മദ്യം വാങ്ങുന്നതിന് ലൈസൻസ് ഏർപ്പെടുണമെന്ന് മദ്രാസ് ഹൈക്കോടതി തമിഴ്നാട് സർക്കാരിനോട് നിർദ്ദേശിച്ചു. മദ്യം വാങ്ങാൻ ലൈസൻസ് നിർബന്ധമാക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് സർക്കാരിനോട് നിർദേശിച്ചത്. ലൈസൻസ് ഏർപ്പെടുത്താൻ സംസ്ഥാനസർക്കാരിനും പൊലീസ് മേധാവിക്കും നിർദ്ദേശം നൽകുന്ന കാര്യം പരിഗണിക്കാൻ കേന്ദ്രസർക്കാരിനോട് കോടതി നിർദ്ദേശിച്ചു.ജസ്റ്റിസ് ആർ മഹാദേവൻ , ജസ്റ്റിസ് സത്യനാരായണ പ്രസാദ് എന്നിവരടങ്ങുന്ന ബെഞ്ചിൻ്റേതാണ് നിർദ്ദേശം.
സംസ്ഥാനത്ത് മദ്യാസക്തി കൂടുകയും പ്രായപൂർത്തിയെത്തിയിട്ടില്ലാത്ത വിദ്യാർത്ഥികൾ ഉൾപ്പെടെ മദ്യത്തിന് അടിമയാവുകയും ചെയ്യുന്ന കാര്യം ചൂണ്ടിക്കാണിച്ചാണ് മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം വേണമെന്ന് കോടതി ആവശ്യപ്പെട്ടത്.
21 വയസ്സ് തികയാത്തവർക്ക് മദ്യ വിൽപന നടത്തുന്നില്ലെന്ന് ഉറപ്പുവരുത്താൻ ലൈസൻസ് ഏർപ്പെടുത്തണം. ഇത്തരത്തിൽ ലൈസൻസുള്ളവർക്കു മാത്രമേ മദ്യം വാങ്ങാനും കഴിക്കാനും സാധിക്കുകയുള്ളു എന്നത് ഉറപ്പാക്കുകയുംവേണം. സംസ്ഥാനസർക്കാർ നിയന്ത്രണത്തിലുള്ള വിൽപനശാലകളായ ടാസ്മാക്കിൻ്റെ പ്രവർത്തന സമയം ഉച്ചയ്ക്കു രണ്ടുമുതൽ രാത്രി എട്ടുവരെയാക്കി ചുരുക്കണമെന്നും കോടതി നിർദേശിച്ചു.
ബാറുകളുടെയും പബ്ബുകളുടെയും സർക്കാർ ഉടമസ്ഥതയിലുള്ള ടാസ്മാക്ക് വിൽപനശാലകളുടേയും പ്രവർത്തനസമയം ചുരുക്കണം, പ്രായപൂർത്തിയാവാത്തവർക്ക് മദ്യം വിൽക്കുന്നില്ലെന്ന് ഉറപ്പാക്കണം എന്നാവശ്യപ്പെടുന്ന രണ്ടു ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here