കേന്ദ്ര -സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ;പ്രധാനമന്ത്രിക്ക് നൽകാനുള്ള കരട് തയ്യാറായി 

കേന്ദ്ര സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ സംബന്ധിച്ച് സംസ്ഥാന സർക്കാർ പ്രധാനമന്ത്രിക്ക് നൽകുന്ന നിവേദനത്തിൻ്റെ കരട് തയ്യാറായി. സംസ്ഥാനത്തിൻ്റെ കടം എടുപ്പ് പരിധി വർദ്ധിപ്പിക്കണം,സാമ്പത്തിക വിഹിതം പുനസ്ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് കേന്ദ്രത്തിൻ്റെ മുന്നിൽ വെക്കുന്നത്. നിവേദനം അടുത്ത ദിവസം സമർപ്പിക്കും

സംസ്ഥാനം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാരിൻ്റെ ഭാഗത്തു നിന്നും അനുഭാവപൂർവമായ ഇടപെടൽ വേണമെന്നാണ് കേരളം കേന്ദ്രത്തോടാവശ്യപ്പെടുന്നത്. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരങ്ങൾ ഹനിക്കുന്ന വിധത്തിൽ കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നത് കേരളത്തിൻ്റെ വികസനത്തേയും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളേയും ദോഷകരമായ രീതിയിൽ ബാധിച്ചിരിക്കുകയാണ്. സംസ്ഥാനങ്ങളുടെ ബാധ്യതകളിൽ കേന്ദ്രത്തിൽ നിന്നുള്ള വായ്പകളുടേയും അഡ്വാൻസുകളുടേയും പങ്ക് 2005-ൽ ശരാശരി 15.8 ശതമാനമായിരുന്നത് 2020 ആയപ്പോളേയ്ക്കും 3 ശതമാനമായി കുറഞ്ഞു. കേരളത്തിൻ്റെ കാര്യത്തിൽ അത് 12.4 ശതമാനത്തിൽ നിന്നും 3.3 ശതമാനമായി കുറഞ്ഞിരിക്കുന്നു. ഇത് വർദ്ധിപ്പിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെടുന്നു. സംസ്ഥാനത്തിൻ്റെ കടം എടുപ്പ് പരിധിയും വർദ്ധിപ്പിക്കണം.

സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ചില പ്രത്യേക ഉദ്ദേശ സ്ഥാപനങ്ങളായ KIIFB, KSSPL മുതലായവ എടുക്കുന്ന എല്ലാ കടങ്ങളും സംസ്ഥാന സർക്കാരിന്റെ പൊതു കടത്തിലാണ് ഇപ്പോൾ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര സർക്കാരിന്റെ ഇത്തരം നടപടികൾ സംസ്ഥാന ബജറ്റിൽ വിഭാവനം ചെയ്തിട്ടുള്ള വികസന പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്നുവെന്നും അത് കൊണ്ട് ഈ സംവിധാനത്തിൽ മാറ്റം വരുത്തണമെന്നും സംസ്ഥാനം ആവശ്യപ്പെടുന്നു.

കരടു നിവേദനത്തിൻ്റെ ഉള്ളടക്കത്തിലുള്ള നിയമ വശങ്ങൾ നിയമ വകുപ്പ് പരിശോധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.നിവേദനം അടുത്ത ദിവസം കേന്ദ്രത്തിന് സമർപ്പിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News