യുഎസിന്റെ കോച്ചാകാൻ സിദാനില്ല

യുഎസ് പുരുഷ ഫുട്ബോൾ ടീമിന്റെ വേൾഡ് കപ്പ് പരിശീലകൻ ഗ്രെഗ് ബെർഹാൾട്ടർന്റെ യുഎസ് ടീമുമായുള്ള കരാർ ഡിസംബർ 31 നു അവസാനിച്ചതിനെ തുടർന്ന് യുഎസ് സോക്കർ ഫെഡറേഷൻ ഫ്രഞ്ച് സൂപ്പർ താരം സിനദിൻ സിദാനെ സമീപിച്ചിരുന്നു. എങ്കിലും താരം തന്റെ ഏജന്റ് അലൈൻ മിഗ്ലിയാസിയോ വഴി ഓഫർ നിരസിച്ചു.

1998ൽ ഫിഫ ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നു സിദാൻ.മൂന്ന് തവണ ഫിഫ വേൾഡ് പ്ലെയർ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയ സിദാൻ 1998-ലെ ബാലൺ ഡി ഓർ പുരസ്‌കാരജേതാവായിരുന്നു.

2021 ൽ റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനത്തു നിന്നും രാജി വച്ച ശേഷം സിദാൻ പരിശീലക കുപ്പായം അണിഞ്ഞിട്ടില്ല.
ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ നിലവിലെ ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാംപ്സിന്റെ കരാർ 2026 വരെ പുതുക്കിയതിനാൽ ഫ്രാൻസിനെ പരിശീലിപ്പിക്കുക എന്ന സിദാന്റെ സ്വപ്നം അടുത്തൊന്നും നടക്കാനിടയില്ല.

സിനദീൻ സിദാൻ ദേശീയ ടീം മാനേജറാകുന്നത് സംബന്ധിച്ച് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് നോയൽ ലെ ഗ്രായെറ്റ് നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. ഫ്രഞ്ച് കോച്ചായി ദിദിയർ ദെഷാംപ്സ് 2026 വരെ തുടരുമെന്ന് മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെയാണ് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് നോയൽ ലെ ഗ്രായെറ്റ് സിദാനെതിരെ വിവാദ പരാമർശങ്ങൾ നടത്തിയത്. സിദാൻ എന്ത് ചെയ്താലും താനത് കാര്യമാക്കുന്നില്ല എന്നും,സിദാന്റെ ഫോൺ അറ്റന്റ് ചെയ്യാൻ പോലും താൻ ആഗ്രഹിക്കുന്നില്ല എന്നും ലെ ഗ്രായെറ്റ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പരാമർശങ്ങൾ വിവാദമായതിനെ തുടർന്ന് ലെ ഗ്രായെറ്റ് വിശദീകരണവുമായി രംഗത്ത് വന്നു. തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും, സിദാനെതിരെ താൻ നടത്തിയെന്ന് പറയുന്ന പ്രസ്താവനകളിൽ മാപ്പ് പറയുകയാണെന്നും ലെ ഗ്രായെറ്റ് മാധ്യമങ്ങളോട് പറഞ്ഞു. അഭിമുഖം നടത്തിയ ലേഖകൻ ദേഷാമിനെയും സിദാനെയും രണ്ടു ധ്രുവങ്ങളിൽ നിർത്തി വിവാദം ഉണ്ടാക്കാൻ ശ്രമിച്ചതിന്റെ ഭാഗമായാണ് പ്രശ്‌നങ്ങൾ ഉണ്ടായത്. സിദാനോട് എക്കാലവും ബഹുമാനം മാത്രമേയുള്ളു, സിദാനെതിരായ പരാമർശങ്ങളിൽ ഖേദിക്കുന്നു. അത് പാടില്ലാത്തതായിരുന്നു. അത് ആശയക്കുഴപ്പം ഉണ്ടാക്കി. ഫ്രാൻസിലെ ജനങ്ങൾക്ക് എന്ന പോലെ എനിക്കും അദ്ദേഹത്തോട് തികഞ്ഞ ബഹുമാനം ആണെന്നും ഗ്രായെറ്റ് പറഞ്ഞു.

സിദാനെതിരെയുള്ള ഗ്രായെറ്റിന്റെ പരാമർശങ്ങൾക്ക് മറുപടിയുമായി നിരവധി ആരാധകരും താരങ്ങളും സമൂഹമാധ്യമങ്ങളിൽ രംഗത്ത് വന്നിരുന്നു. ഫ്രഞ്ച് സൂപ്പർ താരം കിലിയാൻ എംബാപ്പേ അടക്കമുള്ളവർ സമൂഹ മാദ്ധ്യമങ്ങ ളിൽ പ്രതിഷേധവുമായി എത്തിയിരുന്നു. ‘സിദാൻ എന്നാൽ ഫ്രാൻസ് ആണ്. തങ്ങളുടെ ഇതിഹാസ നായകനോട് ഞങ്ങൾ ഒരിക്കലും അനാദരവ് കാണിക്കില്ല’ എന്ന് എംബാപ്പേ ട്വിറ്ററിൽ കുറിച്ചു.
സിദാൻ ഫ്രാൻസിന്റെ കോച്ച് ആകണമെന്ന് ഒരു കൂട്ടം ആരാധകർ ആവശ്യപ്പെടുന്നതിനിടയിലാണ് വിവാദങ്ങൾ ഉണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News