ജോഷിമഠിലെ ശങ്കരാചാര്യ മഠത്തിലും വിള്ളല്‍ രൂക്ഷം; പലായനം തുടരുന്നു

ഉത്തരാഖണ്ഡിലെ ജോഷിമഠിന് സമീപമുള്ള ജ്യോതിര്‍മഠിലെ ശങ്കരാചാര്യ മഠത്തിലും വിള്ളല്‍ രൂക്ഷമാകുന്നു. ജോഷിമഠില്‍ വീടുകളില്‍ വലിയ വിള്ളല്‍, ഭൂമിക്കടിയില്‍ നിന്ന് പുറത്തേക്ക് ശക്തമായ നീരൊഴുക്ക് തുടങ്ങിയ പ്രശ്നങ്ങള്‍ കാരണം 81 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായാണ് ജില്ലാ ഭരണകൂടം വിശദമാക്കുന്നത്.

ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരെ ഒഴിപ്പിക്കാനുള്ള നീക്കങ്ങള്‍ തുടരുകയാണ്. സിംഗ്ധര്‍, ഗാന്ധിനഗര്‍, മനോഹര്‍ബാഗ്, സുനില്‍ എന്നീ വാര്‍ഡുകളിലേക്ക് പ്രവേശനവിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കെട്ടിടങ്ങളും ഭൂമിയും കൂടുതല്‍ വിണ്ടുകീറിയ സ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിനും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ജോഷിമഠിന്റെ സംരക്ഷണത്തിനായി എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും ഒഴിപ്പിക്കലിനോടു സഹകരിക്കണമെന്നും മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അഭ്യര്‍ഥിച്ചു. ബോര്‍ഡര്‍ മാനേജ്‌മെന്റ് സെക്രട്ടറിയും എന്‍ഡിഎംഎ അംഗങ്ങളും പ്രദേശം സന്ദര്‍ശിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ബദരീനാഥിലേക്കും ഹേമകുണ്ഡ് സാഹിബിലേക്കും പോകുന്ന വിനോദസഞ്ചാരികളുടെ പ്രധാന റൂട്ടാണ് ജോഷിമഠ്.

പല വീടുകളും ഇതിനോടകം നിലംപൊത്തിയിട്ടുണ്ട്. റോഡുകളും വീണ്ടുകീറിയിട്ടുണ്ട്. പ്രദേശമാകെ തീര്‍ത്തും ഒറ്റപ്പെട്ട സ്ഥിതിയാണ് ജോഷിമഠിലുള്ളത്. 2,65,000 രൂപയാണ് ആദ്യഘട്ടത്തില്‍ അടിയന്തര ധനസഹായമായി നല്‍കിയത്. ഇന്ന് രണ്ട് കേന്ദ്ര സംഘങ്ങള്‍ കൂടി ജോഷിമഠ് സന്ദര്‍ശിക്കും. ദേശീയ ബില്‍ഡിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് അംഗങ്ങളും നാളെ ജോഷിമഠില്‍ എത്തുമെന്നാണ് സൂചന.

ജോഷിമഠിലെ സ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടത്തിയ യോഗത്തില്‍ ജോഷിമഠ് ജില്ലാ അധികൃതരും ഉത്തരാഖണ്ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുകയും ജോഷിമഠിനെ സംരക്ഷിക്കാന്‍ ഹ്രസ്വ, ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിച്ചുവരികയാണെന്ന് കേന്ദ്ര ഏജന്‍സികളും വിദഗ്ധരും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ മിശ്രയെ അറിയിക്കുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News