ജോഷിമഠില്‍ സ്ഥിതി ഗുരുതരം; 4000 പേരെ ഒഴിപ്പിച്ചു,അടിയന്തിര ഇടപെടലിന് വിസമ്മതിച്ച്‌ സുപ്രീംകോടതി

ഉത്തരാഖണ്ഡിലെ ജോഷിമഠിൽ  അറുനൂറോളം വീടുകള്‍ ഒഴിപ്പിച്ചു. ഉപഗ്രഹ സര്‍വേക്ക് ശേഷമാണ് ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങിയത്. ഇതിനോടകം പ്രദേശത്തെ ഏകദേശം 4,000 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി ആഭ്യന്തര വകുപ്പ് അറിയിച്ചു.

കരസേന, ഐടിബിപി വിഭാഗങ്ങളുടേതായി പ്രവർത്തിക്കുന്ന കെട്ടിടങ്ങളിലും വിള്ളലുകൾ കണ്ടെത്തിയിട്ടുണ്ട്. ബോര്‍ഡര്‍ മാനേജ്മെന്റ് സെക്രട്ടറി ഡോ.ധര്‍മേന്ദ്ര സിങ് ഗാങ്‌വാറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല കേന്ദ്രസംഘം ഡെറാഡൂണിലെത്തി മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുമായി ചർച്ച നടത്തി. കൃത്യമായ കണക്കുകള്‍ ലഭിക്കാന്‍ എന്‍ഡിആര്‍എഫും പ്രാദേശിക ഭരണകൂടവും സര്‍വേകള്‍ നടത്തിവരികയാണെന്ന് ആഭ്യന്തര വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.

ഉത്തരാഖണ്ഡിലെ എല്ലാ ജില്ലകളിലും പ്രത്യേക  സർവ്വേയ്ക്കും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.  എന്തുകൊണ്ട് കെട്ടിടങ്ങൾ ഇടിഞ്ഞുവീഴുന്നു എന്നതിനെ കുറിച്ച് വിശദമായി പഠിക്കാനാണ് മുഖ്യമന്ത്രി പുഷ്ക്കർ ധാമിയുടെ ഉത്തരവ്. 

പ്രദേശത്ത് താമസിക്കാന്‍ സുരക്ഷിതമല്ലാത്ത ഇരുന്നൂറിലധികം വീടുകളില്‍ ജില്ലാ ഭരണകൂടം നേരത്തെ ചുവന്ന അടയാളങ്ങള്‍ പതിച്ചിരുന്നു. താമസക്കാരോട് താത്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കോ വാടക വീടുകളിലേക്കോ മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്, ഓരോ കുടുംബത്തിനും അടുത്ത ആറ് മാസത്തേക്ക് പ്രതിമാസം 4,000 രൂപ സഹായം നൽകാൻ ഉത്തരാഖണ്ഡ് സർക്കാർ തീരുമാനിച്ചു.

ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും ഉദ്യോഗസ്ഥരെ ജോഷിമഠിലെദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്.

ജോഷിമഠിൽ നിലവിൽ 600 വീടുകൾക്ക് വിള്ളലുണ്ടായതിന് പുറമെ ബദരീനാഥിലേക്കും ഹേംകുന്ത് സാഹിബിലേക്കും ഉള്ള കവാടത്തിലെ ഭൂമി വിണ്ടുകീറിയതായാണ് റിപ്പോർട്ടുകൾ. ഉത്തരാഖണ്ഡിലെ അസാധാരണ പ്രതിഭാസത്തെ മൂന്ന് വിഭാഗമായി സർക്കാർ തിരിച്ചിട്ടുണ്ട്. ‘അപകട മേഖല ‘, ‘ഭാഗിക അപകടമേഖല ‘, ‘ സുരക്ഷിത മേഖല’ ഇങ്ങനെ മൂന്ന് മേഖലകളായാണ് തിരിച്ചിരിക്കുന്നത്.

ജലവൈദ്യുത പദ്ധതികള്‍ ഉള്‍പ്പെടെ പ്രകൃതി സൗഹൃദമല്ലാത്ത അടിസ്ഥാന സൗകര്യ വികസനമാണ് ജോഷിമഠിലെ ആശങ്കാജനകമായ ഈ സാഹചര്യത്തിന് കാരണമെന്നാണ് വിമർശനങ്ങൾ.  നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്റെ (എന്‍ടിപിസി) ജലവൈദ്യുത പദ്ധതിക്കെതിരെയും ആരോപണങ്ങൾ ഉയരുന്നു.

ജോഷിമഠിലെ സാഹചര്യങ്ങൾ പരിശോധിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യം ഇല്ലെന്ന് വ്യക്തമാക്കിയത്.

തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ഉത്തരാഖണ്ഡിൽ ഉണ്ടെന്നും അവർ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.  ഉത്തരാഖണ്ഡ് ഹർജി ജനുവരി 16 ലേക്ക് മാറ്റിവെച്ചു. കേസിൽ ഇന്ന് തന്നെ വാദം കേൾക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News