കേരള കലാമണ്ഡലം കൽപിത സർവ്വകലാശാലയുടെ ചാൻസലറായുള്ള കേരള സർക്കാരിന്റെ ക്ഷണം അഭിമാനപൂർവ്വം സ്വീകരിക്കുന്നുവെന്ന് പ്രശസ്ത നർത്തകി മല്ലികാ സാരാഭായ്. ചുമതല ഏറ്റെടുക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനെയും സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെയും മല്ലിക സാരാഭായ് സന്ദർശിച്ചു.
കലാകാരന്മാർക്കും സാംസ്കാരിക പ്രവർത്തകർക്കും സാംസ്കാരിക സ്ഥാപനങ്ങൾക്കും ഏറ്റവും കൂടുതൽ പിന്തുണയും പ്രോത്സാഹനവും നൽകുന്ന സംസ്ഥാനമാണ് കേരളം. ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ കേരളം ഉയർത്തിപ്പിടിക്കുന്ന ഈ നിലപാടിന് വലിയ പ്രസക്തിയുണ്ടെന്ന് മല്ലികാ സാരാഭായ് പറഞ്ഞു.
സമഭാവനയുടേതായ സാർത്ഥകമായ ഒരു കലാന്തരീക്ഷമുള്ള സ്ഥാപനമാണ് കേരള കലാമണ്ഡലം. ഈ സ്ഥാപനത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കുവാനും അന്താരാഷ്ട്ര നിലവാരത്തിലുള്ള സാംസ്കാരിക വിനിമയ കേന്ദ്രമായി മാറ്റുവാനും ശ്രമിക്കുമെന്നും അവർ പറഞ്ഞു.
മഹത്തായ പാരമ്പര്യം പേറുന്ന കലാമണ്ഡലത്തിന്റെ ചാൻസലർ പദവിയിലേക്ക് തന്നെ ക്ഷണിച്ച കേരള സർക്കാരിനോടുള്ള നന്ദി അറിയിക്കുന്നതായും മല്ലികാ സാരാഭായ് പറഞ്ഞു. കേരള കലാമണ്ഡലത്തിന്റെ ചാൻസലർ എന്ന നിലയിൽ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും പിന്തുണയും സഹകരണവും അഭ്യർത്ഥിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here