വീണ്ടും ഭക്ഷ്യ വിഷബാധ,13 കുട്ടികളും ഒരു അധ്യാപികയും ചികിത്സ തേടി

സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ. പത്തനംതിട്ട ചന്ദനപ്പിള്ളി റോസ് ഡെയിൽ സ്‌കൂളിലാണ് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്കൂൾ വാർഷികത്തിന് വിതരണം ചെയ്ത ചിക്കൻ ബിരിയാണി കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. തുടർന്ന് 13 കുട്ടികളും ഒരു അധ്യാപികയും ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല.

രാവിലെ 11 മണിക്ക് സ്കൂളിൽ എത്തിച്ച ഭക്ഷണം കുട്ടികൾക്ക് നൽകിയത് വൈകിട്ട് ആറുമണിക്കാണ് എന്നും വിമർശനമുണ്ട്. വളരെ നേരത്തെ എത്തിച്ച ഭക്ഷണം കൊടുക്കാതെ സ്കൂൾ അധികൃതർ  പിടിച്ചു വെച്ചുവെന്ന് ഹോട്ടൽ ഉടമ ആരോഗ്യവകുപ്പിന് മൊഴി നൽകി. കൊടുമണ്ണിലുള്ള ക്യാരമൽ എന്ന ഹോട്ടലിൽ നിന്നാണ് സ്കൂളിൽ ബിരിയാണി എത്തിച്ചത്.

കഴിഞ്ഞ ദിവസം കാസർക്കോട് കുഴിമന്തി കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ  അഞ്ജു ശ്രീയെന്ന വിദ്യാർത്ഥിനി മരിച്ചിരുന്നു. ഒരാഴ്ച്ചക്കിടെ രണ്ടുപേർ ഭക്ഷ്യവിഷബാധയേറ്റ് മരിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന കർശനമാക്കിയിട്ടുണ്ട്. പത്തനംതിട്ടയിലെ രണ്ട് ഹോട്ടലുകൾ അടച്ചുപൂട്ടി. അടൂർ ബൈപ്പാസിലെ അൽ ഫറൂജ്, റാന്നി, പറപ്പെട്ടിയിലെ ശ്രീശാസ്ത ടീ ഷോപ്പ് എന്നിവയാണ് പൂട്ടിയത്. അഞ്ച് ഹോട്ടലുകൾക്ക് പിഴ ചുമത്തുകയും ചെയ്തു.

സംസ്ഥാനത്തെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കർശന  പരിശോധന നടന്നുവരികയാണ്. ഇന്നലെ മാത്രം സംസ്ഥാന വ്യാപകമായി  440 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയിരുന്നു.  വൃത്തിഹീനമായി പ്രവര്‍ത്തിച്ച 11 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 15 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 26 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. 145 സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് നോട്ടീസ് നല്‍കി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News