KPCC അധ്യക്ഷനായി  സുധാകരന്‍ തുടരുമെന്ന് താരിഖ് അന്‍വര്‍

കെ പി സി സി അധ്യക്ഷമാറ്റത്തിന് നിലവില്‍ സാധ്യതയില്ലെന്നും കെ പി സി സി അധ്യക്ഷനായി കെ സുധാകരന്‍ തന്നെ തുടരുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു.  ആര്‍ക്കും എന്ത് പദവിയും ആഗ്രഹിക്കാമെന്നും സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കാന്‍ നടപടി ക്രമം ഉണ്ടെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിമാരുടെ പ്രതികരണത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ട്. സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കാന്‍ നടപടിക്രമങ്ങള്‍ ഉണ്ടെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ വ്യക്തമാക്കി.

‘മുഖ്യമന്ത്രിയാകാന്‍ എനിക്കും ആഗ്രഹിച്ചു കൂടെ’; തരൂരിനെ ട്രോളി ഹൈബി ഈഡന്‍ എം പി

മുഖ്യമന്ത്രിയാകാന്‍ താന്‍ തയാറെന്ന ശശി തരൂരിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ഹൈബി ഈഡന്‍ എം പി. ആര്‍ക്കും മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കാമെന്നും, തനിക്കും ആഗ്രഹിച്ചു കൂടെ എന്നുമായിരുന്നു ഹൈബി ഈഡന്റെ പ്രതികരണം. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും ഇപ്പോള്‍ അതില്‍ അഭിപ്രായം പറയാന്‍ സമയമായില്ലെന്നും ഹൈബി ഈഡന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസങ്ങളിലാണ് കോണ്‍ഗ്രസിലെ ചില പ്രമുഖ നേതാക്കള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ശശി തരൂരിനും ടി എന്‍ പ്രതാപനും ഒളിയമ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും കഴിഞ്ഞ ദിവസം എത്തിയിരുന്നു. സ്ഥാനാര്‍ത്ഥിത്വം ആര്‍ക്കും സ്വന്തം നിലയില്‍ തീരുമാനിക്കാന്‍ ആകില്ലെന്നും അക്കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നുമാണ് വി ഡി സതീശന്‍ ഇരുവരെയും ഓര്‍മ്മപ്പെടുത്തിയത്. നേരത്തെ നിയമസഭയിലേക്ക് മത്സരിക്കാന്‍ ശശി തരൂരും ടി എന്‍ പ്രതാപനും താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഈ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു വി ഡി സതീശന്റെ ഒളിയമ്പ്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായമുള്ളവര്‍ അത് പാര്‍ട്ടിയെ അറിയിക്കണം. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമോ വേണ്ടയോ എന്നതും എവിടെ മത്സരിക്കണം എന്നതുമടക്കം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. സ്ഥാനാര്‍ത്ഥിത്വ കാര്യങ്ങളില്‍ അഭിപ്രായം പറയേണ്ടത് താനല്ലെന്നും കെ പി സി സി അധ്യക്ഷനാണെന്നും വി ഡി സതീശന്‍ പറഞ്ഞു.ഇതിനിടെ ലോക്സഭയിലേക്ക് വീണ്ടും മത്സരിക്കാനുള്ള താത്പര്യം വ്യക്തമാക്കി കെ മുരളീധരന്‍ എം പിയും രംഗത്തെത്തി. ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നാണ് മുരളീധരന്റെ നിലപാട്. തനിക്ക് നിലവിലെ മണ്ഡലത്തില്‍ തന്നെ മത്സരിക്കാനാണ് താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി. ആര് മത്സരിക്കണം ആര് മത്സരിക്കേണ്ട എന്ന് തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡ് ആണെന്ന് ടി എന്‍ പ്രതാപനുള്ള മറുപടിയായി മുരളീധരന്‍ പറഞ്ഞത്. വരുന്ന ലോക്‌സഭാ- നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്‍നിര്‍ത്തി കോണ്‍ഗ്രസില്‍ ഉരുണ്ടുകൂടുന്ന തര്‍ക്കങ്ങളാണ് ഇപ്പോള്‍ മറനീക്കി പുറത്തുവരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News