ഡയാനയുടെ കാമുകന്മാരിൽ ആരോ ഒരാളാണ് തന്റെ യഥാർത്ഥ പിതാവ്; ഹാരിയുടെ ആത്മകഥ വിവാദമാകുന്നു

ബ്രിട്ടീഷ് രാജകുടുംബത്തിനെതിരെ വെളിപ്പെടുത്തലുമായി ഹാരി രാജകുമാരന്റെ ആത്മകഥ. ഹാരിയുടെ ആത്മകഥയായ ‘സ്പെയർ’ നാളെ പുറത്തിറങ്ങാനിരിക്കെയാണ് പുസ്തകത്തിലെ വെളിപ്പെടുത്തലുകൾ രാജകുടുംബത്തെ പിടിച്ചുലയ്ക്കുന്നത്.

കൊട്ടാരത്തിലെ അംഗരക്ഷകനായ മേജർ ജെയിംസ് ഹെവിറ്റുമായുള്ള ഡയാനയുടെ ബന്ധം ചൂണ്ടിക്കാട്ടി തന്നെ ചാൾസ് രാജാവ് അധിക്ഷേപിക്കുമായിരുന്നുവെന്ന് ഹാരി പറയുന്നുണ്ട്. ഡയാനയുടെ കാമുകന്മാരിൽ ആരോ ഒരാളാണ് തന്റെ യഥാർത്ഥ പിതാവെന്ന് ചാൾസ് തമാശ രൂപേണ പറയുമായിരുന്നുവെന്ന് ആത്മകഥയിൽ പറയുന്നു. “ഞാൻ തന്നെയാണോ യഥാർത്ഥ വെയിൽസ് രാജകുമാരൻ, ഞാൻ തന്നെയാണോ നിന്റെ യഥാർത്ഥ പിതാവ്?” എന്നിങ്ങനെ അധിക്ഷേപങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ടെന്ന് ഹാരി പറയുന്നു.

രാജകുടുംബത്തിൽ അംഗമാകുന്നതിനു മുമ്പ് താനും സഹോദരൻ വില്യമും കാമിലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അവർ ഒരു ദുഷ്ടയായ രണ്ടാനമ്മയാകുമോയെന്ന ഭയം ഉണ്ടായിരുന്നു. എന്നാൽ പിതാവിന്റെ സന്തോഷം കണക്കിലെടുത്താണ് ചാൾസും കാമിലയും തമ്മിലുള്ള വിവാഹത്തിന് സമ്മതം മൂളിയതെന്ന് ഹാരി വെളിപ്പെടുത്തുന്നു.

സഹോദരൻ വില്യം രാജകുമാരനുമായുള്ള ബന്ധത്തെക്കുറിച്ചും മാതാവ് ഡയാനയെക്കുറിച്ചും പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഹാരി-മേഗൻ വിവാഹ വേദിയെ സംബന്ധിച്ചും കൊട്ടാരത്തിൽ തർക്കം ഉണ്ടായിരുന്നു. വിവാഹം വെസ്റ്റ് മിനിസ്റ്റർ അബ്ബെയിലെ സെന്റ് പോൾസ് കത്തിഡ്രലിൽ നടത്തണമെന്ന ഹാരിയുടെ ആഗ്രഹത്തെ വില്യം എതിർത്തിരുന്നു. ഡയാന-ചാൾസ്, വില്യം-കെയ്റ്റ് ദമ്പതികളുടെ വിവാഹം ഈ പള്ളിയിൽ വെച്ചായിരുന്നു. ഇംഗ്ലണ്ടിലെ ചാൾസ് വസതിക്കു സമീപത്തുള്ള ചാപ്പലിൽ വെച്ച് വിവാഹം നടത്താനായിരുന്നു വില്യമിന്റെ നിർദ്ദേശം. മേഗനെ വിവാഹം കഴിക്കുന്നതിലും വില്യമിന് എതിർപ്പുണ്ടായിരുന്നുവെന്ന് ആത്മകഥയിൽ പറയുന്നുണ്ട്.

ഡയാന കാറപകടത്തിൽ മരിച്ച വാർത്ത അറിഞ്ഞപ്പോൾ പിതാവ് തന്നെ കെട്ടിപ്പിടിച്ചില്ല. ഡയാന മരണത്തിനു തൊട്ടുമുമ്പ് പാരീസിൽ നടത്തിയ കാർ യാത്രയെക്കുറിച്ചും സ്പെയറിൽ പരാമർശമുണ്ട്. അമ്മയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരയാൻ ആഗ്രഹം ഉണ്ടായിരുന്നിട്ടും അടക്കിപ്പിടിച്ചു. അമ്മയുടെ ജീവിതം സങ്കടം നിറഞ്ഞതായിരുന്നു. അമ്മയുടെ മരണ ശേഷം ഒരിക്കൽ മാത്രം താൻ കരഞ്ഞിട്ടുണ്ടെന്നും പരസ്യമായി കരയാത്തതിൽ തനിക്ക് കുറ്റബോധം തോന്നുവെന്നും അദ്ദേഹം തന്റെ ആത്മകഥയിൽ വെളിപ്പെടുത്തി.

അതേസമയം, 1997ൽ ഡയാന രാജകുമാരി കാറപകടത്തിൽ മരിക്കുമ്പോൾ ഹാരിക്ക് 12 വയസും വില്യമിന് 15 വയസുമായിരുന്നു പ്രായം. 416 പേജുകളുള്ള പുസ്തകം 16 ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. പുസ്തകത്തിന്റെ വിപണന തന്ത്രത്തിന്റെ ഭാഗമായിട്ടാണ് ആത്മകഥയിലെ ഓരോ ഭാഗങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത് എന്നാണ് വിലയിരുത്തൽ. ജനുവരി 10നാണ് പുസ്തകം പുറത്തിറങ്ങുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News