‘ലേഡീസ് കംപാര്‍ട്‌മെന്റ്’ വൈറലായി; കൈരളിയുടെ കേരള എക്‌സ്പ്രസ് ഇനി വായനക്കാരിലേക്ക്

കൊവിഡിന് മുമ്പുവരെ മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ എല്ലാ ആഴ്ചയും മുടങ്ങാതെ കാത്തിരുന്ന തീവണ്ടിയാണ് കൈരളി ന്യസില്‍ ബിജു മുത്തത്തി അവതരിപ്പിച്ചു കൊണ്ടിരുന്ന ‘കേരള എക്‌സ്പ്രസ്’. റെയില്‍പ്പാളത്തിലൂടെ മാത്രമല്ല ടെലിവിഷന്‍ ക്യാമറകള്‍ക്ക് ശീലമില്ലാത്ത അപരിചിത ദേശവഴികളിലൂടെയെല്ലാം സഞ്ചരിച്ച് ഒരു പതിറ്റാണ്ടു കാലമാണ് ഈ പരിപാടി പ്രേക്ഷകഹൃദയത്തില്‍ ഇടം നേടിയത്.

മലയാളിയുടെ ഓര്‍മ്മകളില്‍ ചൂളം കുത്തിപ്പായുന്ന ഈ തീവണ്ടിയുടെ ഒരു കംപാര്‍ട് മെന്റ് ഇപ്പോള്‍ പുസ്തകമാകുന്നുവെന്നാണ് പുതിയ വാര്‍ത്ത. കേരള എക്‌സ്പ്രസില്‍ തങ്ങളുടെ ജീവിതപ്രതിപാദനങ്ങളുമായി യാത്ര ചെയ്ത വ്യത്യസ്ത നിലയിലുള്ള 41 പെണ്‍ജീവിതങ്ങളെക്കുറിച്ചുള്ള ലേഡീസ് കംപാര്‍ട്‌മെന്റ് വായനക്കാരുടെ കൈകളിലെത്തിക്കുന്നത് മാതൃഭൂമി ബുക്‌സാണ്.

ഗ്രന്ഥകാരനായ ബിജു മുത്തത്തിയുടെ ഫേസ്ബുക്ക് സുഹൃത്തുക്കളിലൂടെ പ്രകാശനം ചെയ്യപ്പെട്ട പുസ്‌കകക്കവര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് വൈറലാക്കി. ഡോ. സുനില്‍ പി ഇളയിടം ഉള്‍പ്പെടയെുള്ള എഴുത്തുകാരും ചലച്ചിത്രരംഗത്തെ പ്രമുഖരും കലാകാരന്മാരും ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരുമായി നിരവധിപേരാണ് ഫേസ്ബുക്കിലൂടെ പുസ്തകക്കവര്‍ ഏറ്റെടുത്ത് പങ്കുവെച്ചത്.

സഹയാത്രികര്‍ക്കൊപ്പം ലേഡീസ് കംപാര്‍ട്‌മെന്റിലിരുന്ന് പ്രതീകാത്മകമായി യാത്ര ചെയ്യുന്ന എഴുത്തുകാരന്റെ ചിത്രവുമായുള്ള കവര്‍ സോഷ്യല്‍ മീഡിയയില്‍ രസകരമായ കുറിപ്പുകളും കമന്റുകളും സഹിതമാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. കൈരളി ന്യൂസിലെ ഗ്രാഫിക്‌സ് ആര്‍ടിസ്റ്റായ കിരണ്‍ ഗോവിന്ദാണ് പുസ്തകക്കവര്‍ രൂപകല്‍പ്പന ചെയ്തത്. എഴുത്തുകാരിയും തിരക്കഥാകൃത്തുമായ ദീദി ദാമോദരന്റേതാണ് അവതാരിക.

2010 സെപ്റ്റംബര്‍ 20ന് പുനലൂര്‍ ചെങ്കോട്ട മീറ്റര്‍ ഗേജ് തീവണ്ടിയുടെ അവസാന യാത്രയായ ദി ലാസ്റ്റ് ട്രെയിന്‍ ആയിരുന്നു കേരള എക്‌സ്പ്രസിന്റെ ആദ്യത്തെ എപ്പിസോഡ്. 2020 മാര്‍ച്ച് 28ന് ശ്രീനാരായണ ഗുരുവിനെ നേരിട്ടു കണ്ട കണ്ണൂരിലെ നൂറ്റിപ്പത്തുവയസ്സുകാരനായ നാരായണനെക്കുറിച്ചായിരുന്നു അവസാനത്തെ എപ്പിസോഡ്. അഞ്ഞൂറ് ആഴ്ചകളിലായി കേരളത്തിലെ വാര്‍ത്താ ചാനലുകളില്‍ ഏറ്റവും കൂടുതല്‍ക്കാലം സംപ്രേഷണം ചെയ്യപ്പെട്ട വാര്‍ത്തേതര പരിപാടി കൂടിയായിരുന്നു കേരള എക്‌സ്പ്രസ്.

അഞ്ചു തവണ സംസ്ഥാന സര്‍ക്കാരിന്റെ ടെലിവിഷന്‍ പുരസ്‌കാരം ഈ പരിപാടി കരസ്ഥമാക്കി. കേരള നിയമസഭയുടെയും കേരള ഫോക്ലോര്‍ അക്കാദമിയുടെയും പുരസ്‌കാരമുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ വേറെയും നേടി. കേരളത്തിന്റെ രാജ്യാന്തര ഡോക്യുമെന്ററി (IDSFFK) ചലച്ചിത്രമേളകളില്‍ ഉള്‍പ്പെടെ ചര്‍ച്ചചെയ്യപ്പെട്ടു.

ജനുവരി 12 വ്യാഴം വൈകിട്ട് 4ന് കേരള നിയമസഭാ മന്ദിരത്തില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയില്‍ ‘ലേഡീസ്
കംപാര്‍ട്‌മെന്റ് ‘പുറത്തിറങ്ങും. ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ദി ഹിന്ദുവിന്റെ ഡെപ്യൂട്ടി എഡിറ്റര്‍ സരസ്വതി നാഗരാജന് നല്‍കി പുസ്തകം പ്രകാശനം ചെയ്യും. ഡോ. ജോണ്‍ബ്രിട്ടാസ് എംപി പ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്യും. ടിഐ മധുസൂദനന്‍ എംഎല്‍എ അധ്യക്ഷനാകും.

(ബിജു മുത്തത്തി)

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News