ഒരു വീൽ ചെയറിൽ ഇരുന്ന് കൊണ്ട് നിശ്ചലമായ ശരീരത്തെ തളരാത്ത പോരാട്ട വീര്യവുമായ് ജീവിതത്തോട് മല്ലിട്ട്, തമോഗർത്തങ്ങളേയും പ്രപഞ്ചോൽപത്തിയുടേയും രഹസ്യങ്ങൾ ലോകത്തോട് പറഞ്ഞ മഹാ പ്രതിഭയുടെ ജന്മദിനമാണിന്ന്. മറ്റാരുമല്ല, സ്റ്റീഫൻ ഹോക്കിങ്ങ്… വിട പറഞ്ഞ് അഞ്ച് വർഷം പിന്നിടുമ്പോഴും ഭിന്നശേഷിയോട് പൊരുതി ജീവിതത്തെ ജയിക്കാൻ മുന്നിട്ടിറങ്ങിയ മനുഷ്യർക്ക് എക്കാലവും പ്രചോദനവും ഊർജവുമാണ് സ്റ്റീഫൻ ഹോക്കിങ്ങ് എന്ന മഹാപ്രതിഭയും അദേഹത്തിന്റെ ജീവിതവും.
ഗലീലിയോ ഗലീലിയുടെ മുന്നൂറാം ചരമവാർഷികത്തിൽ,പ്രപഞ്ചം, ഇസബെൽ എന്ന സ്ത്രീയിലൂടെ ലോക ചരിത്രത്തെ മാറ്റിമറിക്കാൻ കെൽപ്പുള്ള, തന്റെ ഉത്പത്തിയെ കുറിച് കഥ പറയാനുള്ള നിയോഗവുമായി മറ്റൊരു മഹാ പ്രതിഭക്ക് കൂടി ജന്മം നൽകി. ജനുവരി എട്ടിന് ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡിൽ ഫ്രാങ്കിന്റെയും ഇസോബെല്‍ ഹോക്കിങിന്റെയും മൂത്ത മകനായായിരുന്നു സ്റ്റീഫൻ ഹോക്കിങ്ങിന്റെ ജനനം.വിഖ്യാത ശാസ്ത്രപ്രതിഭ എന്ന ഒറ്റവരി വിശേഷണത്തിൽ ഒതുങ്ങുന്ന ഒന്നല്ല സ്റ്റീഫൻ ഹോക്കിങ്ങിന്റെ ജീവിതവും വ്യക്തിത്വവും. ഭൗതികശാസ്ത്രത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ അമൂല്യമാണ്.
21 നൂറ്റാണ്ടിന്റെ പ്രതിഭയെന്ന് വിശേഷിപ്പിക്കാവുന്ന ശാസ്ത്രജ്ഞനായിരുന്നു സ്റ്റീഫൻ ഹോക്കിങ്ങ്. പക്ഷേ, ഇവിടെ ഒന്നും അവസാനിക്കുന്ന ഒന്നായിരുന്നില്ല ഹോക്കിങ്ങിന്റെ ജീവിതം. തളർന്ന ശരീരത്തെ വീൽചെയറിലൊതുക്കിക്കൊണ്ടുതന്നെ ലോകം മുഴുവൻ പടർന്നെത്തിയ ചിന്തകളായിരുന്നു സ്റ്റീഫൻ ഹോക്കിങ്ങിന്റേത്. ശാസ്ത്രത്തിലപ്പുറം ഉറച്ച നിലപാടുകളുടെ അടയാളപ്പെടുത്തലായിരുന്നു ഹോക്കിങ്ങിന്റെ ജീവിതം.
മടിയില്ലാതെ, ഭയരഹിതമായി സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളിൽ കണ്ണിചേർന്ന ഉറച്ച പോരാളികൂടിയായിരുന്നു സ്റ്റീഫൻ ഹോക്കിങ്ങ്. ഊന്നുവടിയുടെ തുണയിൽ നടക്കാൻ കഴിയുമായിരുന്ന അറുപതുകളിൽ വിയറ്റ്നാം യുദ്ധവിരുദ്ധ പ്രസ്ഥാനത്തിന്റെ മുൻനിരയിൽ സ്റ്റീഫൻ ഹോക്കിങ്ങിനെ കാണാമായിരുന്നു. അതേ വീറോടെ 2017ൽ ഇസ്രയേലിന്റെ പലസ്തീൻവിരുദ്ധ സൈനികനീക്കങ്ങളോട് സ്റ്റീഫൻ ഹോക്കിങ്ങ് കലഹിച്ചു. ദൈവനിഷേധത്തിലും ദൈവ വിശ്വാസത്തിന്റെ നിരർഥകത ചൂണ്ടിക്കാട്ടുന്നതിലും പുലർത്തിയ ധീരതയിലും ശാസ്ത്രലോകത്ത് വേറിട്ട മുഖമായിരുന്നു സ്റ്റീഫൻ ഹോക്കിങ്ങ് .
1968ൽ വിയറ്റ്നാം യുദ്ധത്തിനെതിരെ സ്വീകരിച്ച അതേ രാഷ്ട്രീയ നിലപാട് 30 വർഷത്തിനുശേഷം അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിലും ഹോക്കിങ്ങ് ആവർത്തിച്ചു. ശാസ്ത്രകാരന്മാർക്കുകൂടി ഇടപെടാനുള്ളതാണ് രാഷ്ട്രീയമെന്നതായിരുന്നു ഹോക്കിങ്ങിന്റെ പക്ഷം. അസമത്വങളെ എന്നും ഉറച്ച നിലപാടുകൾ കൊണ്ട് നേരിട്ട വ്യക്തിയായിരുന്നു സ്റ്റീഫൻ ഹോക്കിങ്ങ്. 2013ൽ ഇസ്രയേൽ പ്രസിഡന്റ് ഷിമോൺ പെരസ് വിളിച്ചുചേർത്ത ശാസ്ത്രസമ്മേളനത്തിലേക്ക് സ്റ്റീഫൻ ഹോക്കിങ്ങും ക്ഷണിക്കപ്പെട്ടിരുന്നു. എന്നാൽ, ഇസ്രയേലിന്റെ പലസ്തീൻവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് സ്റ്റീഫൻ ഹോക്കിങ്ങ്, പരിപാടി ബഹിഷ്കരിച്ചു. പാരീസ് ഉടമ്പടിയിൽനിന്ന് പിന്മാറാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുമാനമെടുത്തപ്പോൾ തിരിച്ചുവരാനാകാത്ത അവസ്ഥയിലേക്ക് ഭൂമിയെ നയിക്കുന്നതാകും ഈ തീരുമാനമെന്ന മുന്നറിയിപ്പിലൂടെ ഹോക്കിൻസ് രംഗത്തെത്തി. ഭൂമിയുടെ അവസ്ഥ ശുക്രന് സമാനമാകുമെന്നും പെയ്യുന്നത് ആസിഡ് മഴയാകുമെന്നും സ്റ്റീഫൻ ഹോക്കിങ്ങ് ലോകത്തോട് സമർഥിച്ചു.
നക്ഷത്രങ്ങൾ നശിക്കുമ്പോൾ പിറവികൊള്ളുന്ന തമോഗർത്തങ്ങളെപ്പറ്റിയുള്ള ആധികാരിക വിവരങ്ങളിൽ പലതും ലോകം അറിഞ്ഞത് ഹോക്കിങ്ങിലൂടെയാണ്. ഐൻസ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തത്തിന് പുതിയ വിശദീകരണങ്ങൾ നൽകാൻ സ്റ്റീഫൻ ഹോക്കിങ്ങിനും സഹഗവേഷകനായ റോജൻ പെൻറോസിനും സാധിച്ചു. പ്രപഞ്ചോൽപ്പത്തിയെപ്പറ്റി പുതുസിദ്ധാന്തങ്ങൾ അവർ ഒന്നിച്ച് രൂപപ്പെടുത്തി. സ്റ്റീഫൻ ഹോക്കിങ്ങ് രചിച്ച ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം’ എന്ന കൃതിയുടെ 90 ലക്ഷത്തിലേറെ കോപ്പികളാണ് ലോകമെമ്പാടും വിറ്റഴിഞ്ഞത്. പ്രപഞ്ചശാസ്ത്രത്തിലെ സങ്കീർണ വിഷയങ്ങൾ പലതും ഈ പുസ്തകത്തിലൂടെ ലോകത്തോട് ലളിതമായി പറഞ്ഞ് വെക്കുകയാരിരുന്നു സ്റ്റീഫൻ ഹോക്കിങ്ങ് .പതിനേഴു വയസ്സുവരെ നീണ്ട ഊർജസ്വലമായ ജീവിതത്തിന് നാഡീ കോശങ്ങളെ തളർത്തുന്ന മാരകമായ
രോഗം വിലങ്ങിട്ടശേഷം അവിടെ നിന്ന് ഇങ്ങോട്ട് ഒരിക്കൽ പോലും ഹോക്കിങ്ങ് തന്റെ ചുവടുകൾ പിൻവലിച്ചില്ല.പ്രപഞ്ചപ്പിറവിയുടെ സങ്കീർണതകൾ വെളിവാക്കുന്ന ഗവേഷണങ്ങളിൽ മുഴുകുമ്പോൾ പോലും മതത്തിന്റെയും ദൈവത്തിന്റെയും കെട്ടുപാടുകൾ ഉപേക്ഷിക്കാൻ മടിക്കുന്ന ശാസ്ത്രജ്ഞർ ഉള്ള ലോകത്ത് ഹോക്കിങ് തീർത്തും വ്യത്യസ്തനായി. മതം അധികാരവും ശാസ്ത്രം അന്വേഷണവുമാണെന്ന് ഹോക്കിങ്ങ് ആവർത്തിച്ചു. ‘ദൈവമില്ല. നമ്മുടെ പ്രപഞ്ചം ആരും ഉണ്ടാക്കിയതല്ല. ആരും നമ്മുടെ വിധിയെ നിയന്ത്രിക്കുന്നുമില്ലെന്ന് സ്റ്റീഫൻ ഹോക്കിങ്ങ് പലയാവർത്തി തുറന്നടിച്ചു.ഒട്ടും ശങ്കയില്ലാത്ത നിലപാടായിരുന്നു ഇക്കാര്യത്തിലും ഹോക്കിങ്ങിന്.
ഒരുപക്ഷേ, ഇനിയൊരു സ്റ്റീഫൻ ഹോക്കിങ് ഉണ്ടായെന്നുവരില്ല. അത്രയേറെ സവിശേഷമായിരുന്നു ആ വ്യക്തിത്വം. അറിവിന്റെ, നന്മയുടെ, സമത്വബോധത്തിന്റെ, അതിജീവനത്തിന്റെ, ധീരതയുടെ, മനുഷ്യപക്ഷ നിലപാടുകളുടെ ഒട്ടേറെ ചേരുവകൾ ഉൾക്കൊണ്ട വ്യക്തിത്വമായിരുന്നു സ്റ്റീഫൻ ഹോക്കിങ്. വിട പറഞ്ഞ് അഞ്ച് വർഷം കഴിയുമ്പോഴും ഭിന്നശേഷിയോട് പൊരുതി ജീവിതത്തെ ജയിക്കാൻ മുന്നിട്ടിറങ്ങിയ മനുഷ്യർക്ക് എക്കാലവും പ്രചോദനവും ഊർജവുമാണ് ഒരു വീൽ ചെയറിൽ ഇരുന്ന് കൊണ്ട് തമോഗർത്തങ്ങളുടെയും പ്രപഞ്ചോൽപത്തിയുടേയും രഹസ്യം കഥയായ് ലോകത്തോട് പറഞ്ഞ സ്റ്റീഫൻ ഹോക്കിങ്ങ് എന്ന മഹാപ്രതിഭയും അദേഹത്തിന്റെ ജീവിതവും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here