സിറോ മലബാര്‍ സഭാ സമ്പൂര്‍ണ സിനഡിന് തുടക്കമായി

സിറോ മലബാര്‍ സഭയുടെ സമ്പൂര്‍ണ സിനഡിന് ഔദ്യോഗിക തുടക്കമായി. സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഡോ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. കുര്‍ബാന ഏകീകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് സിനഡിലെ പ്രധാന ചര്‍ച്ച. മൂന്നു ദിവസം നീണ്ടുനിന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിനു ശേഷമാണ് സിറോമലബാര്‍ സഭയുടെ 31ാമത് സിനഡിന് തുടക്കമായത്. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കുന്ന സിനഡ് സമ്മേളനം സഭാ തലവന്‍ കര്‍ദിനാള്‍ ഡോ.ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.

എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കവും സംഘര്‍ഷവും ഉള്‍പ്പടെയാണ് സിനഡിലെ പ്രധാന ചര്‍ച്ചാ വിഷയം. അതിനാല്‍ സിനഡില്‍ ഇനിയുള്ള 6 ദിവസങ്ങള്‍ ഏറ്റവും നിര്‍ണായകമാണ്. ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന മുന്‍ സിനഡിലെ നിര്‍ദേശം നടപ്പാക്കാന്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികരും വിശ്വാസികളും തയ്യാറാകാത്ത പശ്ചാത്തലം വിശദമായി ചര്‍ച്ച ചെയ്യും. കുര്‍ബാനയെച്ചൊല്ലി ക്രിസ്തുമസ് തലേന്നാള്‍ ഇരുവിഭാഗവും പള്ളിയില്‍ ഏറ്റുമുട്ടിയതു സംബന്ധിച്ചും സിനഡില്‍ ചര്‍ച്ചയുണ്ടാകും.

സിനഡ് നടക്കുന്ന മൗണ്ട് സെന്റ് തോമസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ ഒരു വിഭാഗം തീരുമാനിച്ചിരുന്നു. എന്നാല്‍, സിനഡില്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കാമെന്ന് കര്‍ദിനാള്‍ ആലഞ്ചേരി വ്യക്തമാക്കിയതിനെത്തുടര്‍ന്ന് മാര്‍ച്ച് തല്‍ക്കാലത്തേയ്ക്ക് മാറ്റിവെച്ചിരുന്നു. അതേസമയം, ഔദ്യോഗിക പക്ഷത്തെ അനുകൂലിക്കുന്നവര്‍ ബിഷപ്പ് ഹൗസിനു മുന്നിലേക്ക് പ്രതിഷേധ പ്രാര്‍ത്ഥനയുമായി കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇരുവിഭാഗവും തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ സിനഡ് കൈക്കൊള്ളുന്ന തീരുമാനത്തിനായി കാത്തിരിക്കുകയാണ് വിശ്വാസികളും വൈദികരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News