തരൂര്‍ തറവാടി നായര്‍ : സുകുമാരന്‍ നായര്‍

പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. വി.ഡി സതീശന്റേത് മര്യാദയില്ലാത്ത ഭാഷയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ശശി തരൂര്‍ തറവാടി നായരാണെന്നും പ്രധാനമന്ത്രിയാകാന്‍ പോലും യോഗ്യനാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ശശി തരൂരിനെ ഒതുക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ തന്നെ ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു ദേശീയ ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.

ശശി തരൂരിനെ പരസ്യമായി പിന്തുണക്കുന്നതും പ്രതിപക്ഷ നേതാവ് വി ഡി സതീശനെ രൂക്ഷമായി വിമര്‍ശിക്കുന്നതുമാണ് സുകുമാരന്‍ നായരുടെ അഭിമുഖം. തറവാടി നായരെന്നാണ് തരൂരിനെ അഭിമുഖത്തില്‍ സുകുമാരന്‍ നായര്‍ വിശേഷിപ്പിക്കുന്നത്. പ്രധാനമന്ത്രിയാകാനുള്ള കഴിവ് തരൂരിനുണ്ട്, എന്നാല്‍ സഹപ്രവര്‍ത്തകര്‍ പോലും അത് അനുവദിക്കില്ല.

ശശി തരൂരിനെ ഒതുക്കാന്‍ കോണ്‍സ്സുകാര്‍ തന്നെ ശ്രമിക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തിന്നായി കോണ്‍ഗ്രസ്സിലെ 4 നായര്‍ നേതാക്കള്‍ പരസ്പരം മത്സരിക്കുകയാണ്. ഒരു നായരെ താക്കോല്‍ സ്ഥാനത്തേക്ക് താന്‍ ശുപാര്‍ശ ചെയ്താല്‍ ഭാവി അതോടെ അവസാനിക്കുമെന്നും അതിനാല്‍ പരസ്യമായി നിലപാടെടുക്കുന്നില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

മന്നം ജയന്തി ആഘോഷത്തിലെ തരൂരിന്റെ സാന്നിധ്യം ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇഷ്ടപ്പെട്ടില്ല, മോശം മനോഭാവമാണിത്. ഒരു നായര്‍ മറ്റാരു നായരെ അംഗീകരിക്കില്ലെന്ന് മന്നം തന്നെ പറഞ്ഞിട്ടുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

കേരളത്തില്‍ പ്രതിപക്ഷമില്ലന്ന് സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു. വി.ഡി സതീശന്റേത് മര്യാദയില്ലാത്ത ഭാഷയാണ്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് വി ഡി സതീശന്‍ തന്നെ വന്നു കണ്ടതായി സുകുമാരന്‍ നായര്‍ വെളിപ്പെടുത്തി. രണ്ടു മണിക്കൂറോളം ചിലവഴിച്ചു.

എന്നാല്‍ വോട്ടിനായി സമുദായ നേതാക്കളുടെ കാലില്‍ വീഴില്ലെന്നാണ് ഇപ്പോള്‍ സതീശന്‍ പറയുന്നതെന്നും സുകുമാരന്‍ നായര്‍ പരിഹസിച്ചു. വി ഡി സതീശനോട് സമുദായം ഒരിക്കലും ക്ഷമിക്കില്ല. സതീശനെയും ചെന്നിത്തലയേയും ഒരേ തൂവല്‍ പക്ഷികള്‍ എന്നാണ് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി വിശേഷിപ്പിക്കുന്നത്.

ലൗ ജിഹാദ് തെറ്റായ ആരോപണമാണെന്നും താനത് വിശ്വസിച്ചിട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. മതങ്ങള്‍ക്കതീതമായി ആളുകള്‍ വിവാഹം കഴിക്കുന്നു. ഇതിന്റെ പേരില്‍ ഒരു സമുദായത്തെ ഒറ്റപ്പെടുത്തുന്നത് തെറ്റാണ്.

ചില ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ ബി ജെ പി യുമായി അടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇടത് സര്‍ക്കാരില്‍ പ്രത്യേകമായ ഒരു മേന്മയും കാണുന്നില്ല. ബിജെപി ഹിന്ദുക്കളെ സംരക്ഷിക്കുമെന്ന് വിശ്വസിക്കുന്നില്ലന്നും ബിജെപിയും എല്‍ ഡി എഫും ഒരുപോലെയാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News