തിരുവനന്തപുരം അഴൂര്‍ ഗ്രാമപഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം ഭോപ്പാലിലെ NIHSAD ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ച അഴൂര്‍ ഗ്രാമപഞ്ചായത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രമായ അഴൂര്‍ ഗ്രാമപഞ്ചായത്തിലെ പെരുങ്ങുഴി ജംഗ്ഷന്‍ വാര്‍ഡിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വാര്‍ഡുകളായ റെയില്‍വേ സ്റ്റേഷന്‍ വാര്‍ഡ്, പൂര്‍ണമായും, പഞ്ചായത്ത് ഓഫീസ് വാര്‍ഡ്, കൃഷ്ണപുരം വാര്‍ഡ്, അക്കരവിള വാര്‍ഡ്, നാലുമുക്ക്, കൊട്ടാരം തുരുത്ത് എന്നീ വാര്‍ഡുകള്‍ ഭാഗികമായി ഉള്‍പ്പെട്ട പ്രദേശങ്ങളിലെ മുഴുവന്‍ കോഴി, താറാവ്, മറ്റു വളര്‍ത്തു പക്ഷികള്‍ തുടങ്ങിയവയെ കൊന്ന്, മുട്ട , ഇറച്ചി, കാഷ്ഠം (വളം ) തീറ്റ എന്നിവകത്തിച്ച് നശിപ്പിച്ച് കളയാനാണ് തീരുമാനം.
അഴൂര്‍ പഞ്ചായത്തിന്റെ ഒന്‍പത് കിലോമീറ്റര്‍ പരിധിയില്‍ ഉള്‍പ്പെടുന്ന കിഴുവിലം, കടക്കാവൂര്‍ കീഴാറ്റിങ്ങല്‍ ചിറയിന്‍കീഴ് , മംഗലപുരം, അണ്ടൂര്‍കോണം, പോത്തന്‍കോട് എന്നീ ഗ്രാമപഞ്ചായത്തുകളും തിരുവനന്തപുരം കോര്‍പ്പറേഷനിലെ കഴക്കൂട്ടം, ആറ്റിപ്ര വാര്‍ഡിലെ ആറ്റിന്‍കുഴി പ്രദേശം അടക്കമുള്ള സര്‍വൈലന്‍സ് സോണിന്റെ പരിധിയില്‍ നിന്നും പുറത്തേക്കും അകത്തേക്കും കോഴി, താറാവ്, അരുമ പക്ഷികള്‍ എന്നിവയുടെ കൈമാറ്റവും വില്‍പ്പനയും ജില്ലാ ഭരണകൂടം വിലക്കിയിട്ടുണ്ട്.
അതേസമയം പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജാഗ്രത പാലിക്കണമെന്നും വളര്‍ത്തു പക്ഷികളില്‍ അസ്വാഭാവികമായി കൂട്ടമരണം സംഭവിക്കുന്ന സാഹചര്യങ്ങളില്‍ ആ വിവരം അടുത്തുള്ള മൃഗാശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here