കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിന് ഏകദേശം 200 വർഷത്തെ പാരമ്പര്യമുണ്ട്. വിനോദ സഞ്ചാരികൾ അടക്കം നാനാ ദേശത്തു നിന്നും ആളുകൾ പങ്കെടുക്കുന്ന പൂരം ലോക പ്രശസ്തമാണ്. പകൽ പൂരങ്ങൾ, പഞ്ച വാദ്യ മേളങ്ങൾ, ആനപ്പുറത്തെ കുടമാറ്റം, പുലർച്ചെ നടക്കുന്ന വെടിക്കെട്ട്, ആചാര ചടങ്ങുകൾ എന്നിവ കൊണ്ട് തൃശൂർ പൂരം തികച്ചും വൈവിധ്യ പൂർണമാണ്.
തൃശൂർപൂരത്തിലെ വാദ്യമേളങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇലഞ്ഞിത്തറ മേളം. 1999 മുതൽ ഇലഞ്ഞിത്തറ മേളം പ്രമാണി സ്‌ഥാനത്തു നിന്ന് നയിക്കുന്നത് വാദ്യ കുലപതി പെരുവനം കുട്ടൻ മാരാരാണ്. എന്നാൽ ഇത്തവണത്തെ തൃശൂർ പൂരത്തിൽ പാറമേക്കാവ് ഇലഞ്ഞിത്തറ മേളം പ്രമാണി സ്‌ഥാനത്ത് നിന്ന് കിഴക്കൂട്ട് അനിയൻ മാരാർ നയിക്കും.
1961 മുതൽ പരിയാരത്ത് കുഞ്ഞൻ മാരാർ പ്രമാണിയായിരുന്ന കാലം തൊട്ട് തന്റെ പതിനാറാം വയസു മുതൽ ഇലഞ്ഞിത്തറ മേളത്തിന്റെ മുൻ നിരയിൽ പ്രവർത്തിച്ച കലാകാരനാണ് കിഴക്കൂട്ട് അനിയൻ മാരാർ. 38 വർഷങ്ങൾക്ക് ശേഷം 1999 ൽ പെരുവനം പ്രാമാണിക സ്‌ഥാനത്തു വന്നപ്പോഴും ഇലഞ്ഞി ത്തറ മേളത്തിന്റെ മുൻപന്തിയിൽ അനിയൻ മാരാർ നിലയുറപ്പിച്ചു.
2011 ൽ പാറമേക്കാവ് ഭഗവതി സ്ഥാനത്ത് ദേശപാനയിൽ പാണ്ടിമേളം കൊട്ടിക്കഴിഞ്ഞാണ് അദ്ദേഹത്തെ മേള പ്രമാണിയാകുവാൻ തിരുവമ്പാടി ദേവസ്വം അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിക്കുന്നത്. അന്ന്
തൊട്ടിന്നു വരെ ക്ഷേത്ര കാര്യങ്ങളിൽ ആത്മാർത്ഥ സേവനം നൽകി വരുന്ന കിഴക്കൂട്ട് അനിയൻ മാരാർ 77 വയസ്സിന്റെ നിറവിലേക്ക് കടക്കുകയാണ്. ആദര സൂചകമായി അനിയൻ മാരാരെ ഇത്തവണ പ്രമാണി സ്‌ഥാനത്ത് നിർത്താനാണ് ദേവസ്വം തീരുമാനം. 1992 ൽ പാറമേക്കാവ് ദേവസ്വം കിഴക്കൂട്ട് അനിയൻ മാരാർക്കും പെരുവനം കുട്ടൻ മാരാർക്കും സുവർണ മുദ്ര നൽകി ഒരുമിച്ചാണ് ആദരിച്ചത്.
കിഴക്കൂട്ട് അനിയന്മാരുടെ പ്രമാണിത്വത്തിൽ ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറുന്നത് കാണാൻ കാത്തിരുക്കുകയാണ് പൂര പ്രേമികൾ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here