യാർത്ഥി ആയിരിക്കെ തന്നെ സംഗീത സംവിധാനം ചെയ്തു തുടങ്ങിയിരുന്നു. അവിടുത്തെ വിദ്യാർത്ഥി ജീവിതം എന്നെ ശുദ്ധീകരിക്കുന്നതിൽ പ്രധാനപ്പെട്ട പങ്കു വഹിച്ചിട്ടുണ്ട്.

ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട മുഹൂർത്തം തന്റെ ഗവേഷണ പ്രബന്ധം റഹ്മാന് സമ്മാനിക്കാൻ കഴിഞ്ഞതാണ് എന്ന് വിശാൽ പറയുന്നു. എന്റെ ഗവേഷണ പ്രവർത്തനങ്ങൾ തയ്യാറാക്കുമ്പോൾ എനിക്ക് മനസിലായി എത്ര വിദഗ്ധമായാണ് കെ എം ഇൻസ്റ്റിറ്റ്യൂട്ടിലെ കോഴ്‌സുകൾ അദ്ദേഹം ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്ന്. അതൊക്കെയും എന്റെ പഠന പ്രവർത്തനങ്ങളിൽ എനിക്ക് ഉപകാരപ്പെട്ടിട്ടുമുണ്ട്. രാത്രി 11.50 ന് എന്റെ റിസേർച്ചിൻറെ വിശദാംശങ്ങൾ അദ്ദേഹത്തിന് മെയിൽ ചെയ്തപ്പോൾ, 11.55 ന് ‘ഇത് കൊള്ളാം’ എന്ന് അദ്ദേഹം മറുപടി നൽകി. അഞ്ചു നിമിഷത്തിനുള്ളിൽ അന്ന് നൽകിയ ആ മറുപടി ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഒന്നാണ് എന്ന് വിശാൽ പറയുന്നു.

കെഎം മ്യൂസിക് കൺസർവേറ്ററിയിലെ പഠന പ്രവർത്തനങ്ങളെ കുറിച്ച് നമുക്കൊരിക്കലും സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ‍ അവിടെ ഒരുപാട് വയലിനിസ്റ്റുകളുടെ കൂടെ ഞാൻ റെക്കോർഡ് ചെയ്തിട്ടുണ്ട്. അവരെല്ലാം 45 വയസിനു മുകളിലുള്ളവരാണ്. പുതിയ കാലത്ത് ഇത്തരം സംഗീതജ്ഞന്മാർ പതുക്കെ ഇല്ലാതാവുകയാണ്. എന്നാൽ ഇവിടെ സംഗീതാഭിരുചിയുള്ള നിരാലംബരായ വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് സൗജന്യമായി സംഗീത വിദ്യാഭ്യാസം നൽകുകയാണ്. പലർക്കും ഇതൊന്നും അറിയില്ല . പക്ഷെ ഞാൻ അവിടെയുണ്ടായിരുന്നത് കൊണ്ട് എനിക്കതറിയാം.

ഇതിൻറെയൊന്നും മൂല്യം ഇപ്പോൾ നമുക്ക് മനസിലാവണമെന്നില്ല. പക്ഷെ പത്തുവർഷത്തിനപ്പുറം നമുക്കത് മനസിലാവും. അദ്ദേഹം അന്താരാഷ്ട്ര നിലവാരമുള്ള ഒരു ഓർക്കസ്ട്ര ഗ്രൂപ്പിനെ ഇവിടെ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. മാസിഡോണിയയെ പോലെയോ ബുഡാപെസ്റ്റിനെ പോലെയോ ഉള്ള ഒരു ഗ്രൂപ്പിനെ. ബുഡാപെസ്റ്റിൽ വച്ച് സീതാരാമത്തിന്റെ റെക്കോർഡിങ് വേളയിൽ ഉണ്ടായ അനുഭവം വളരെ വലുതാണ്. നമ്മളുടെയും അവരുടെയും സംഗീതത്തിൽ വലിയ വ്യത്യാസങ്ങളുണ്ട് ആ വ്യത്യാസത്തിനെ ഇല്ലാതാക്കുക എന്ന മഹത്തായ കർമം ആണ് ഈ ഇൻസ്റ്റിറ്റ്യൂട്ടിലൂടെ അദ്ദേഹം നിർവഹിക്കുന്നത്. ഇന്ത്യൻ സംഗീതത്തിന് മാത്രമല്ല പാശ്ചാത്യ സംഗീതത്തിനും ഇണങ്ങുന്ന പുതിയ പ്രതിഭകളെ വാർത്തെടുക്കുകയാണ് അദ്ദേഹം. ഇവിടുത്തെ സംഗീതജ്ഞർക്കായി ഒരുപാട് അവസരങ്ങൾ അദ്ദേഹം നൽകുന്നുണ്ട്. ഒരു ദശാബ്ദത്തിനു ശേഷം നിങ്ങൾക്ക് അതിലെ മാറ്റം കൃത്യമായി അനുഭവിച്ചറിയാൻ കഴിയും.

“ഇളയരാജയും എ ആർ റഹ്മാനും സംഗീതത്തിന്റെ കടൽ ആണെന്ന് നമ്മൾ പറയും, എന്നാൽ എന്റെ ഗവേഷണ പ്രവർത്തനത്തിനും പ്രവർത്തന പരിചയത്തിനും ശേഷം ഞാൻ പറയും അവർ മഹാസമുദ്രത്തോളം വലുതാണ്. നമ്മൾ അറിഞ്ഞതിലും അനുഭവിച്ചതിലും ഏറെ സംഗീതം അവരിലുണ്ട് .

എ ആർ റഹ്മാന്റെ 56 ആം പിറന്നാളിനോട് അനുബന്ധിച്ച് ഇന്ത്യൻ എക്സപ്രസ്സിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് തന്റെ പ്രിയപ്പെട്ട ഗുരുനാഥനെ കുറിച്ച് അദ്ദേഹം മനസ് തുറന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News