മുസ്ലിംലീഗ് അംഗത്വ വിതരണം :പ്രചരിക്കുന്നത് വ്യാജ സ്‌ക്രീൻഷോട്ട്

തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തിൽ കളിപ്പാൻകുളം വാർഡിൽ മുസ്‌ലിംലീഗ് അംഗത്വ വിതരണത്തിൽ ക്രമക്കേട് നടന്നതായ വാർത്ത വ്യാജം. ഈ വാർഡിൽ അംഗത്വമെടുത്തവരുടെ പേരുകളിൽ സിനിമാ നടന്മാർ ഉണ്ടെന്ന വാർത്തയാണ് വ്യാജമായി നിർമ്മിച്ച സ്‌ക്രീൻ ഷോട്ട് സഹിതം മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. സത്യവിരുദ്ധമായ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻചാർജ്ജ് പി.എം.എ സലാം അറിയിച്ചു. പ്രവർത്തകർ വീടുകൾ കയറിയിറങ്ങി അംഗങ്ങളാകാൻ താൽപര്യപ്പെടുന്നവരുടെ വിശദവിവരങ്ങൾ പ്രത്യേക ഫോമിൽ പൂരിപ്പിച്ച ശേഷമാണ് ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുന്നത്. ഓരോ വാർഡ് കമ്മിറ്റി കോർഡിനേറ്റർക്കും പ്രത്യേക പാസ്‌വേർഡ് നൽകിയാണ് ഇതിനുള്ള സൗകര്യമൊരുക്കിയത്. അംഗങ്ങളുടെ ഫോൺ നമ്പറും ആധാർ നമ്പറുമെല്ലാം അപ്‌ലോഡ് ചെയ്താൽ മാത്രമേ അംഗത്വം അംഗീകരിക്കുകയുള്ളൂ എന്നിരിക്കെ പ്രത്യക്ഷത്തിൽ തന്നെ വ്യാജമാണെന്ന് ബോധ്യപ്പെടുന്ന സ്‌ക്രീൻഷോട്ടുമായാണ് വ്യാജ വാർത്ത.

സംസ്ഥാന കമ്മിറ്റി ഓഫീസിൽ പ്രത്യേകം സജ്ജമാക്കിയ വാർ റൂം വഴി തികച്ചും ശാസ്ത്രീയമായിട്ടാണ് ഇത്തവണ മുസ്ലിംലീഗ് അംഗത്വ ക്യാമ്പയിൻ പൂർത്തീകരിച്ചത്. മെമ്പർഷിപ്പ് സ്വീകരിച്ച വ്യക്തിയുടെ പേര്, ശാഖ, പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ, മണ്ഡലം, മൊബൈൽ നമ്പർ എന്നിവയെല്ലാം ആപ്ലിക്കേഷനിൽ അപ്‌ലോഡ് ചെയ്യൽ നിർബന്ധമാണ്. എന്നാൽ പ്രചരിക്കുന്ന സ്‌ക്രീൻ ഷോട്ടിൽ കോർപ്പറേഷന്റെ പേരില്ല. കോർപറേഷൻ എന്ന സ്‌പെല്ലിംഗും തെറ്റായിട്ടാണ് നൽകിയിരിക്കുന്നത്. മൊബൈൽ നമ്പറും ഇല്ല. ഒരേ ശാഖയിൽ ക്രമനമ്പർ ഉള്ള ബുക്കിൽ നിന്ന് മുറിച്ചു കൊടുക്കുന്ന നമ്പർ ഒരേ ശ്രേണിയിൽ ഉള്ളതായിരിക്കും. എന്നാൽ ഈ സ്‌ക്രീൻ ഷോട്ടിൽ വ്യത്യസ്ത ശ്രേണിയിലുള്ള നമ്പറുകളാണ്. ഓൺലൈനിൽ അപ്‌ലോഡ് ചെയ്തത് പ്രചരിക്കുന്ന ക്രമനമ്പറിലുള്ള വ്യക്തികളുടെ പേരല്ല. ഒറ്റ നോട്ടത്തിൽതന്നെ വ്യാജമെന്ന് വ്യക്തമാകുന്ന സ്‌ക്രീൻഷോട്ടുമായാണ് മുസ്‌ലിംലീഗ് അഭിമാനകരമായി പൂർത്തിയാക്കിയ അംഗത്വ ക്യാമ്പയിനെതിരെ വ്യാജ പ്രചാരണം അഴിച്ചുവിടുന്നത്.

24,33295 പേരാണ് ഇത്തവണ മുസ്ലിംലീഗിൽ അംഗത്വം പുതുക്കുകയും പുതുതായി അംഗങ്ങളായി ചേരുകയും ചെയ്തത്. 23,3295 അംഗങ്ങളുടെ വർദ്ധനവ് ഉണ്ടായി. അംഗത്വമെടുത്ത 61 ശതമാനം അംഗങ്ങളും 35 വയസ്സിൽ താഴെയുള്ളവരാണ്. രാഷ്ട്രീയ പാർട്ടികളുടെ ചരിത്രത്തിൽ ഒരുപക്ഷേ ആദ്യമായിട്ടാണ് ഇത്രയും ശാസ്ത്രീയായമായും സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തിയും അംഗത്വ കാമ്പയിൻ നടന്നത്. മുസ്‌ലിംലീഗിന്റെ രാഷ്ട്രീയത്തെ നെഞ്ചോടു ചേർക്കാൻ ലക്ഷങ്ങൾ അണിനിരന്നതിൽ വിറളിപൂണ്ടവരാണ് വ്യാജ വാർത്തയുമായി ഇറങ്ങിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News