15 വര്‍ഷം മനസ്സില്‍ കൊടുംപക; ഒടുവില്‍ യുവാവിനെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു

15 വര്‍ഷംമുമ്പ് കളിക്കിടെ ഇടിച്ചതിന്റെ പക വീട്ടാനായി യുവാവിനെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു. കൊല്ലം കൊട്ടിയം ചേരീക്കോണത്താണ് സംഭവം. തിങ്കളാഴ്ചയാണ് കണ്ണനല്ലൂര്‍ ചേരീക്കോണം പബ്ലിക് ലൈബ്രറിക്കുസമീപം മുകളുവിളവീട്ടില്‍ സന്തോഷി(41)നെ ചന്ദനത്തോപ്പില്‍ വാടകയ്ക്കു താമസിക്കുന്ന മുഖത്തല പാങ്കോണം കിളിപ്പള്ളി പണയില്‍വീട്ടില്‍ പ്രകാശാണ്(45) വീട്ടില്‍ക്കയറി കുത്തിക്കൊലപ്പെടുത്തിയത്. അക്രമം തടയാന്‍ ശ്രമിച്ച സന്തോഷിന്റെ ബന്ധുവായ പതിനേഴുകാരനെയും പ്രകാശ് കുത്തിപ്പരുക്കേല്‍പ്പിച്ചു.

സുഹൃത്തുക്കളായിരിക്കെ പതിനഞ്ച് വര്‍ഷം മുമ്പ് ഇരുവരും ‘മ’ എന്ന അക്ഷരം പറഞ്ഞാല്‍ ഇടിക്കാമെന്ന കളി കളിച്ചു. സംസാരത്തിനിടെ ‘മ’ എന്ന അക്ഷരം ഉപയോഗിച്ച തന്നെ സന്തോഷ് നട്ടെല്ലിനിടിച്ചെന്നാണ് പ്രകാശ് പറയുന്നത്. തനിക്ക് പിന്നീടുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം ഈ ഇടിയാണെന്നാണ് പ്രകാശിന്റെ വാദം. തനിക്ക് കുട്ടികള്‍ ഉണ്ടാകാത്തതിന് കാരണമായതും ഈ ഇടിയാണെന്ന് പ്രകാശ് വിശ്വസിച്ചു.
രണ്ടുവര്‍ഷംമുമ്പ് ഇയാളുടെ ഭാര്യ മരിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ ഒറ്റപ്പെടലില്‍ ഇയാളുടെ വൈരാഗ്യം വീണ്ടും വര്‍ധിച്ചു. ഒരു വര്‍ഷമായി സന്തോഷിനെ വകവരുത്താന്‍ പ്രകാശ് ആസൂത്രണം ചെയ്തിരുന്നു.

കൊടുംപക മനസ്സില്‍ സൂക്ഷിച്ച പ്രകാശ് ദിവസവും സാന്‍ഡ് പേപ്പര്‍കൊണ്ട് കത്തിയുടെ മൂര്‍ച്ച കൂട്ടിക്കൊണ്ടിരുന്നു. ഞായറാഴ്ച രാവിലെ സന്തോഷ് വീട്ടില്‍ ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയ പ്രകാശ് ഉച്ചമയക്കത്തിലായിരുന്ന സുഹൃത്തിനെ വീട്ടില്‍ക്കയറി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സന്തോഷിന്റെ ദേഹത്ത് 23 കുത്തുകളാണ് ഉണ്ടായിരുന്നത്. മാരകമായ മൂന്നു കുത്തുകളാണ് മരണകാരണമായത്. സന്തോഷിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് പ്രകാശിനെ പിടികൂടി. കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News