ദില്ലിയിൽ അഞ്ജലി സിംഗ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾക്കെതിരെ കൊലപാതക കുറ്റം ചുമത്തണമെന്ന ആവശ്യവുമായി കുടുംബം. അപകട ശേഷം കാറിനടിയിൽ യുവതി കുടുങ്ങിയത് പ്രതികൾക്ക് അറിയാമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം പൊലീസ് വ്യക്തമാക്കിയിരുന്നു.ഇതിനെ തുടർന്ന് പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന ആവശ്യവുമായി കുടുംബാംഗങ്ങൾ സുൽത്താൻപുരി പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുകയാണ്.
അതേസമയം, അഞ്ജലി സിംഗ് കാറിനടിയിൽപ്പെട്ട ശേഷം 13 കിലോമീറ്റർ വലിച്ചിഴച്ച കേസിൽ പ്രതികളെ റിമാൻഡ് ചെയ്തു. കേസിൽ അറസ്റ്റിലായ 6 പ്രതികളെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.ഇതുവരെ 20 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആവശ്യമെങ്കിൽ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും പൊലീസ് അറിയിച്ചു.
യുവതി കാറിനടിയിൽ കുടുങ്ങിയതായി അറിഞ്ഞില്ലായിരുന്നു എന്നായിരുന്നു പ്രതികൾ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ യുവതി കാറിനടിയിൽ കുടുങ്ങിയതായി അറിയാമായിരുന്നെങ്കിലും ഭയം കാരണം വാഹനം നിർത്തിയില്ലെന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.
ഇരുപതുകാരിയായ അഞ്ജലി പുതുവത്സരാഘോഷങ്ങൾക്ക് ശേഷം തന്റെ സ്‌കൂട്ടറിൽ ഒരു സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പ്രതികൾ സഞ്ചരിച്ച കാറിടിച്ച് അപകടമുണ്ടാകുന്നത്. അപകടത്തെ തുടർന്ന് മറുവശത്തേക്ക് തെറിച്ചുവീണ അഞ്ജലിയുടെ സുഹൃത്തിന് നിസാര പരുക്കേറ്റു. എന്നാൽ അഞ്ജലി കാറിൻ്റെ മുൻ ചക്രങ്ങൾക്കിടയിൽ കുടുങ്ങുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here