ബി.ജെ.പി കേരള ഘടകത്തില്‍ നിഴല്‍യുദ്ധം

ദിപിൻ മാനന്തവാടി

സുരേന്ദ്രനെ കേന്ദ്രനേതൃത്വം ചേര്‍ത്തു പിടിക്കുമ്പോള്‍ പിടി അയഞ്ഞ് കൃഷ്ണദാസ് പക്ഷം. കെ.സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷപദവിയില്‍ തുടരുമെന്ന പ്രകാശ് ജാവദേക്കറിന്റെ  പ്രസ്താവനയാണ് കൃഷ്ണദാസ് പക്ഷത്തെ പ്രതിരോധത്തില്‍ ആക്കിയിരിക്കുന്നത്. ആലപ്പുഴയില്‍ നടന്ന പാര്‍ലമെന്റ് മണ്ഡലം പ്രവര്‍ത്തന യോഗത്തിലായിരുന്നു സുരേന്ദ്രന്‍ തുടരുമെന്ന പ്രകാശ് ജാവദേക്കറിന്റെ പ്രഖ്യാപനം.

Like Delhi, Mumbai too needs Metro': Prakash Javadekar

പ്രകാശ് ജാവദേക്കർ

സംസ്ഥാനത്തെ ബി.ജെ.പി അനുകൂല മാധ്യമങ്ങള്‍ പ്രകാശ് ജാവദേക്കറുടെ പ്രസ്താവനയോട് മുഖം തിരിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രകാശ് ജാവദേക്കറിന്റെ പ്രസ്താവനയില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വത്തില്‍ ഒരുവിഭാഗത്തിന് അതൃപ്തിയുണ്ട് എന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനെ പ്രതിരോധിക്കാനാണ് സംസ്ഥാന പ്രഭാരിയായ ജാവദേക്കറിന്റെ നിലപാടിനെ പിന്തുണക്കുന്ന പ്രസ്താവന ഇറക്കാന്‍ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള കോര്‍ കമ്മിറ്റിഅംഗങ്ങള്‍ നിര്‍ബന്ധിതരായതെന്നും സൂചനകളുണ്ട്. പലരെയും തെറ്റിദ്ധരിപ്പിച്ചാണ് ഇത്തരം പ്രസ്താവന പുറപ്പെടുവിച്ചതെന്നും ആക്ഷേപമുണ്ട്.

ഈ സാഹചര്യത്തിലാണ് പ്രകാശ് ജാവദേക്കറിന്റെ പ്രസ്താവനയില്‍ കോര്‍ കമ്മിറ്റി അംഗങ്ങളായ പി.കെ.കൃഷ്ണദാസ്, എം.ടി.രമേശ്, എ.എന്‍.രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കള്‍ അതൃപ്തരാണ് എന്ന സൂചനകള്‍ പുറത്തുവരുന്നത്. ദേശീയ നിര്‍വ്വാഹക സമിതിയിലോ സംസ്ഥാന കോര്‍കമ്മിറ്റിയിലോ ദേശീയ അധ്യക്ഷന്‍ നടത്തേണ്ട പ്രസ്താവനയാണ് പ്രകാശ് ജാവദേക്കര്‍ ഒരു പൊതുപരിപാടിയില്‍ നടത്തിയിരിക്കുന്നത് എന്ന വികാരമാണ് ഈ നേതാക്കള്‍ക്കുള്ളത്. ബി.എല്‍.സന്തോഷ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രകാശ് ജാവക്കേറിനെ തെറ്റിദ്ധരിപ്പിച്ച് ഇത്തരമൊരു പ്രസ്താവന നടത്തിപ്പിച്ചു എന്നാണ് കേരളത്തിലെ സുരേന്ദ്ര വിരുദ്ധ നേതാക്കളുടെ പരാതി. കെ.സുരേന്ദ്രന് ഇനിയൊരു ഊഴം ഉണ്ടാകില്ലെന്ന ധാരണയില്‍ ആര്‍.എസ്.എസ് പിന്തുണയുള്ള എം.ടി.രമേശിനെയോ വത്സന്‍ തില്ലങ്കേരിയെയോ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേയ്ക്ക് കൊണ്ടുവരാനുള്ള നീക്കത്തിലായിരുന്നു സുരേന്ദ്രവിരുദ്ധ പക്ഷം. ഈ നീക്കങ്ങളുടെയെല്ലാം മുനയൊടിക്കുന്ന സമീപനമാണ് കേന്ദ്രനേതൃത്വം നിയോഗിച്ചിരിക്കുന്ന പ്രകാശ് ജാവദേക്കറില്‍ നിന്നും ഉണ്ടായിരിക്കുന്നത്. സംസ്ഥാന പ്രഭാരിയുടെ നിലപാടിനെ കൃഷ്ണദാസിനും എം.ടി.രമേശിനും പരസ്യമായി അനുകൂലിക്കേണ്ടി വന്നതും സുരേന്ദ്രവിരുദ്ധ പക്ഷത്തിന് ക്ഷീണമായിട്ടുണ്ട്.

How RSS pracharak BL Santhosh has emerged as BJP's 'rock star' general secretary

ബി.എൽ സന്തോഷ്

നേരത്തെ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ ദയനീയ പ്രകടനവും തിരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കുഴല്‍പ്പണ വിവാദങ്ങളും കെ.സുരേന്ദ്രന്റെ സ്ഥാനത്തിന് ഭീഷണി സൃഷ്ടിച്ചിരുന്നു. അമിത്ഷാ അടക്കമുള്ള കേന്ദ്രനേതാക്കള്‍ക്ക് സുരേന്ദ്രന്‍ തുടരുന്നതില്‍ അതൃപ്തിയുണ്ടെന്ന വാര്‍ത്തകളും ആ ഘട്ടത്തില്‍ വന്നിരുന്നു. എന്നാല്‍ സുരേന്ദ്രനെ മാറ്റണമെന്ന കൃഷ്ണദാസ് പക്ഷത്തിന്റെ ആവശ്യവും സി.വി.ആനന്ദബോസ്, ഇ.ശ്രീധരന്‍, ജേക്കബ് തോമസ് എന്നിവര്‍ ഉള്‍പ്പെടുന്ന മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ടും തള്ളി കേന്ദ്രനേതൃത്വം സുരേന്ദ്രനെ അന്ന് സംരക്ഷിക്കുകയായിരുന്നു. ആര്‍.എസ്.എസ് സുരേന്ദ്രന്റെ പ്രവര്‍ത്തനങ്ങളില്‍ ഉയര്‍ത്തിയ പരാതിയും കേന്ദ്രനേതൃത്വം ഗൗനിച്ചിരുന്നില്ല. കേന്ദ്രമന്ത്രി വി.മുരളീധരനും ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷുമായിരുന്നു അന്ന് കെ.സുരേന്ദ്രന് സംരക്ഷണം ഒരുക്കിയത്. അമിത് ഷായുടെ അടുപ്പക്കാരാനായ, സംഘടനാചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷിന്റെ പിന്തുണയാണ് അധ്യക്ഷപദവിയില്‍ തുടരാനും കെ.സുരേന്ദ്രന് തുണയാകുന്നത്. നേരത്തെ ആര്‍.എസ്.എസ് പിന്തുണയുള്ള കുമ്മനം രാജശേഖരനെ സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നും മാറ്റാനുള്ള നീക്കത്തിന്റെ അണിയറയിലും ബി.എല്‍.സന്തോഷായിരുന്നു. അന്ന് കുമ്മനത്തെ മാറ്റണമെന്ന റിപ്പോര്‍ട്ട് നല്‍കിയതിന്റെ പേരില്‍ ആര്‍.എസ്.എസ് നേതൃത്വം ബി.എല്‍.സന്തോഷിനെതിരെ രംഗത്ത് വന്നിരുന്നു. കുമ്മനത്തിന് പകരം ആര്‍.എസ്.എസിന് അനഭിമിതനായ കെ.സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റായി നിയമിക്കുന്നതിന് ചുക്കാന്‍ പിടിച്ചതും ബി.എല്‍.സന്തോഷായിരുന്നു.

ഇനിയൊരു ഊഴം സുരേന്ദ്രന് ഉണ്ടാകില്ലെന്ന് ആശ്വസിച്ചിരുന്ന കൃഷ്ണദാസ് പക്ഷത്തിന് ചിന്തിക്കാന്‍ കഴിയുന്ന തീരുമാനമല്ല ഇപ്പോള്‍ കേന്ദ്രനേതൃത്വം പ്രകാശ് ജാവദേക്കറിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. സുരേന്ദ്രന്‍ വിരുദ്ധപക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്ന സംസ്ഥാനത്തെ പ്രമുഖനേതാക്കള്‍ പരസ്യമായി ഈ തീരുമാനത്തിനെതിരെ രംഗത്ത് വന്നേക്കില്ല. എന്നാല്‍ നിലവില്‍ താഴെതട്ടുമുതല്‍ നിലനില്‍ക്കുന്ന ബി.ജെ.പിയിലെ ഗ്രൂപ്പ് പോര് ഇതോടെ ശക്തിപ്പെടുമെന്ന് തീര്‍ച്ചയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുവര്‍ഷം മാത്രം അവശേഷിക്കെ ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ ഉരുണ്ടു കൂടിയിരിക്കുന്ന പുതിയ അഭിപ്രായ ഭിന്നത കേന്ദ്രനേതൃത്വത്തിനും തലവേദനയാണ്. കേരള ബി.ജെ.പിയിലെ പ്രബലവിഭാഗം കെ.സുരേന്ദ്രനെതിരെ നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തില്‍ പ്രകാശ് ജാവദേക്കറുടെ നിലപാടില്‍ ഉറച്ച് നില്‍ക്കാന്‍ കഴിയുമോ എന്നതും ബി.ജെ.പിയുടെ ദേശീയ നേതൃത്വത്തെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. കേരളത്തിലെ ആഭ്യന്തരവിഷയങ്ങള്‍ രൂക്ഷമായാല്‍ സുരേന്ദ്രന് പകരക്കാരനെ കണ്ടെത്താന്‍ കേന്ദ്രനേതൃത്വം നിര്‍ബന്ധിതരാകുമെന്നാണ് സുരേന്ദ്രവിരുദ്ധ പക്ഷം കണക്കാക്കുന്നത്. അതിനാല്‍ തന്നെ സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യം താഴെതട്ടുമുതല്‍ ഉയര്‍ത്തിക്കൊണ്ടു വരികയാവും സുരേന്ദ്ര വിരുദ്ധപക്ഷത്തിന്റെ തന്ത്രമെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News